US President Donald Trump waves as he walks from Marine One after arriving on the South Lawn of the White House, Tuesday, Jan. 27, 2026, in Washington. (AP Photo/Alex Brandon)
ഉടന്‍ ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ആക്രമണം മുന്‍പിലത്തേതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് ഓപ്പറേഷന്‍ മിഡനൈറ്റ് ഹാര്‍മര്‍ ഓര്‍മിപ്പിച്ചു കൊണ്ട് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഭീഷണിയുടെ അന്തരീക്ഷത്തില്‍ ചര്‍ച്ച സാധ്യമല്ലെന്നാണ് ഇറാന്‍റെ നിലപാട്. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തിന്‍റെ പേരായിരുന്നു ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍.
അര്‍മാഡയെ പറ്റി സൂചിപ്പിച്ചുകൊണ്ടാണ് ട്രംപിന്‍റെ വാക്കുകള്‍. ആവശ്യമെങ്കിൽ അതിവേഗത്തിലും പ്രഹരശേഷിയോടും കൂടി ദൗത്യം അതിവേഗം പൂർത്തിയാക്കാൻ കപ്പൽപ്പട സന്നദ്ധവും പ്രാപ്തവുമാണെന്നും ട്രപ് വ്യക്തമാക്കി.
''കപ്പല്‍പ്പട ഇറാനെലക്ഷ്യമിട്ട് നീങ്ങുകയാണ്. കരുത്തോടെ കൃത്യമായ ലക്ഷ്യത്തോടെ വേഗത്തിലാണിത് പോയികൊണ്ടിരിക്കുന്നത്. വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയൊരു കപ്പൽപ്പടയാണിത്. എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലാണിതിനെ നയിക്കുന്നത്. വെനസ്വേലയിലെന്നപോലെ വേഗത്തില്‍ പ്രഹരശേഷിയോടെ ദൗത്യം പൂർത്തിയാക്കാൻ ഇത് പ്രാപ്തമാണ്'' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയത്.
അതേസമയം ചര്‍ച്ചകളുടെ സാധ്യത ഇറാന്‍ തളളി. സൈനിക ഭീഷണിക്കൊപ്പമുള്ള നയതന്ത്രം ഫലപ്രദമാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു. എല്ലാ കക്ഷികള്‍ക്കും ഗുണകരമാകുന്ന രീതിയിലായിരിക്കണം കരാറെന്നും ആണവായുധങ്ങള്‍ പാടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച വേണമെങ്കില്‍ ഭീഷണിയും യുക്തിരഹിതമായ ആവശ്യങ്ങളും നിര്‍ത്തണമെന്നാണ് ഇറാന്‍റെ മറുപടി. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി കൂടുതല്‍ ശക്തമായി.
ഇറാനെതിരെ അയല്‍രാജ്യങ്ങളുടെ മണ്ണോ ആകാശമോ ജലപാതയോ ഉപയോഗിച്ചാല്‍ അവരെ ശത്രുക്കളായി കണക്കാക്കുമെന്ന് ഐആർജിസി കമാൻഡർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസങ്ങളില്‍ ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇയും സൗദിയും വ്യക്തമാക്കിയിരുന്നു.