• പരീക്ഷാഫലം വൈകിയതിനാല്‍ നഷ്ടമായത് 10വര്‍ഷം
  • 2, 3 സെമസ്റ്റുകളിലെ ഉത്തരകടലാസ് കണ്ടില്ലെന്നതാണ് കാരണം
  • തെറ്റുതിരുത്തി കാലിക്കറ്റ് സര്‍വകലാശാല

സർവകലാശാലയുടെ വീഴ്ചകൊണ്ട് പത്തുവർഷം നഷ്ടമായ ഫഹീമയ്ക്ക് ഉന്നത പഠനത്തിന് അവസരം ഒരുക്കി കാലിക്കറ്റ് സർവകലാശാല. സർവകലാശാല ക്യാംപസിൽ  എംഎസ് സി കെമിസ്ട്രിക്ക് ചേർന്നു പഠിക്കാൻ പ്രത്യേക ഉത്തരവിലൂടെ സീറ്റ് അനുവദിച്ചു.കാലിക്കറ്റ് സർവകലാശാല വിസിക്കും നീതി ആവശ്യപ്പെട്ട് വാർത്ത നൽകിയ മനോരമ ന്യൂസിനും ഫഹീമ നന്ദി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഫഹീമക്ക് 10 വർഷം നഷ്ടമാക്കിയത്. ഈ വീഴ്ച സ്വയം മനസിലാക്കിയാണ് ഫഹീമയ്ക്ക് ഈ വർഷം തന്നെ എംഎസ് സി കെമിസ്ട്രിക്കു പഠിക്കാൻ പ്രത്യേക ഉത്തരവിലൂടെ സീറ്റ് അനുവദിച്ചത്. പഠിച്ചു പാസായ സ്വന്തം സർട്ടിഫിക്കറ്റിന് വേണ്ടി സർവ്വകലാശാല കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു തീർന്ന ഫഹീമയുടെ വേദന ശരിക്കും മനസിലാക്കിയായിരുന്നു പ്രത്യേക ഉത്തരവ്.

മഞ്ചേരി യൂണിറ്റി കോളജിൽ നിന്ന് ബിഎസ് സി കെമിസ്ട്രി  പാസായ ഫഹീമയുടെ 2, 3 സെമസ്റ്ററുകളിലെ ഉത്തരകടലാസ് കാണാനില്ലെന്ന കാരണം പറഞ്ഞാണ് ഫലം 10 വർഷം തടഞ്ഞുവെച്ചത്. സിൻഡിക്കറ്റ് അംഗം ഡോ. റഷീദ് അഹമ്മദിന്റെ സഹായത്തോടെ വിസി ഡോ.പി.രവീന്ദ്രൻ മുൻകയ്യെടുത്തതോടെയാണ് വർഷങ്ങളോളം അപ്രത്യക്ഷമായ ഉത്തരകടലാസ് തിരികെ ലഭിച്ചതും ഫഹീമ ബിരുദ പഠനം ഉയർന്ന മാർക്കോടെ പാസായതും.

ENGLISH SUMMARY:

After a decade-long struggle due to missing answer sheets, Faheema has been granted a special MSc Chemistry seat at Calicut University. The university's initiative, following manorama news reports and syndicate intervention, aims to compensate for the lost years caused by administrative oversight.