ഫോർട്ടു കൊച്ചിയെക്കുറിച്ച് വർഗീയ പരാമർശം നടത്തിയ ഇൻഫ്ലുവൻസർ അമൃത് സിങ് ഡാരനെതിരെ പ്രതികരിച്ച് എഎ റഹീം എംപി. കേരളം എന്ന് പറയുന്നത് നാനാത്വത്തിൽ ഏകത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നാനാത്വത്തിൽ ഏകത്വത്തിന്റെ രജ്യത്തെ തന്നെ ഏറ്റവും നല്ല ഉദാഹരണമായ ഒരു സ്ഥലമാണ് ഫോർട്ട് കൊച്ചി എന്ന് പറയുന്നത്. ഫോർട്ട് കൊച്ചിയെ നോക്കിയാൽ ചെറിയൊരു ഇന്ത്യയെ നിങ്ങൾക്ക് അവിടെ കാണാൻ കഴിയുമെന്നും റഹീം പറഞ്ഞു.
'വസ്ത്രത്തിന്റെ കാര്യത്തിൽ ആയാലും ആരാധനാലയങ്ങളുടെ കാര്യത്തിൽ വിശ്വാസത്തിന്റെ കാര്യത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ എല്ലാ കാര്യത്തിലും നിങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ ഒരു ചെറിയ ഇന്ത്യയെ കാണാൻ കഴിയും. ആ ഇന്ത്യയെ മനസിലാക്കാൻ കഴിയാത്ത ആൾക്കാരാണ് തീവ്ര വലതിന്റെ വക്താക്കളാണ് ഈ പ്രചാരണങ്ങൾ നടത്തുന്നത്. തീവ്ര വലതുപക്ഷത്തിന്റെ ഒരു പൊതു രീതി എന്ന് പറയുന്നത് പ്രൊപ്പഗണ്ടകൾ സൃഷ്ടിക്കുക എന്നുള്ളതാണ്. ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സുപ്രീംകോടതി പോലും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്' - റഹീം പറഞ്ഞു.
'ഇവർക്കെല്ലാം കേന്ദ്ര സർക്കാരിൽ നിന്നും ബിജെപിയിൽ നിന്നും ലഭിക്കുന്ന സംരക്ഷണമാണ് വീണ്ടും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ശക്തമായ നിയമ നടപടി കേരള സംസ്ഥാന സർക്കാർ സ്വീകരിക്കണം. പൊലീസ് സ്വീകരിക്കണം. നമ്മുടെ വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ക്യാംപെയ്നുകൾ ഡിവൈഎഫ്ഐ തുടർച്ചയായി ചെയ്തുവരുന്നതാണ്. അത് ഞങ്ങൾ തുടരും.
പക്ഷേ ദൗർഭാഗ്യകരം എന്തെന്ന് പറഞ്ഞു കഴിഞ്ഞാൽ കേരളത്തിലുള്ളവരിൽ പലരും യൂട്യൂബറിന്റെ ആ ഒരു പരാമർശത്തെ പിന്തുണയ്ക്കുന്നവരുണ്ട്. ദിയ കൃഷ്ണയ്ക്ക് ആ പോസ്റ്റ് പിൻവലിക്കേണ്ടി വന്നു എന്നതാണ് കേരളത്തിന്റെ കരുത്ത്. കേരളത്തെ അപമാനിക്കാനാണ് ഇത്തരക്കാരെല്ലാം ശ്രമിക്കുന്നത്. മുസ്ലിം വിരുദ്ധ ക്യാംപെയ്നുകളിൽ തുടങ്ങി അതൊരു കേരള വിരുദ്ധ ക്യാംപെയ്നായി മാറും. 'ലുങ്കി വാല' എന്ന രാജ്യസഭയ്ക്കുള്ളിൽ ഒരു ബിജെപി എംപി പറഞ്ഞത് വലിയ വിവാദമായി മാറിയതാണ്. അപ്പോൾ കുറെ കാലമായി ബിജെപി ചെയ്തുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണം ഒരു മുസ്ലിം വിരുദ്ധം ദളിത് വിരുദ്ധം അല്ലെങ്കിൽ ന്യൂനപക്ഷ വിരുദ്ധം എന്നതെല്ലാം കടന്ന് ഇപ്പോൾ കേരള വിരുദ്ധ പ്രചരണമായി മാറിയിരിക്കുന്നു.
പ്രൊപ്പഗാണ്ട സിനിമകളിലൂടെ യുടൂബർമാരിലൂടെ അല്ലെങ്കിൽ അവരുടെ തന്നെ പ്രസംഗങ്ങളിലൂടെ എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് കേരളത്തോടുള്ള വിദ്വേഷ പ്രചരണം നടക്കുകയാണ്. കേരളം ഒന്നാകെ ഒറ്റക്കെട്ടായി അതിനെതിരെ നിലയുറപ്പിക്കണം. നമ്മൾ ഉയർത്തിപ്പിടിക്കുന്നത് ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയാണ്. ആ വൈവിധ്യത്തെ ഉയർത്തിപ്പിടിച്ച് നമുക്ക് ഇനിയും മുമ്പോട്ട് പോകേണ്ടതുണ്ടെന്നും' റഹീം ഓർമ്മിപ്പിച്ചു.