AI generated Image
സുന്ദരമായതും ആരോഗ്യമുള്ളതുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. സ്വാഭാവികമായി മാത്രമല്ല മേക്കപ്പ് ഇട്ടു കഴിഞ്ഞാലും അത്തരത്തിലുള്ള ചര്‍മം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വിലകൂടിയ ഫൗണ്ടേഷനുകൾ, ബ്യൂട്ടി ബ്ലെൻഡറുകൾ, പ്രൈമറുകൾ, സെറ്റിംഗ് സ്പ്രേകൾ എന്നിവയൊക്കെ ഉപയോഗിച്ചാലും ചര്‍മത്തിന് ആരോഗ്യകരമായ സൗന്ദര്യം ഉണ്ടായില്ലെങ്കില്‍ പിന്നെ എന്തുചെയ്യും?.
ഒരു പക്ഷേ പ്രശ്നം ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടേതായിരിക്കണമെന്നില്ല. അതിന് മുന്‍പ് ചര്‍മത്തില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടേതായിരിക്കാം. എന്നാല്‍ അതിനും ഒരു പരിഹാരം ഉണ്ട്.
നമ്മളില്‍ പലരും മേക്കപ്പിന് മുന്നേയാണ് മോയ്‌സ്ചറൈസർ ഉപയോഗിക്കുന്നത്. മോയ്‌സ്ചറൈസർ മുഖത്ത് പുരട്ടി വേഗത്തില്‍ കളയുന്നതിന് പകരം കട്ടിയുള്ള ഒരു പാളിയായി പുരട്ടുക. അങ്ങിനെയാണെങ്കില്‍ ഇത് ചര്‍മത്തിന് പൂര്‍ണ്ണമായി ആഗിരണം ചെയ്യാന്‍ കഴിയും. മേക്കപ്പ് ഇടുന്നതിന് മുന്നേ മുഖത്തിന് ജലാംശം നല്‍കാന്‍ ഇതിലൂടെ സാധിക്കും. ചര്‍മത്തിന് ഈർപ്പം നിലനിര്‍ത്തുന്നത് വളരെ പ്രധാനമായൊരു കാര്യമാണ്.
ചര്‍മം മൃദുവായും ആരോഗ്യത്തോടെയും നിലനിര്‍ത്താനും ഡ്രൈനെസ് ഒഴിവാക്കാനും ശരീരത്തില്‍ ഈര്‍പ്പം അത്യാവശ്യമാണ്. ചര്‍മത്തിൽ ആവശ്യത്തിന് ഈർപ്പം ഉള്ളപ്പോൾ അതിന് രോഗാണുക്കളെയും മറ്റും അകറ്റി നിര്‍ത്താന്‍ കഴിയും. ഈർപ്പം ചുളിവുകൾ കുറയ്ക്കാനും ചര്‍മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കാനും സഹായിക്കുന്നു.
ചര്‍മത്തിന് ആവശ്യത്തിന് ഈർപ്പം ഇല്ലാതിരിക്കുകയും വരണ്ടതായിരിക്കുകയുമാണെങ്കില്‍ അത് ചര്‍മത്തെ വളരെ പെട്ടന്ന് വാര്‍ധക്യത്തിലേക്ക് നയിക്കും. ഇനി മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ആണെങ്കില്‍ ജലാംശം കൂടിയാല്‍ ചര്‍മത്തില്‍ മൃദുവായ പ്രതലം സൃഷ്ടിക്കപ്പെടും.
ഫൗണ്ടേഷനും കൺസീലറും പാടുകൾ ഇല്ലാതെ എളുപ്പത്തിൽ ലയിക്കാൻ സഹായിക്കുന്നു. അതേസമയം ചര്‍മം വരണ്ടിരിക്കുകയാണെങ്കില്‍ മേക്കപ്പ് പല ഭാഗങ്ങളിലായി അസമമായ രീതിയില്‍ കാണപ്പെടും. മാത്രമല്ല ചര്‍മത്തില്‍ കൂടുതല്‍ സമയം നില്‍ക്കുകയുമില്ല. ഈര്‍പ്പമുള്ള ചര്‍മത്തില്‍ മേക്കപ്പിട്ടാല്‍ അത് സ്വാഭാവികമായി കാണപ്പെടും.