vidyamritham-mammootty

പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷനൽ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മമ്മൂട്ടിതന്നെയാണ് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിദ്യാമൃതം 5 പദ്ധതിയുടെ ഉദ്ഘാടന വിവരം പങ്കുവച്ചത്. രാജ്ഭവനിൽ  നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉത്ഘാടനം ചെയ്തു. എം.ജി.എം  ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി

care-internatioal

എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്, കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള  എം.ജി.എം. ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുന്നതാണ് പദ്ധതി.  എംജിഎം ഗ്രൂപ്പിന്‍റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍   ജില്ലകളിലെ    എൻജിനീയറിങ്, പോളിടെക്‌നിക്, ഫാര്‍മസി, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ  വിവിധകോഴ്‌സുകളില്‍  പ്രവേശനത്തിനാണ് അവസരം. എസ്.എസ്.എല്‍.സിക്കും പ്ലസ്​ടുവിനും ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവര്‍, കാന്‍സര്‍ പോലുള്ള  രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍  തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാൻ സാധിക്കാത്തവർക്കാണ് വിദ്യാമൃതം-5 തുണയാകുന്നത്.  

മൂന്നു വര്‍ഷത്തിനിടെ  500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക്   തുടർപഠനത്തിന് അവസരമൊരുക്കിയതായി   കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ.മുരളീധരൻ  പറഞ്ഞു.  എസ്.എസ്.എല്‍.സിയുടെയും പ്ലസ്ടു വിന്റെയും മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാര്‍ത്ഥികള്‍ക്ക് എം.ജി.എം. ഗ്രൂപ്പിന്‍റെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും.

ചടങ്ങില്‍ എം.ജി.എം. ഗ്രൂപ്പ് ഓഫ് കോളേജസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.അഹിനസ്,  ചീഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തില്‍, നിധിന്‍ ചിറത്തിലാട്ട് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയിൽ പങ്കാളികൾ ആവനും കൂടുതൽ വിവരങ്ങൾക്കുമായി –994648 5111, 994648 4111 നമ്പറുകളിൽ  ബന്ധപ്പെടാം. 

ENGLISH SUMMARY:

Malayalam superstar Mammootty's Care and Share International Foundation has launched 'Vidyamrutham-5', a free education program in Thiruvananthapuram. This initiative aims to provide higher education opportunities for financially disadvantaged but meritorious students.