കേരള എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ സർക്കാർ നടപടി റദ്ദാക്കിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റെന്ന് ഹൈക്കോടതി പറഞ്ഞു. മാർക്ക് ഏകീകരണം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് കോടതി വ്യക്തമാക്കിയത്
പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് ഡി.കെ.സിങ്ങിന്റേതാണ് ഉത്തരവ്. കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഉത്തരവിനെതിരെ അടിയന്തരമായി അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം.
പ്രവേശന പരീക്ഷ വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. വിദ്യാർഥികളുടെ നൻമയെ കരുതിയുള്ള തീരുമാനമാണ് സർക്കാർ ഈ വിഷയത്തിൽ എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന് മറ്റ് നിക്ഷിപ്ത താൽപര്യങ്ങളില്ല. മാർക്ക് ഏകീകരണ രീതിയിൽ 28 മാർക്ക് വരെ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടിരുന്നു. അതൊഴിവാക്കാനാണ് പുതിയ രീതി കൊണ്ടു വന്നതെന്നും മന്ത്രി പറഞ്ഞു.