അയ്യപ്പഭക്തിക്കും സംഗീതത്തിനും ഗസലിന്റെ സൗമ്യസൗന്ദര്യം നൽകി വേറിട്ടൊരു ആവിഷ്കാരശൈലി സമ്മാനിക്കുകയാണ് ‘ശബരിഗിരിവാസൻ’ എന്ന പുതിയ അയ്യപ്പഭക്തിഗാന സമാഹാരം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായാണ് ഈ ഭക്തിഗാനം പുറത്തിറങ്ങിയിരിക്കുന്നത്. പ്രശസ്ത ഗായകൻ റാസ റസാഖിന്റെ ആലാപനവും ഷാഹുൽ ഹമീദിന്റെ വരികളും ഒത്തുചേരുന്ന ഈ സംഗീത ആൽബം, ഭക്തിക്കൊപ്പം സാഹോദര്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം കൂടി സമൂഹത്തിന് പകരുകയാണ്.
അയ്യപ്പസന്നിധിയിലെന്നപോലെ അയ്യപ്പഭക്തിഗാനങ്ങളിലും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന മഹത്തായ ആശയത്തിൽ നിന്നാണ് ‘ശബരിഗിരിവാസൻ’ പിറവിയെടുത്തത്. മനുഷ്യരെപ്പോലെ തന്നെ വ്യത്യസ്ത സംഗീതവഴികളും അയ്യപ്പന് മുന്നിൽ ഒന്നായി ശ്രുതി ചേരുന്നു എന്ന സങ്കൽപ്പത്തിലാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജീഷ് പി. തോമസാണ് ഗസലിന്റെ ഭാവതീവ്രത ചോരാതെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ റെക്സ് വിജയനാണ് ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത്.
ഭക്തിഗാന ശാഖയ്ക്ക് തികച്ചും നൂതനമായൊരു സംഗീതഭാഷ്യം നൽകുന്ന ഈ സംരംഭം ഇതിനോടകം തന്നെ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നാല് ഭാഷകളിൽ ലഭ്യമായ ‘ശബരിഗിരിവാസൻ’ ശബരിമല തീർത്ഥാടന കാലത്ത് ഭക്തർക്കും സംഗീതപ്രേമികൾക്കും ഒരുപോലെ നവ്യാനുഭവമായി മാറുകയാണ്.