ഫോര്‍ട്ട് കൊച്ചിയെയും കേരളത്തെയും പറ്റി വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിഡിയോ സന്ദേശവുമായി വിവാദ യൂട്യൂബര്‍ അമൃത് സിങ് ധാരന്‍. പിന്തുണയ്ക്കായി ബിജെപി നേതാക്കളെ അടക്കം സമീപിച്ചെങ്കിലും ആരും സഹായിക്കുന്നില്ലെന്നും അഭിനയിക്കുകയാണെന്നും ധാരന്‍ പറയുന്നു. ബിജെപി നേതാക്കളോട് വിഷയത്തില്‍ ഇടപെടാന്‍ പറയണമെന്നാണ് മോദിയോടും അമിത് ഷായോടും ധാരന്‍ ആവശ്യപ്പെടുന്നത്. വിദ്വേഷ പരാമര്‍ശത്തില്‍ ഫോർട്ടുകൊച്ചി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
Also Read: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മമ്മൂട്ടി
സംഭവം നടന്ന് ആഴ്ചകള്‍ക്കു ശേഷമാണ് പിന്തുണ തേടി പുതിയ വിഡിയോയുമായി ധാരന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ കുടുംബം ബിജെപിയെയും ആര്‍എസ്എസിനെയും പിന്തുണയ്ക്കുന്നവരാണെന്നും എന്നിട്ടും ആരും പിന്തുണയ്ക്കുന്നില്ലെന്നാണ് യൂട്യൂബറുടെ പരാതി. കേരളത്തോട് തനിക്ക് അടുപ്പവും ഇഷ്ടവുമുണ്ട്. കേരളത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും തന്‍റെ വിഷയം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെതാണെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു.
താനൊരു ചോദ്യം ചോദിച്ചതിന്‍റെ പേരില്‍ എനിക്കെതിരെ എഫ്ഐആറിട്ടു. ഇന്ത്യയില്‍ ജിന്നയുടെ ചിത്രം എന്തിനാണെന്നും കാശി എന്ന് പേരുള്ള കഫേയില്‍ എന്തിനാണ് ബീഫ് വിളമ്പുന്നതെന്നുമാണ് ചോദിച്ചത്. താനിന്ന് ഒറ്റ്ക്കാണെന്നും സാമ്പത്തികമായും മാനസികമായും ആരും പിന്തുണയ്ക്കുന്നില്ലെന്നും യൂട്യൂബര്‍ പറയുന്നു.
യൂട്യൂബറുടെ വാക്കുകള്‍,
'ഈ വിഡിയോ നിങ്ങള്‍ (മോദി, അമിഷ് ഷാ) കാണുന്നുണ്ടെങ്കില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. ഞാന്‍ കേരളത്തില്‍ ടൂറിസ്റ്റായി പോയിരുന്നു. എനിക്കെതിരെ അവിടെ എഫ്ഐആറിട്ടു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എനിക്കെതിരെ ട്വീറ്റ് ചെയ്തു. ചാനലുകള്‍ എനിക്കെതിരെ സംസാരിച്ചു. ഞാന്‍ ഉന്നയിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വിഷയമായിരുന്നു. ഇന്ത്യയില്‍ ജിന്നയുടെ ചിത്രം എന്തിനാണെന്നും കാശി എന്ന് പേരുള്ള കഫേയില്‍ എന്തിനാണ് ബീഫ് വിളമ്പുന്നതെന്നുമാണ് ചോദിച്ചത്.
എനിക്ക് കേരളത്തോട് അടുപ്പവും ഇഷ്ടവുമുണ്ട്. കേരളത്തില്‍ കറങ്ങിനടക്കാന്‍ മാത്രമല്ല പോയത്. കേരളത്തില്‍ താമസിച്ച് കളരിപയറ്റും പഠിച്ചു. ഞാന്‍ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. അമ്മയ്ക്ക് 70 വയസുണ്ട്. എല്ലാ മാധ്യമങ്ങളും എന്നെ അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്ത കൊടുത്തത്. അമ്മ ഇതുകേട്ടു പേടിച്ചു..
എനിക്ക് ഒന്നിനോടും ഭയമില്ല, ആര്‍ക്കും എന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ല. ഞാന്‍ ജനിച്ചത് ബാഗി ബലിയ എന്ന സ്ഥലത്താണ്. കാശിയില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര. വാരണാസിയില്‍ താമസിച്ച് ഞാന്‍ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. അതിനാല്‍ കാശിയോട് എനിക്ക് മമതയുണ്ട്. കേരളത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം. ബീഫ് കഴിക്കാം, എന്ത് വേണമെങ്കിലും കഴിക്കാം. അതിനുള്ള സാതന്ത്ര്യമുണ്ട്. എനിക്കൊരു പ്രശ്നവുമില്ല.
ഈ വിഷയം അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതാണ്. ഞാനൊരു ചോദ്യം ചോദിച്ചു. അതിന്റെ പേരില്‍ എനിക്കെതിരെ എഫ്ഐആറിട്ടു. ഞാനിന്ന് ഒറ്റ്ക്കാണ്. സാമ്പത്തികമായും ശാരീരികമായും മാനസികമായും ആരും പിന്തുണയ്ക്കുന്നില്ല. ഇതെല്ലാം നിങ്ങള്‍ക്ക് ചെറിയ കാര്യങ്ങളാണ്. നിങ്ങളുടെ പാര്‍ട്ടിയിലുള്ള ആരോടെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പറയൂ. കാരണം, എന്‍റെ കുടുംബം ആര്‍എസ്‍സിനെയും ബിജെപിയയും പിന്തുണയ്ക്കുന്നവരാണ്. ഇതില്‍ ആരും എനിക്ക് പിന്തുണ നല്‍കുന്നില്ല. എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. വളരെ നന്ദി, ജയ് ഹിന്ദ്, ഹർ ഹർ മഹാദേവ്'.