youth-league-march

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയിലുണ്ടായ ഗതാഗതകുരുക്കില്‍ പൊലീസിനെ പഴിചാരി യൂത്ത് ലീഗ്. റാലി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗതാഗത കുരുക്കുണ്ടായെന്നും പൊലീസ് ഗതാഗതം നിയന്ത്രിച്ചില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഷിബു മീരാന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. പ്രവര്‍ത്തകര്‍ക്ക് റാലി നടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ പ്രയാസപ്പെട്ടെന്നും പൊലീസ് ഗതാഗതം തിരിച്ചുവിടാത്തതുകൊണ്ടാണ് യാത്രക്കാര്‍ കുടുങ്ങിയതെന്നും ഷിബു മീരാന്‍ വ്യക്തമാക്കി. ഗതാഗതതടസമുണ്ടാക്കിയതിന് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. 

Also Read: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; ഗതാഗതക്കുരുക്കില്‍ കേസ്

റാലി ആരംഭിക്കുന്നതിന് മുന്‍പ് എത്തിയപ്പോഴും പൊലീസ് ഗതാഗതം നിയന്ത്രിക്കുണ്ടായിരുന്നില്ല. അപ്പോഴേക്കും കുറെ വാഹനങ്ങള്‍ അവിടെ കുടുങ്ങി. വളരെ പ്രയാസപ്പെട്ടാണ് റാലി ആരംഭിച്ചത്. അതിനിടയിലും കുടുങ്ങിയ വാഹനങ്ങള്‍ പരമാവധി കടത്തിവിട്ടിരുന്നു. ആവശ്യത്തിനു പൊലീസിനെ വിന്യസിച്ച് നിയന്ത്രിക്കാവുന്ന തിരക്കെ ഉണ്ടായിരുന്നുള്ളൂ. റാലി നന്നായി നടക്കരുത് എന്ന് പൊലിസ് സേനയിൽ ചിലർ ആഗ്രഹിച്ചിരുന്നോ എന്ന് സംശയിക്കേണ്ടി വരുമെന്നും ഷിബു മീരാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു ദുര്‍വാശിയും ഇല്ലാതെ പൊലീസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വീകരിച്ച യൂത്ത് ലീഗിനെ കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്ന നാടകമാണ് പൊലീസ് കേസെന്നും ഷിബുമീരാന്‍ പറഞ്ഞു. 

ആദ്യം കലൂരില്‍ നിന്നും ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന റാലി പിന്നീട് പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് ബോള്‍ഗാട്ടി പരിസരത്തേക്ക് മാറ്റിയത്. തടസമില്ലാതെ ഗതാഗതം നിയന്ത്രിക്കാന്‍ കഴിയുമെന്നതിനാലാണ് പൊലീസ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. ബോൾഗാട്ടി ജംക്ഷന്‍ മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു റാലി. റാലി ആരംഭിച്ചതോടെ ഈ ഭാഗത്ത് വലിയ ഗതാഗതകുരുക്കുണ്ടായി. പൊലീസ് നിർദ്ദേശങ്ങൾ ലംഘിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനാണ് മുനവറലി ശിഹാബ് തങ്ങൾ, പി.കെ.ഫിറോസ് അടക്കമുള്ള നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തത്.

റോഡിൽ കുരുങ്ങിയ വാഹനങ്ങളിലെ യാത്രക്കാരും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ചില വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ കൊച്ചിയിൽ പൊലീസ് നിർദ്ദേശങ്ങൾ പാലിക്കാതെ റാലി നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ENGLISH SUMMARY:

Youth League National General Secretary Shibu Meeran has blamed the Kerala Police for the severe traffic congestion caused during their state conference rally in Kochi. In a Facebook post, he alleged that the police failed to manage traffic efficiently or divert vehicles, making it difficult for party workers and commuters to reach the venue. Police have registered a case against Youth League leaders, including Munavvar Ali Shihab Thangal and P.K. Firoz, along with nearly 2,000 identifiable individuals for violating police directions and causing public disruption. The rally, which was shifted from Kaloor to the Bolgatty-Marine Drive stretch upon police advice, saw heated arguments between stranded commuters and activists, sparking widespread public backlash on social media.