കഠിനപാതയിലൂടെയുള്ള യാത്രയിൽ സ്വാമിമാർക്ക് ഏറ്റവും കൂടുതൽ കരുതലൊരുക്കാനും സുരക്ഷയ്ക്കും സന്നദ്ധരായി വനം വകുപ്പിന്‍റെ പരിശീലനം ലഭിച്ച സംഘം. പ്ലാസ്റ്റിക് രഹിത ശബരിമലയെന്ന ആശയം മുൻനിർത്തി സ്വാമിമാർക്ക് പേപ്പർ ബാഗ് ഉൾപ്പെടെ നൽകി സുഖദർശന ലക്ഷ്യത്തിന് കൂടെ നടന്നേറുകയാണ് വനപാലകരും വനസംരക്ഷണ സമിതി പ്രവർത്തകരും.

അഴുതയിൽ മുങ്ങിക്കുളിച്ച്. കല്ലെടുത്ത് ഇടം വലം പ്രകൃതിക്ക് കരുതലൊരുക്കുന്ന മലകളെ സാക്ഷിയാക്കി കല്ലിടാംകുന്നിൽ അടയാളമറിയിച്ചാണ് സ്വാമിമാരുടെ യാത്ര.

ഒറ്റയടിപ്പാതയിലൂടെ ഏറെ ദൂരം താണ്ടി വേണം അങ്ങ് ശബരീശ സന്നിധിയിലെത്താൻ. യാത്രാവഴിയിൽ കഠിനം ഏത് മലയെന്ന് ചോദിച്ചാൽ തട്ട് തട്ടായി നീളുന്ന കരിമലയുടെ നെറുകിലെത്തുന്നത് തന്നെയെന്ന് സ്വാമിമാർ. വരവിന് തയാറെടുക്കുന്നവരോട് വനം വകുപ്പിന്‍റെ അഭ്യർഥന. പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലും നിറച്ച സാധനങ്ങൾ കൊണ്ടുവന്ന് പൂങ്കാവനം മലിനമാക്കരുത്. കർശന നിയന്ത്രണമറിയാതെ  എത്തുന്ന സ്വാമിമാർക്ക് പേപ്പർ കവറുകളിൽ സാധനങ്ങൾ മാറ്റി നിറച്ച് നൽകാൻ വനപാലക സംഘം.

രാവിലെ ഏഴ് മണി മുതൽ മൂന്ന് മണി വരെ മാത്രം അനുമതിയുള്ള കരിമല യാത്രയിൽ വിവിധയിടങ്ങളിൽ വിരി ഒരുക്കിയും കുടി വെള്ളവും വിശ്രമിക്കാൻ ഇടവും നൽകി വനപാലക സംഘത്തിന്‍റെ ജാഗ്രത. കരിവീരൻമാരും, കടുവയും കാട് വാഴുന്ന ഇടത്തിലൂടെയുള്ള യാത്ര സ്വാമിമാർക്ക് വെറും സഞ്ചാരമല്ല. ഉടലും മനസും ഉള്ളാലെ അടയാളപ്പെടുത്താനുള്ള ഇടമാണ്. 

അഴുതക്കടവ് തുടങ്ങി പമ്പ വരെ നീളുന്ന പത്തൊൻപത് കിലോമീറ്റർ ദൂരത്തെ യാത്ര വ്രതാനുഷ്‌ഠാനങ്ങളുടെ കയറ്റിറക്കങ്ങൾ തീർക്കുന്ന കാലത്തിന്‍റെ കരുതൽ കൂടിയാണ്. കാലം മാറും. വേരുറപ്പിച്ച് ശിഖരങ്ങളിലൂടെ പടർന്നു പന്തലിക്കുന്ന വൻമരം പോലെ വിശ്വാസവും വേരുപിടിക്കുകയാണ്. വൃശ്ചിക മാസത്തിന്‍റെ ആദ്യ നാളുകളിൽ ഉയർന്ന ശരണം വിളി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയും വരെയും അന്തരീക്ഷത്തിൽ അലയൊലിയാവും.

ENGLISH SUMMARY:

Trained forest officials and Vana Samrakshana Samithi members are actively assisting Sabarimala pilgrims along the strenuous 19-kilometer forest trail from Azhuthakadavu to Pamba via Karimala. Promoting a plastic-free pilgrimage, the team provides paper bags to devotees, ensures wildlife safety during the 7 AM to 3 PM travel window, and arranges drinking water and resting facilities along the route.