abhiram-culprit

തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാം കൊലക്കേസിലെ ഒന്നാം പ്രതി പതിനേഴുകാരനാണ്. പ്രായപൂര്‍ത്തിയാകാത്തയാള്‍. ആ പ്രായത്തിന്‍റെ ആനുകൂല്യം കേസിന്‍റെ അന്വേഷണത്തിലും പ്രതിക്ക് സഹായവും പൊലീസിന് വന്‍ തിരിച്ചടിയുമാവുകയാണ്. 

ഒന്നാം പ്രതിയായ പതിനേഴുകാരനാണ് കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ പ്രതിയുടെ കാമുകിയുമായുള്ള അടുപ്പത്തേ ചൊല്ലിയായിരുന്നു അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായത്. ഈ പ്രതിയുടെ നിലവിലെ കാമുകിയായ ആനന്ദയെ ഉപയോഗിച്ചാണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. അങ്ങിനെയാണ് കൊലപാതകവുമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ കൊലപാതകത്തിന്‍റെ ആസൂത്രണം മുതല്‍ തെളിവ് നശിപ്പിക്കല്‍ വരെ എല്ലാം അറിയാവുന്നയാളും ഈ പതിനേഴുകാരനാണ്. 

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതിക്ക് പകരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ഒബ്സര്‍വേഷന്‍ ഹോമിലേക്കാണ് പ്രതിയെ മാറ്റിയത്. അവിടെ നിന്ന് കാക്കനാട്ടെ ബോര്‍സ്റ്റല്‍ സ്കൂളിലേക്കും മാറ്റിയിരുന്നു. ഇന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നായിരുന്നു പൊലീസിന്‍റെ പ്രതീക്ഷ. പക്ഷെ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് നല്‍കുന്ന ആനുകൂല്യം അതിന് തടസമായി.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്തവരെ പൊലീസ് സ്റ്റേഷനില്‍ വെക്കരുതെന്നാണ്. പതിനേഴുകാരനെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടിയപ്പോള്‍ തന്നെ മൂന്നര കഴിഞ്ഞു. അതുകൊണ്ട് ഇന്ന് കാര്യമായി ചോദ്യം ചെയ്യാനോ തെളിവെടുപ്പിന് കൊണ്ടുപോകാനോ പറ്റിയില്ല. പകരം ജുവനൈല്‍ ഹോമിലേക്ക് തന്നെ മാറ്റി.

ഇനി നാളെ(ചൊവ്വ) രാവിലെ പൊലീസിന്‍റെ കസ്റ്റഡിയില്‍ കിട്ടും. വൈകിട്ട് അഞ്ചിനകം തിരികെ ഹാജരാക്കണം. ഈ സമയത്ത് വേണം ചോദ്യം ചെയ്യാനും തെളിവെടുപ്പിന് എത്തിക്കാനും. പക്ഷെ സാധാരണ പ്രതികളോട് ചോദിക്കുന്നത് പോലെ വിരട്ടാനോ ഭീഷണിപ്പെടുത്താനോ ഒന്നും പറ്റില്ല. പ്രതിയുടെ കൂടെ എപ്പോഴും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുണ്ടാവും. അവരുടെ സാന്നിധ്യത്തില്‍ വേണം ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമൊക്കെ. പ്രതി ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലങ്കില്‍ പോലും അത് അംഗീകരിക്കുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയിലാണ് പൊലീസ്. 

ഈ പതിനേഴുകാരന്‍ പറഞ്ഞാല്‍ മാത്രമേ, അഭിരാമിനെ കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റും, അഭിരാമിന്‍റെ മൊബൈലും വസ്ത്രങ്ങളുമൊക്കെ കണ്ടെടുക്കാനാവു. പക്ഷെ അതിന് ആ പതിനേഴുകാരന്‍ തന്നെ വിചാരിക്കണമെന്ന് മാത്രം. 

ENGLISH SUMMARY:

Latest updates on the Sreekaryam Abhiram murder case, highlighting the investigation challenges posed by the juvenile mastermind. The report details how legal protections for the minor accused are delaying crucial police interrogation and evidence recovery.