യുകെ സർക്കാരിന്റെ മുൻനിര അന്താരാഷ്ട്ര സ്കോളർഷിപ്പ്, ഫെല്ലോഷിപ്പുകളായ ഷെവെനിങിന് അപേക്ഷ തുടങ്ങി. യുകെയിലെ സർവകലാശാലകളിൽ നിന്നും ഒരു വർഷത്തെ മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനുള്ള സാമ്പത്തിക സഹായമാണ് ഷെവെനിങ് സ്കോളർഷിപ്പ് നൽകുന്നത്. പ്രൊഫഷണൽ ഡെവലപ്മെന്റ് കോഴ്സ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം ഫെല്ലോഷിപ്പിലൂടെ നടക്കും. ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 7 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിവരങ്ങൾക്ക് chevening.org സന്ദർശിക്കാം.
ബിരുദം പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഷെവെനിങ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. യുകെയിലെ മുൻനിര സ്ഥാപനങ്ങളിൽ നടക്കുന്ന 8-12 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമുകൾക്കാണ് ഷെവെനിങ് ഫെല്ലോഷിപ്പുകൾ. മിഡ്-ടു-സീനിയർ ലെവൽ പ്രൊഫഷണലുകൾക്കാണ് ഷെവെനിങ് ഫെല്ലോഷിപ്പ്. 1983 മുതൽ 3,900-ലധികം സ്കോളർമാർക്കും ഫെല്ലോകൾക്കും ഇത് പ്രയോജനം ചെയ്തെന്ന് കർണാടക, കേരളം എന്നിവിടങ്ങളിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ പറഞ്ഞു.
സർക്കാർ, നിയമ നിർമാണ, അക്കാദമിക്ക്, ഇൻഡസ്ട്രി എന്നിവിടങ്ങളിൽ നിന്നുള്ള സൈബർ പോളിസി, സെക്യൂരിറ്റി പ്രൊഫഷണലുകൾക്ക് ഷെവെനിങ് സൈബർ സെക്യൂരിറ്റി ഫെല്ലോഷിപ്പ് അപേക്ഷിക്കാം. ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയാണ് പ്രോഗാം നൽകുന്നത്. സർക്കാർ, സിവിൽ സൊസൈറ്റി, മെഡിക്കൽ, ബിസിനസ് മേഖലകളിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകളെ വളർത്തിയെടുക്കുകയാണ് ഷെവെനിങ് ഗുരുഗുൽ ഫെല്ലോഷിപ്പ് ഫോർ ലീഡർഷിപ്പ് ആൻഡ് എക്സലൻസിന്റെ ലക്ഷ്യം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് ഈ ഫെല്ലോഷിപ്പ് നൽകുന്നത്.
ശാസ്ത്രം, ടെക്നോളജി, ഇന്നോവേഷൻ, പബ്ലിക്ക് പോളിസി എന്നി മേഖലകളിലെ പ്രൊഫഷണലുകൾക്കുള്ളതാണ് ഷെവെനിങ് സയൻസ് ആൻഡ് ഇന്നൊവേഷൻ ലീഡർഷിപ്പ് ഫെല്ലോഷിപ്പ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് ഈ ഫെല്ലോഷിപ്പ് നൽകുന്നത്. പൊളിറ്റിക്കൽ, ഇക്കണോമിക്സ്, ബിസിനസ് റിപ്പോർട്ടിലുള്ള ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ പത്രപ്രവർത്തക്കാണ് ഷെവെനിങ് സൗത്ത് ഏഷ്യ ജേർണലിസം ഫെല്ലോഷിപ്പ്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിൻസ്റ്ററാണ് ഇത് നൽകുന്നത്.