NewProject-22-

ആർത്തവവിരാമം (മെനോപോസ്) അടുത്തുവരുമ്പോൾ സ്ത്രീകളിൽ മസ്തിഷ്ക മങ്ങൽ (ബ്രെയിൻ ഫോഗ്), ശരീരത്തിൽ ചൂട് അനുഭവപ്പെടൽ (ഹോട്ട് ഫ്ലാഷുകൾ), മാനസികാവസ്ഥയിലെ വലിയ മാറ്റങ്ങൾ എന്നിവ സാധാരണമാണ്. എന്നാൽ പല സ്ത്രീകളും തിരിച്ചറിയാതെ പോകുന്ന മറ്റൊരു പ്രധാന മാറ്റമാണ് ചർമത്തിൽ സംഭവിക്കുന്നത്.

പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ചർമം വരണ്ടതാകുക, അമിതമായി എണ്ണമയം അനുഭവപ്പെടുക, മുഖക്കുരു പ്രത്യക്ഷപ്പെടുക, ചർമത്തിൽ അസാധാരണമായ അസ്വസ്ഥതകൾ ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഈ അവസ്ഥയാണ് 'പെരിമെനോപോസ് സ്കിൻ' എന്ന് അറിയപ്പെടുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പെരിമെനോപോസ് മെനോപോസിന് രണ്ട് മുതൽ പത്ത് വർഷം മുൻപ് ആരംഭിക്കാം. ഈ ഘട്ടത്തിൽ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ അളവിൽ സ്ഥിരതയില്ലാത്ത ഉയർച്ച-താഴ്ചകൾ സംഭവിക്കുന്നതാണ് ശരീരത്തിലും ചർമത്തിലും നിരവധി മാറ്റങ്ങൾക്ക് കാരണമാകുന്നത്. യവാന സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിന്റെ സ്ഥാപകയും ഡയറക്ടറുമായ ഡോ. മാധുരി അഗർവാൾ പറയുന്നതനുസരിച്ച്, മുപ്പതുകളുടെ അവസാനഘട്ടത്തിലുള്ള ഒട്ടേറെ സ്ത്രീകൾ വ്യക്തമായ കാരണമൊന്നുമില്ലാതെ ചർമത്തിൽ മാറ്റങ്ങൾ അനുഭവപ്പെടുന്നതായി പരാതിപ്പെട്ട് ചികിത്സ തേടുന്നുണ്ട്.

NewProject-24-

പലരും സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ മാറ്റുകയോ ഭക്ഷണക്രമം പരിഷ്കരിക്കുകയോ ചെയ്യുമ്പോഴും യഥാർഥ കാരണം ഹോർമോൺ വ്യതിയാനങ്ങളാകാമെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല എന്നാണ്.

പെരിമെനോപോസ് കാലത്ത് ചർമത്തിൽ എന്താണ് സംഭവിക്കുന്നത്?

NewProject-23-

ഡോ. കിരൺ സേഥിയുടെ വിശദീകരണപ്രകാരം, പെരിമെനോപോസ് ഒരു ക്രമാനുഗതമായ മാറ്റമല്ല. ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുടെ അളവിൽ അപ്രതീക്ഷിതമായ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനാൽ ചർമത്തിന്റെ സ്വഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കും. ചില ദിവസങ്ങളിൽ അമിത എണ്ണമയം അനുഭവപ്പെടുമ്പോൾ, അടുത്ത ആഴ്ച തന്നെ ചർമം വരണ്ടതാകാനും സാധ്യതയുണ്ട്.

പ്രധാന ലക്ഷണങ്ങൾ

കടുത്ത വരൾച്ച: സാധാരണ മോയ്സ്ചറൈസറുകൾ ഉപയോഗിച്ചാലും മാറാത്ത തരത്തിലുള്ള ചർമവരൾച്ച. ഹൈയാലുറോണിക് ആസിഡിന്റെയും സെറാമൈഡുകളുടെയും ഉൽപ്പാദനം കുറയുന്നതാണ് പ്രധാന കാരണം.

ചർമത്തിന്റെ അമിത സെൻസിറ്റിവിറ്റി: വർഷങ്ങളായി ഉപയോഗിച്ചിരുന്ന ക്രീമുകൾ പോലും പെട്ടെന്ന് ചർമത്തിൽ കത്തുന്നതുപോലുള്ള അസ്വസ്ഥതയോ ചുവപ്പോ ഉണ്ടാക്കാം.

പ്രായപൂർത്തിയായ ശേഷമുള്ള മുഖക്കുരു: താടിയിലും കഴുത്തിന് ചുറ്റുമായി വേദനയുള്ള ഹോർമോൺ മുഖക്കുരുകൾ പ്രത്യക്ഷപ്പെടാം. ആൻഡ്രജൻ ഹോർമോണുകളുടെ സ്വാധീനമാണ് ഇതിന് കാരണം.

ചൊറിച്ചിലും ഇഴയുന്നതുപോലുള്ള അനുഭവവും: ചർമത്തിനടിയിൽ ഉറുമ്പുകൾ ഇഴയുന്നതുപോലെയോ ശക്തമായ ചൊറിച്ചിലോ അനുഭവപ്പെടാം.

എങ്ങനെ തിരിച്ചറിയാം? പെരിമെനോപോസ് മൂലമുള്ള ചർമമാറ്റങ്ങൾ എക്സിമ, ഡെർമറ്റൈറ്റിസ്, തൈറോയ്ഡ് രോഗങ്ങൾ, റോസേഷ്യ എന്നിവയുമായി സാമ്യമുള്ളതാകാം. അതിനാൽ സ്വയം ചികിത്സ നടത്തുന്നതിനുപകരം ഡെർമറ്റോളജിസ്റ്റിന്റെ പരിശോധന നിർബന്ധമായും തേടണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ചർമസംരക്ഷണം എങ്ങനെ?

വിദഗ്ധർ നിർദേശിക്കുന്നത് സൗമ്യമായ ക്ലെൻസർ, മോയ്സ്ചറൈസർ, സെറാമൈഡുകൾ, ഹൈയാലുറോണിക് ആസിഡ്, പെപ്റ്റൈഡുകൾ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, സൺസ്ക്രീൻ എന്നിവ ഉൾപ്പെടുത്തിയ ചർമസംരക്ഷണ രീതിയാണ്. അമിത എക്സ്ഫോളിയേഷൻ, ഒരേസമയം നിരവധി ആക്ടീവ് ഘടകങ്ങളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കൽ, നിരന്തരം ഉൽപ്പന്നങ്ങൾ മാറ്റുന്നത് എന്നിവ ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു.

എല്ലാ സ്ത്രീകൾക്കും ഈ മാറ്റങ്ങൾ ഉണ്ടാകുമോ?

ഹോർമോൺ വ്യതിയാനങ്ങൾ എല്ലാ സ്ത്രീകളിലും സംഭവിക്കുമെങ്കിലും, അതിന്റെ ചർമത്തിലെ പ്രതിഫലനം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ജനിതക ഘടകങ്ങൾ, നിലവിലെ ചർമാരോഗ്യം, പുകവലി, മാനസിക സമ്മർദം, ഉറക്കക്കുറവ് എന്നിവയും ഈ മാറ്റങ്ങളുടെ തീവ്രതയെ സ്വാധീനിക്കും.

പെരിമെനോപോസ് ഒരു സൗന്ദര്യപ്രശ്നമല്ല, മറിച്ച് ശരീരത്തിലെ സ്വാഭാവിക ജൈവമാറ്റത്തിന്റെ ഭാഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ നേരത്തേ രോഗനിർണയം നടത്തുകയും ഡെർമറ്റോളജിസ്റ്റിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും സംയോജിത പരിചരണം തേടുകയും ചെയ്യുന്നത് ഈ ഘട്ടം കൂടുതൽ ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ സഹായിക്കും

ENGLISH SUMMARY:

Perimenopause skin changes are a common yet often overlooked aspect of the transition to menopause. These alterations, driven by fluctuating hormones, can manifest as dryness, oiliness, acne, and increased sensitivity, requiring specific skincare approaches.