പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 4.41 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in,  എന്നീ വെബ്സൈറ്റുകളിലും പി.ആർ. ഡി ലൈവ് ആപ്പിലും ഫലം ലഭ്യമാകും. കഴിഞ്ഞ തവണ 78 ശതമാനം വിദ്യാർഥികൾ ഉന്നത പഠനത്തിന് അർഹത നേടിയിരുന്നു. മൊബൈല്‍ ആപ്പുകള്‍: SAPHALAM 2025, iExaMS- kerala, PRD Live 

അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ‍ ഇത്തവണയും മലബാറില്‍ സീറ്റ് ക്ഷാമം ഉറപ്പായി. സര്‍ക്കാര്‍ സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍  മലപ്പുറത്ത് മാത്രം 11,200 കുട്ടികള്‍ പുറത്ത് നില്‍ക്കേണ്ടി വരുമെന്നാണ് സൂചന.

ഏറ്റവും കൂടുതല്‍  അപേക്ഷകരുള്ളത് മലപ്പുറത്താണ്. 82,236 പേര്‍. നിലവിലുള്ള സീറ്റ് 71036 എണ്ണം. പ്രവേശനം കിട്ടാതെ പുറത്താകാന്‍ സാധ്യതയുള്ളത് 11,200 പേര്‍.  48056 പേര്‍ അപേക്ഷിച്ച കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്.   ഇവിടെയും 4914 വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കേണ്ടി വരും. 35725 സീറ്റുകളുള്ള   കണ്ണൂരില്‍  അപേക്ഷിച്ച 2140 പേര്‍ക്കും 18565 സീറ്റുള്ള കാസര്‍കോട് 1441 പേരും സീറ്റ് കിട്ടാനിടയില്ല. 

കഴിഞ്ഞവര്‍ഷത്തെ  സീറ്റിന്റ കണക്ക് വച്ച് നോക്കിയാല്‍ ഇക്കുറി മലബാറിലാകെ 19695 വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ വരും. ‌‌എസ് എസ് എല്‍ സിക്കാര്‍ക്ക് പുറമെ സി ബി എസ് ഇ , െഎസി എസ് ഇ സിലബസില്‍ പാസായവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ട്. അണ്‍ എയിഡഡ് സ്കൂളുകളിലെ സീറ്റ് കൂടി ചേര്‍ത്താണ് മൊത്തം സീറ്റും കണക്കാക്കിയിരിക്കുന്നത് അതിർത്തിയോടു ചേർന്നുള്ള സ്കൂളുകളിൽ സമീപജില്ലകളിലെ വിദ്യാർഥികളും അപേക്ഷിക്കുമ്പോള്‍ സീറ്റ് ക്ഷാമം രൂക്ഷമാകും.



ENGLISH SUMMARY:

The Plus Two exam results will be announced today. Education Minister V. Sivankutty will officially declare the results at 3 PM. A total of 4.41 lakh students appeared for the exam.