beautyreveal

ആകർഷണീയത അല്ലെങ്കിൽ സൗന്ദര്യം കൂടുതൽ പുരുഷന്മാര്‍ക്കോ അതോ സ്ത്രീകള്‍ക്കോ ? ഏറെക്കാലമായുള്ള ഒരു ചർച്ചയാണിത്. മൃഗങ്ങളുടെ കാര്യമെടുത്താൽ കാണാൻ കൂടുതൽ ഭംഗിയുള്ളത് ആണ്‍വർഗത്തിനാണെന്ന് പറയാറുണ്ട്. എങ്കിലും ഇതിനു കൃത്യമായൊരു ശാസ്ത്രീയ പിന്തുണ കിട്ടിയിട്ടില്ല. എന്നാൽ, അടുത്തിടെ ഫിൻലാന്റിലെ ഹെൽസിങ്കി സർവ്വകലാശാല ശാസ്ത്രജ്ഞർ ലോകമെമ്പാടുമുള്ള രണ്ട് ലക്ഷത്തിലധികം സ്ത്രീ പുരുഷന്മാരിൽ നടത്തിയ ഒരു പഠനമനുസരിച്ച് മനുഷ്യവർഗത്തിൽ പുരുഷന്മാരേക്കാൾ സൗന്ദര്യം സ്ത്രീക്കാണെന്നാണ്. 

റോയൽ സൊസൈറ്റി ജേണലായ പ്രൊസീഡിംഗ്സ് ഓഫ് ദി റോയൽ സൊസൈറ്റി ബിയിൽ പ്രസിദ്ധീകരിച്ച ദി ജെൻഡർ അട്രാക്റ്റീവ്‌നെസ് ഗ്യാപ് എന്ന സമീപകാല പഠനമാണ് വത്യസ്ത രാജ്യങ്ങളിലെ സ്ത്രീ പുരുഷന്മാരുടെ ശാരീരിക സവിശേഷതകളും മുഖഭാവങ്ങളും വിലയിരുത്തി പരിണാമ മനശാസ്ത്രം, ജനിതകശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തിൽ ഈ വിപുലമായ ഗവേഷണം നടന്നത്. ഭൂമിശാസ്ത്രപരമായ അതിരുകളോ സാംസ്കാരികമായ വ്യത്യാസങ്ങളോ ഇല്ലാതെ സ്ത്രീകളുടെ സൗന്ദര്യത്തിനും ആകർഷണീയതയ്ക്കും ആഗോളതലത്തിൽ ഒരേ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് ഇതിൽ പറയുന്നു. മാത്രമല്ല, ഒരു ശരാശരി സ്ത്രീ മുഖം പുരുഷമുഖത്തേക്കാള്‍ 60% കൂടുതല്‍  ആകർഷകമാണെന്നും പഠനം കണ്ടെത്തി.

മനുഷ്യ പരിണാമത്തിന്‍റെ ചരിത്രവും ജൈവികമായ ആവശ്യങ്ങളുമാണ് ഇതിന് പ്രധാന കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. അതായത്, പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും പ്രത്യുൽപാദനം നടത്തുന്നതിലും സ്ത്രീകളുടെ ശാരീരിക ആകർഷണീയതയ്ക്ക് ജനിതകമായി തന്നെ വലിയ പ്രാധാന്യമുണ്ട്. പഠനമനുസരിച്ച്, ചർമ്മത്തിന്‍റെ മൃദുത്വം, പ്രായക്കുറവ് തോന്നിക്കുന്ന മുഖഭാവങ്ങൾ, മുഖത്തിന്‍റെ കൃത്യമായ അളവുകൾ എന്നിവയാണ് സ്ത്രീകളെ കൂടുതൽ ആകർഷകമാക്കുന്ന പ്രധാന ഘടകങ്ങൾ. 

അതേസമയം, പുരുഷന്മാരിലെ ആകർഷണീയത പലപ്പോഴും അവരുടെ കരുത്ത്, ആരോഗ്യം, സാമൂഹിക സാമ്പത്തിക പദവി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, സ്ത്രീകളിൽ അത് അവരുടെ സ്വാഭാവികമായ ബാഹ്യസൗന്ദര്യത്തിലാണ് കൂടുതൽ പ്രകടമാകുന്നത്. ഇതുകൂടാതെ, കാലഘട്ടങ്ങൾക്കനുസരിച്ച് പുരുഷന്മാരുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, സ്ത്രീകളുടെ ചില അടിസ്ഥാന ശാരീരിക സവിശേഷതകളോടുള്ള ആകർഷണം എല്ലാ കാലത്തും എല്ലാ സംസ്കാരങ്ങളിലും ഒരേപോലെ നിലനിൽക്കുന്നുണ്ടെന്നും പഠനം അടിവരയിടുന്നു‌. 

 

 

ENGLISH SUMMARY:

Female beauty is globally recognized as more attractive than male beauty, with a recent study finding an average female face to be 60% more appealing than a male face. This difference is attributed to evolutionary psychology and genetic factors, with female physical attributes playing a crucial role in mate selection and reproduction.