മുടി കൊഴിച്ചിൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക കാരണങ്ങൾ എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്. അവയ്ക്കൊപ്പം നാം കഴിക്കുന്ന ആഹാരത്തിനും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുണ്ട്.

മനുഷ്യ ശരീരത്തിലെ മുടി നിർമ്മിക്കപ്പെട്ടിരിക്കുന്നത് പോഷകങ്ങൾ കൊണ്ടാണ്. അതിനാൽ ഭക്ഷണത്തിൽ പോഷകക്കുറവുണ്ടായാൽ അത് ആദ്യം ബാധിക്കുന്നത് മുടിയെയാണ്. ഇവിടെയാണ് സോയ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളുടെ പ്രാധാന്യം. സസ്യ പ്രോട്ടീൻ, ഇരുമ്പ് (Iron), മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ സോയ വിഭവങ്ങള്‍ മുടിക്ക് ഉള്ളിൽ നിന്ന് കരുത്ത് നൽകുന്നു. അതുകൊണ്ട് മുടി വളര്‍ത്താന്‍ വിലകൂടിയ ചികിത്സകളിലേക്ക് കടക്കുന്നതിന് മുൻപ് നമ്മുടെ ഭക്ഷണക്രമം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന 5 ലളിതമായ സോയ വിഭവങ്ങൾ താഴെ പറയുന്നവയാണ്:

1. ടോഫു (Tofu)  

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള ഒന്നാണ് ടോഫു. സോയാപാൽ ഉപയോഗിച്ചുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണിത്. കാഴ്ചയിൽ പനീർ പോലെ ഇരിക്കുമെങ്കിലും ഇതിന്റെ നിർമ്മാണവും ഗുണങ്ങളും വ്യത്യസ്തമാണ്. തിളപ്പിച്ച സോയാപാൽ കട്ടയാക്കിയ ശേഷം (Coagulation) അതിലെ വെള്ളം നീക്കം ചെയ്ത് പ്രത്യേക ബ്ലോക്കുകളായി അടിച്ചെടുത്താണ് ടോഫു നിർമ്മിക്കുന്നത്. പനീർ, പാലിൽ നിന്ന് ഉണ്ടാക്കുമ്പോൾ ടോഫു പൂർണ്ണമായും സസ്യജന്യമാണ്.

മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ (Keratin) ഒരു തരം പ്രോട്ടീനാണ്. പ്രോട്ടീന്റെ അളവ് കുറയുമ്പോൾ ശരീരം മുടിയെക്കാൾ പ്രാധാന്യം മറ്റ് അവയവങ്ങൾക്ക് നൽകുന്നു. ഇത് മുടി വളർച്ചയെ ബാധിക്കും. ടോഫു ഈ പ്രോട്ടീൻ കുറവ് പരിഹരിക്കാൻ സഹായിക്കുന്നു. ഇതിലെ ഇരുമ്പും കാൽസ്യവും തലയോട്ടിയുടെ ആരോഗ്യത്തിനും മുടിക്ക് കരുത്ത് നൽകാനും ഉത്തമമാണ്.

2. സോയ പാൽ (Soy Milk)

സോയ ബീൻസിൽ നിന്ന് നിർമ്മിക്കുന്ന പോഷകസമ്പന്നമായ ഒരു പാനീയമാണ് സോയ പാൽ (Soya Milk). പശുവിൻ പാലിന് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സസ്യജന്യ പാനീയങ്ങളിൽ ഒന്നാണിത്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും അമിനോ ആസിഡുകളും മുടി പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കുന്നു. വിറ്റാമിൻ ബി12, ഡി എന്നിവ അടങ്ങിയ സോയ പാൽ കുടിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

3. എഡാമേം (Edamame)

വിളയുന്നതിന് മുൻപ് തന്നെ പറിച്ചെടുക്കുന്ന ഇളം സോയ ബീൻസുകളെയാണ് എഡാമേം എന്ന് വിളിക്കുന്നത്. സാധാരണയായി ഇവ തൊണ്ടോടു കൂടിയാണ് കാണപ്പെടുന്നത്. ജാപ്പനീസ് പാചകരീതിയിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത് എങ്കിലും ഇന്ന് ലോകമെമ്പാടും ഇതൊരു പോഷകസമ്പന്നമായ ലഘുഭക്ഷണമായി (Snack) അറിയപ്പെടുന്നു. ഇതിൽ പ്രോട്ടീൻ, ഇരുമ്പ്, ഫോളേറ്റ്, നല്ല കൊഴുപ്പുകൾ എന്നിവ ധാരാളമുണ്ട്. സ്ത്രീകൾക്കിടയിലെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമായ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പുഴുങ്ങുകയോ ആവിയിൽ വേവിക്കുകയോ ചെയ്ത് എഡാമേം കഴിക്കാവുന്നതാണ്.

4. സോയ നട്സ് (Soy Nuts)

വറുത്ത സോയാബീനുകളാണിവ. മുടിയുടെ കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് സഹായിക്കുന്ന സിങ്ക് (Zinc) ഇതിൽ ധാരാളമുണ്ട്. സിങ്കിന്റെ കുറവ് മുടി ദുർബലമാകാനും പൊട്ടിപ്പോകാനും കാരണമാകും. യാത്രകളിലോ ഓഫിസിലോ കൊണ്ടുപോകാൻ പറ്റിയ മികച്ചൊരു സ്നാക് ആണിത്.

5. ടെമ്പെ (Tempeh)

പുളിപ്പിച്ച (Fermented) സോയാബീനുകളിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. ഇത് ദഹിക്കാൻ എളുപ്പമാണ് എന്ന് മാത്രമല്ല, ഇതിലെ പ്രോബയോട്ടിക്സ് ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദഹനം ശരിയായാൽ മാത്രമേ പോഷകങ്ങൾ ശരീരത്തിന് കൃത്യമായി ആഗിരണം ചെയ്യാൻ കഴിയൂ, ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.

സോയ ഉൽപ്പന്നങ്ങൾ ശരിക്കും മുടി വളരാൻ സഹായിക്കുമോ?

അതെ, പക്ഷേ അത് സ്വാഭാവികമായ രീതിയിൽ മാത്രമേ നടക്കൂ. സോയ കഴിച്ചത് കൊണ്ട് ഒറ്റരാത്രികൊണ്ട് മുടി വളരില്ല. എന്നാൽ മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകി അതിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താൻ ഇതിന് സാധിക്കും. കുറഞ്ഞത് കുറച്ച് മാസങ്ങളെങ്കിലും കൃത്യമായ ഭക്ഷണക്രമം പാലിച്ചാൽ മാത്രമേ മാറ്റം ശ്രദ്ധയിൽപ്പെടൂ. ശ്രദ്ധിക്കുക, മുടി കൊഴിച്ചിൽ വളരെ കൂടുതലാണെങ്കിൽ അതിന് പിന്നിൽ ഹോർമോൺ പ്രശ്നങ്ങളോ തൈറോയ്ഡ് പോലുള്ള മറ്റ് ആരോഗ്യ കാരണങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഭക്ഷണം മാത്രം എല്ലാത്തിനും പരിഹാരമാകണമെന്നില്ല.

Soy Foods for Stronger Hair:

Soy-based foods can significantly aid in hair growth by providing essential nutrients. Incorporating dishes like tofu, soy milk, edamame, soy nuts, and tempeh into your diet can strengthen hair from within and combat issues like hair loss