ശബരിമല തീർഥാടനത്തിനെത്തുന്ന പെണ്‍കുഞ്ഞുങ്ങളെ പമ്പയില്‍ വീണ്ടും തടഞ്ഞു നിര്‍ത്തി ആധാര്‍ പരിശോധിച്ച് പൊലീസ്. വെര്‍ച്വല്‍ ക്യൂ രസീത് സ്കാന്‍ ചെയ്ത് മലകയറാന്‍ എത്തുമ്പോഴുള്ള രണ്ടാം പരിശോധന കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കുന്നു എന്നാണ് പരാതി. പ്രായം പരിശോധിക്കാന്‍ നിര്‍ദേശമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ദേവസ്വം ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ ജനനത്തീയതിയും ആധാര്‍ നമ്പരും നല്‍കിയാണ് ദര്‍ശനം ബുക്ക് ചെയ്യുന്നത്. ദര്‍ശനം ദിവസം പത്ത് വയസെത്തിയാല്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല. ഇത്തരത്തില്‍ ബുക്ക് ചെയ്ത് പമ്പയിലെത്തി വെര്‍ച്വല്‍ ക്യൂ രസീത് സ്കാനിങ്ങും കഴിഞ്ഞ് മലകയറാന്‍ എത്തുമ്പോഴാണ് വനിതാ പൊലീസെത്തി ആധാര്‍ ചോദിക്കുന്നത്. ഇരുമുടിയുമെടുത്ത് മലകയറുന്നതിന് തൊട്ടുമുന്‍പുള്ള ചോദ്യം ചെയ്യല്‍ കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസികപ്രയാസം ഉണ്ടാക്കുന്നു എന്നാണ് പരാതി.

ചില വനിതാപൊലീസുകാരുടെ പെരുമാറ്റത്തിലും വിമര്‍ശനമുണ്ട്. സംശയമുണ്ടെങ്കില്‍ രസീത് സ്കാന്‍ ചെയ്യുമ്പോള്‍ പരിശോധിക്കരുതോ എന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. പെണ്‍കുഞ്ഞുങ്ങളുടെ ആധാര്‍ കാര്‍ഡോ പകര്‍പ്പോ കയ്യില്‍കരുതണം എന്ന പ്രത്യേക നിര്‍ദേശവും ഇല്ല.പരിശോധനയേക്കാള്‍ പരസ്യ പരിശോധനയെന്ന പ്രാകൃതമായ രീതിയോടാണ് എതിര്‍പ്പ്. പരിശോധന വേണമെന്നും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.

 പ്രായത്തില്‍ സംശയം തോന്നുന്ന സ്ത്രീകളേയും പരിശോധിക്കുന്നുണ്ട്.അവിടെയും പരസ്യ വിചാരണ ഒഴിവാക്കണം എന്നാണ് ആവശ്യം.അബദ്ധവശാല്‍ എത്തുന്ന യുവതികളേയും മുതിര്‍ന്ന പെണ്‍കുട്ടികളേയും പമ്പയിലെ വനിതാ ഫെസിലിറ്റേഷൻ സെന്ററിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വെര്‍ച്വല്‍ ക്യൂ രസീത് സ്കാനിങ് സ്ഥലത്ത് പരിശോധന നടത്തിയാല്‍ സമയനഷ്ടം ഉണ്ടാകുമെന്നാണ് പൊലീസ് വിശദീകരണം.

ENGLISH SUMMARY:

Complaints have surfaced against Kerala Police for repeatedly stopping young girls at Pamba to conduct Aadhaar verification during the Sabarimala pilgrimage. Parents and devotees expressed distress over the secondary public inspection, which occurs even after virtual queue receipts—booked using birth dates and Aadhaar details—are scanned prior to the trek.