മൂന്നാം ബലാൽസംഗ കേസിൽ ജാമ്യം ലഭിച്ച പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ ജയില്‍മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
Also Read: രാഹുലിന്‍റെ അറസ്റ്റില്‍ നടപടി ക്രമം പാലിച്ചില്ല; പരാതിക്കാരി മൊഴി നല്‍കാന്‍ വൈകി; കോടതി
ബലാത്സംഗം അല്ലെന്നും അവിഹിതബന്ധം ആണ് എന്നുമായിരുന്നു പ്രതിഭാഗം പ്രധാനമായി ഉന്നയിച്ച വാദം. വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ തെളിവുകൾ പരിഗണിച്ചും പ്രതിയുമായുള്ള തെളിവെടുപ്പുകൾ പൂർത്തിയായതും കണക്കിലെടുത്താണ് ജാമ്യം എന്ന് സൂചന. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ ഇന്നു തന്നെ രാഹുലിനു പുറത്തിറങ്ങാനായി. മാവേലിക്കര സബ്ജയിലിൽ റിമാൻഡിലായിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടേ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പൊലീസ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത്
അതേസമയം, എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗ കേസിൽ പരാമർശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള കാര്യങ്ങള്‍ ഗൗരവകരമാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. മാർച്ച് 17ന് പാലക്കാട് എത്തിയപ്പോൾ രാഹുൽ ബലം പ്രയോഗിച്ചുവെന്നും, കുട്ടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണെന്നും എഫ്ഐആറിൽ ഉണ്ട്. വാട്സ്ആപ്പ് ചാറ്റുകളും അതിന് തെളിവാണ്. ഗർഭഛിദ്രത്തിന് അതിജീവിതയ്ക്ക് താൽപര്യമില്ലാഞ്ഞിട്ടും വിഡിയോ കോളിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നതും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുൽ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ നിയമപരമായി എന്താണ് തെറ്റെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു. അവിവാഹിതനായതിനാൽ ധാർമികമായും തെറ്റില്ലെന്നും കോടതി പറഞ്ഞു. രാഹുൽ എംഎൽഎയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതുവരെ അക്കാര്യത്തിൽ 36 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വാദം പൂർത്തിയായതോടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി.