ഫോർട്ടു കൊച്ചിയെക്കുറിച്ചും മുസ്​ലിം സമുദായത്തെകുറിച്ചും വർഗീയ പരാമർശം നടത്തിയ ഇൻഫ്ലുവൻസർ അമൃത് സിങ് ഡാരനെ പിന്തുണച്ച് കമന്‍റിട്ടതില്‍ മാപ്പുചോദിച്ച് ദിയ കൃഷ്‌ണ. തനിക്ക് തെറ്റുപറ്റിയെന്നും വിഡിയോയുടെ രണ്ടാമത്തെ ഭാഗം കാണാതെയാണ് താന്‍ കമന്‍റിട്ടതെന്നും ദിയ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിയ കൃഷ്ണയുടെ ഖേദപ്രകടനം.

കൊച്ചിയിലെ കഫേയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിനെക്കുറിച്ച് താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ദിയ പറഞ്ഞു. എന്നാല്‍ രണ്ടാമത് പറഞ്ഞതിനോട് തനിക്ക് വിയോജിപ്പാണെന്നും സെന്‍സിറ്റീവായ വിഷയങ്ങൾ സംസാരിക്കുന്ന ഒരു വിഡിയോയോട് പ്രതികരിക്കുന്നതിന് മുൻപ്, അതിലെ മുഴുവൻ കാര്യങ്ങളും കണ്ടു മനസിലാക്കാൻ ശ്രമിച്ചില്ല എന്നതാണ് താന്‍ ചെയ്ത തെറ്റെന്നും ദിയ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ദിയ പറഞ്ഞിരുന്നു. എന്നാല്‍ തെറ്റ് മനസിലാക്കി അത് തിരുത്തുകയാണ് താന്‍ ചെയ്യുന്നതെന്നും മാറി നില്‍ക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ലെന്നും ദിയ വ്യക്തമാക്കി. തന്‍റെ ഉദ്ദേശ ശുദ്ധി എന്നെങ്കിലും ആളുകള്‍ക്ക് ബോധ്യപ്പെടുമെന്നും ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധാലുവാകുമെന്നും ദിയ കൃഷ്ണ പറഞ്ഞു.

ദിയയുടെ വാക്കുകള്‍: കഴിഞ്ഞ ഒരു ദിവസമായി പ്രചരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്തകാലത്ത് രണ്ട് വ്യത്യസ്ത വിഷയങ്ങൾ സംസാരിക്കുന്ന ഒരു വിഡിയോയ്ക്ക് താഴെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. അതിൽ ആദ്യത്തെ വിഷയം, കൊച്ചിയിലെ ഒരു കഫേയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിനെക്കുറിച്ചായിരുന്നു. ആ കാര്യത്തിൽ എനിക്ക് എന്റേതായ അഭിപ്രായമുണ്ട്; അതുസംബന്ധിച്ചുള്ള എന്റെ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്നാൽ, വിഡിയോയുടെ രണ്ടാമത്തെ ഭാഗത്ത് നമ്മുടെ നാട്ടിലെ ഒരു സമുദായത്തെക്കുറിച്ചും കേരളത്തിലെ ബീഫ് കഴിക്കുന്ന രീതിയെ ചോദ്യം ചെയ്തുകൊണ്ടും സംസാരിക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് ഉന്നയിച്ച അഭിപ്രായങ്ങളോട് എനിക്ക് പൂർണ്ണമായും വിയോജിപ്പാണുള്ളത്.

വിഡിയോയുടെ ആദ്യപകുതി മാത്രം കണ്ട ഞാൻ, ഇത് പൂർണ്ണമായും ജിന്നയുടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ച മാത്രമാണെന്ന് തെറ്റായി ധരിച്ചു. ആ ധാരണയിലാണ് ഞാൻ കമന്റ് ചെയ്യുകയും തുടർന്ന് ബാക്കി കാണാതെ പോവുകയും ചെയ്തത്. സെന്‍സിറ്റീവായ വിഷയങ്ങൾ സംസാരിക്കുന്ന ഒരു വിഡിയോയോട് പ്രതികരിക്കുന്നതിന് മുൻപ്, അതിലെ മുഴുവൻ കാര്യങ്ങളും കണ്ടു മനസ്സിലാക്കാൻ ശ്രമിച്ചില്ല എന്നതാണ് ഞാൻ ചെയ്ത തെറ്റ്.

പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക്, ആ വിഡിയോയിലെ മുഴുവൻ കാര്യങ്ങളെയും ഞാൻ പിന്തുണയ്ക്കുന്നതായി തോന്നാം എന്നത് എനിക്ക് മനസ്സിലാകും. ഇത് ആളുകളെ വേദനിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്നും ഞാൻ മനസ്സിലാക്കുന്നു. ഏത് വിഷയത്തോടാണ് ഞാൻ പ്രതികരിക്കാൻ ഉദ്ദേശിച്ചതെന്ന് എനിക്ക് അറിയാമെങ്കിലും, എന്റെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവ് കാരണം, ഞാൻ പൂർണ്ണമായും വിയോജിക്കുന്ന കാര്യങ്ങളെ പോലും ഞാൻ പിന്തുണയ്ക്കുന്നു എന്നൊരു ധാരണ ആളുകളിൽ ഉണ്ടാക്കാൻ ഇടയാക്കി. അതിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

മതേതര സൗഹാർദ്ദത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മുടെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ നമ്മുടെ ജീവിതത്തിന് സമൃദ്ധി നൽകാനാണ് ഉതകേണ്ടത്, അല്ലാതെ നമ്മളെ ഭിന്നിപ്പിക്കാനല്ല എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഒരു സമുദായത്തെ അധിക്ഷേപിക്കുന്നതോ നമ്മുടെ സമൂഹത്തിൽ അവരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നതോ ആയ കാര്യങ്ങളെ ഞാൻ ഒരിക്കലും ബോധപൂർവ്വം പിന്തുണയ്ക്കില്ല. ആ വിഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ, ഞാൻ ഒരിക്കലും അങ്ങനെ ഒരു കമന്റ് ഇടില്ലായിരുന്നു.

എന്റെ വാക്കുകൾക്ക് സമൂഹത്തിലുള്ള സ്വാധീനവും ആളുകളിലേക്ക് എത്തുന്ന വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ, ഞാൻ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമായിരുന്നു. എന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഉണ്ടായ ആഘാതം ഇല്ലാതാകുന്നില്ല, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇതിനാൽ വേദനിച്ച എല്ലാവരോടും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ മാപ്പ് ചോദിക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് ഇന്നലെ ഞാൻ പറഞ്ഞിരുന്നു. എന്നാൽ, കാര്യങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ മാറിനിൽക്കുന്നതല്ല ശരിയായ രീതിയെന്ന് എനിക്ക് തോന്നി. എനിക്കൊരു അബദ്ധം പറ്റി, അത് തുറന്നുസമ്മതിക്കാനും അതിൽ നിന്ന് പഠിക്കാനും ഇനിമുതൽ കൂടുതൽ ശ്രദ്ധിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലാതെ, എനിക്ക് ഇത്രയധികം സ്നേഹം തന്ന ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് ഓടിയൊളിക്കാനല്ല.

കാലക്രമേണ എന്റെ ഉദ്ദേശശുദ്ധി നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. ഉണ്ടായ വിഷമങ്ങൾക്ക് ഞാൻ വീണ്ടും മാപ്പ് ചോദിക്കുന്നു, ഇനിമുതൽ കൂടുതൽ ശ്രദ്ധയുള്ളവളായിരിക്കും.

സ്നേഹത്തോടെ,

ദിയ കൃഷ്ണ...

ENGLISH SUMMARY:

Influencer Diya Krishna has issued a public apology after facing severe backlash for her controversial comment supporting North Indian vlogger Amrit Singh Daran's hate video targeting Fort Kochi. In her detailed statement, Diya clarified that she had only watched the first part of the video concerning the display of Muhammad Ali Jinnah's portrait and completely disagreed with the second part's communal remarks against the Muslim community. Admitting that her oversight caused widespread hurt and misunderstanding, she expressed sincere remorse for her lack of caution. Furthermore, she retracted her earlier decision to take a social media break, stating she wants to confront her mistake responsibly rather than run away