വിദ്യാഭ്യാസമേഖലയിലെ സാങ്കേതികതയിൽ നാം മുന്നേറണമെന്നു ടി.പി.ശ്രീനിവാസൻ. തിരുവല്ല മാർത്തോമ്മാ കോളജിലെ നവീകരിച്ച ഓഡിറ്റോറിയം സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോളജുകളിലെ പ്രിൻസിപ്പൽമാർ പോലും കംപ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയിട്ടു എത്ര നാളായി.ഓപ്പൺ ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നതിനും നാം ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. കോളജ് അധ്യാപകർക്കു നല്ല അധ്യാപക പരിശീലനം നൽകേണ്ടതുണ്ട്. അതിനായി മാത്രം ഒരു സർവകലാശാല കേരളത്തിലില്ല,' ശ്രീനിവാസന് പറഞ്ഞു
വേരാർന്ന വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ തുറന്ന മനസ്സുള്ളവരായി മാറുകയുള്ളുവെന്ന് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പറഞ്ഞു. 'അവർക്കു മാത്രമേ കാലഘട്ടത്തിന്റെ തുടിപ്പ് ഉൾക്കൊള്ളാൻ കഴിയുകയുള്ളു. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖല വലിയ കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. എതിർത്തവർ തന്നെ ഇതാണു ശരിയെന്നു പിന്നീട് പറയേണ്ടിവരുന്ന കാലനീതിയാണു നാം ഇന്നു കാണുന്നത്. ആരു പറയുന്നു എന്നു നോക്കിയാണ് ഇന്ന് എതിർപ്പുകൾ ഉണ്ടാകുന്നത്. എന്തു പറഞ്ഞു എന്നത് ഉൾക്കൊള്ളാൻ പലരും തയാറാകുന്നില്ല,' അദ്ദേഹം പറഞ്ഞു.