ആനവണ്ടിയും ആനത്താരയും അതിരുകടന്ന് മലമുകളിലേക്ക് ഒഴുകിയെത്തുന്ന ശരണം വിളിയും. അയ്യപ്പനോട് സങ്കടം പറയാനെത്തുന്ന സ്വാമിമാർക്ക് അതിര് കാത്ത് ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നത് ആനവണ്ടിയാണ്. ഇത്തവണയും സ്വാമിമാരുടെ അണമുറിയാ പ്രവാഹത്തിന് വഴിയൊരുക്കാൻ കൃത്യമായ ക്രമീകരണങ്ങളുമായി കെ.എസ്.ആർ.ടി.സി പമ്പ ഡിപ്പോ.
അതിരുകൾ കടന്ന് അതിവേഗം സ്വാമിമാരുമായി പായുന്ന ആനവണ്ടി. പാതയിൽ സ്വാമിമാർ വഴിപിരിയാതെ നോക്കി ഒരേയൊരു ലക്ഷ്യവുമായി നീങ്ങുമ്പോൾ ഇവിടെ വഴിപിരിഞ്ഞ് ചുരവും തടാകവും, കാനന പാതയും അതിർത്തിയും കടന്നുള്ള ആനവണ്ടിയുടെ യാത്ര നീളുകയാണ്.
നിലയ്ക്കൽ പമ്പ വരെ നീളുന്ന കണ്ണിമുറിയാ സർവീസും ദീർഘദൂര ഓട്ടത്തിന് തയാറെടുത്ത് നിൽക്കുന്ന കുമളിയും, കോട്ടയവും, തിരുവനന്തപുരവും ബോർഡ് പതിപ്പിച്ച വണ്ടികളും. ആദ്യഘട്ടത്തിൽ അഞ്ഞൂറിനോട് അടുത്തുള്ള സർവീസുകൾ പമ്പ കേന്ദ്രീകരിച്ച് സ്വാമിമാരുടെ വരവും മടക്കവും ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്.
സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പമ്പ ത്രിവേണി ചെയിൻ സർവീസായി രണ്ട് ബസുകളുണ്ട്. പ്രധാന ഇടത്താവളമായ നിലയ്ക്കലിലാണ് കെ എസ് ആർ ടി സി യുടെ പ്രത്യേക ശ്രദ്ധ. സന്നിധാനം ലക്ഷ്യമാക്കി എത്തുന്നവരെ അതിവേഗം പമ്പയിലേക്ക് വഴിയൊരുക്കണം. ദർശനം കഴിഞ്ഞ് മടങ്ങുന്നവർക്ക് വീടുപിടിക്കാനും വണ്ടി വേണം. പരാതിരഹിത തീർഥാടനത്തിന് ആനവണ്ടിയുടെ തലപ്പൊക്കം തയാറാണ്. തിരക്കുയരുന്നതിന് അനുസരിച്ച് ഇനിയും ബന്ധുകളുടെ പമ്പയിലേക്കുള്ള വരവ് കൂടി കൊണ്ടേയിരിക്കും.