amrit-singh-darren
  • ഫോർട്ട് കൊച്ചിയില്‍ മുസ്‍ലിം ആധിപത്യമാണെന്നും കേരളത്തില്‍ ഇസ്‍ലാം മതം പ്രചരിപ്പിക്കാൻ സർക്കാർ ഗൾഫ് പണം വാങ്ങുന്നുവെന്നും ആരോപിച്ച് ഉത്തരേന്ത്യൻ യൂട്യൂബർ അമൃത് സിങ് ഡാരൻ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം. വിഡിയോയ്ക്ക് പിന്തുണയുമായി 'സാഡ് റിയാലിറ്റി' എന്ന് കമന്റിട്ട ദിയ കൃഷ്ണയ്ക്കെതിരെയും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയർന്നു.

‘ഇസ്‍ലാം പ്രചരിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനവും മുസ്‍ലിംകള്‍, അവിടെ മറ്റെല്ലാവരും പേടിച്ച് ജീവിക്കുന്നു, ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ വില്‍ക്കുന്നത് മുഴുവന്‍ ബീഫ് വിഭവങ്ങള്‍...’ ഇങ്ങനെ കേരളത്തെക്കുറിച്ചും ഫോര്‍ട്ട് കൊച്ചിയെക്കുറിച്ചും നട്ടാല്‍ കിളിര്‍ക്കാത്ത നുണ പ്രചരിപ്പിച്ച് ഉത്തരേന്ത്യന്‍ യൂട്യൂബര്‍. ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അമൃത് സിങ് ഡാരന്‍ എന്ന വ്ലോഗറുടെ വിളയാട്ടം. 

‘ഈ വീഡിയോ ചെയ്തതിനു ശേഷം എനിക്കെന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും...’ എന്നുപറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. കാരണം ഈ സമയത്ത് അദ്ദേഹം ഫോര്‍ട്ട് കൊച്ചിയിലാണത്രെ! ‘അവിടത്തെ കാശി ആര്‍ട്ട് കഫേയില്‍ കണ്ട ഇന്‍സ്റ്റലേഷനില്‍ ഗാന്ധിജിക്കൊപ്പം ജിന്നയുടെ മുഖവും കണ്ടു. മെനു കാര്‍ഡ് നോക്കിയപ്പോള്‍ മുഴുവന്‍ ബീഫ് വിഭവങ്ങളായിരുന്നു. ഇതിന്‍റെ ഉടമയോട് എനിക്ക് ഒന്നേ പറയാനുള്ളു, റസ്റ്ററന്‍റിന്‍റെ പേര് ‘കറാച്ചി ആര്‍ട്ട് കഫേ’ എന്നാക്കണം.’ അമൃത് സിങ് തന്നെ വിഡിയോയില്‍ ഷെയര്‍ ചെയ്ത മെനുവിലെ മുപ്പതോളം ഇനങ്ങളില്‍ രണ്ടെണ്ണം മാത്രമായിരുന്നു ബീഫ് വിഭവങ്ങള്‍.

kashi-art-cafe-menu

അടുത്തതാണ് മാസ്! ഫോര്‍ട്ട് കൊച്ചിയിലെ ജനസംഖ്യയും ചുറ്റുപാടും കണ്ട് വ്ലോഗര്‍ ഞെട്ടിപ്പോയത്രെ! ‘അവിടെ മുഴുവൻ ഇസ്‍ലാം മാത്രമാണ്. 95 ശതമാനം കച്ചവടക്കാരും ടാക്സി ഡ്രൈവർമാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും തെരുവുകച്ചവടക്കാരും പഞ്ചറൊട്ടിക്കുന്നവരും പച്ചക്കറിയും പഴങ്ങളും വിൽക്കുന്നവരുമെല്ലാം മുസ്‍ലിംകളാണ്. ഇവിടുത്തെ സർക്കാരാകട്ടെ കയ്യും കെട്ടി നോക്കിനിൽക്കുന്നു...’ ഒരു പ്രത്യേകവിഭാഗത്തെക്കുറിച്ച് ഭയം ജനിപ്പിക്കാനുള്ള പച്ചയായ പ്രചരണമായിരുന്നു പിന്നീടങ്ങോട്ട്. ‘ഞാന്‍ ഇവിടത്തെ വലതുപക്ഷക്കാരായ തദ്ദേശവാസികളോട് സംസാരിച്ചു. അവരെല്ലാം ഭയന്ന് മിണ്ടാതിരിക്കുകയാണ്. അവര്‍ എന്നോട് പറഞ്ഞു, സഹോദരാ, നിങ്ങള്‍ വിഡിയോ ചെയ്യുമ്പോള്‍ ദയവായി ലൊക്കേഷന്‍ പങ്കുവയ്ക്കരുത്...’ അമൃത് സിങ് വിഡിയോയില്‍ പറയുന്നു.

കേരളത്തിലെ സർക്കാർ കമ്മ്യൂണിസ്റ്റാണെന്ന മറ്റൊരു വിചിത്രവാദവും വിഡിയോയിലുണ്ട്. ‘അവര്‍ തികച്ചും പക്ഷപാതപരമായിട്ടാണ് പെരുമാറുന്നത്. കേരളത്തിൽ ഇസ്ലാം പ്രചരിപ്പിക്കാന്‍ ഇവിടുത്തെ സർക്കാരിന് അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് ഇവിടുത്തെ ആളുകൾ എന്നോട് പറഞ്ഞത്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, കേരളത്തിൽ സംഭവിക്കുന്നത് വളരെ അപകടകരമാണ്. കേന്ദ്ര സർക്കാർ ഇതിൽ ശ്രദ്ധിച്ചില്ലെങ്കിൽ കേരളം കൈവിട്ടുപോകും, കേരളം നമ്മുടെ കൈകളിൽ നിന്ന് പോയിക്കഴിഞ്ഞു...’ 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിഡിയോയില്‍ ഇയാള്‍ പരസ്യമായി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ‘ഞാൻ വർക്കലയെക്കുറിച്ച് ഒരു വീഡിയോ ചെയ്തപ്പോൾ, കേരളത്തിലെ ആഭ്യന്തര വകുപ്പ് അതേപ്പറ്റി ചോദിക്കുകയും വിഡിയോ വ്യാജമാണെന്ന് പറയുകയും ചെയ്തു. ഇതെങ്ങനെ വ്യാജമാകും ഭായ്? താൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയല്ലേ, ഞാൻ തന്റെ മുന്നിൽ വെച്ചാണ് ഈ വീഡിയോ ചെയ്യുന്നത്. വർക്കല ബീച്ചിൽ മുന്നില്‍ പള്ളിയും ഖബര്‍സ്ഥാനുമൊക്കെ കാണാമല്ലോ, അതൊന്നും മുൻപ് അവിടെ ഉണ്ടായിരുന്നതല്ല. താൻ എന്തുതരം ആഭ്യന്തര മന്ത്രിയാണ്? ഇപ്പോൾ ഞാൻ തന്റെ മുന്നിലിരുന്ന് ചെയ്യുന്ന ഈ വീഡിയോയിൽ ജിന്ന എന്ത് ചെയ്യുകയാണ്? നമ്മുടെ ഭാരതത്തിൽ ജിന്നയ്ക്ക് എന്താണ് കാര്യം? ജിന്ന ഭാരതത്തോട് എന്താണ് ചെയ്തതെന്ന് തനിക്കറിയാമോ? ജിന്ന ഗാന്ധിക്കും നെഹ്‌റുവിനുമൊപ്പം ചേർന്ന് ഭാരതത്തെ വെട്ടിമുറിച്ചു. എന്നിട്ട് ഈ ജിന്ന ഭാരതത്തിൽ എന്ത് ചെയ്യുകയാണ്?’ വ്ലോഗര്‍ ആക്രോശിക്കുന്നു.

അമൃത് സിങ് ഡാരന്‍റെ വിഡിയോയ്ക്ക് താഴെ ബിജെപി നേതാവ് കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണ ‘ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യം’ (Sad Reality) എന്ന് കമന്‍റ് ചെയ്തത് വന്‍ വിവാദമായി. ദിയയുടെ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ദിയയുടെ നിലപാടിനോട് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഓര്‍ഡിനേറ്റര്‍ താര ടോജോ അലക്സിന്‍റെ പരാമര്‍ശം ഇങ്ങനെ: ‘പ്രിയപ്പെട്ട ദിയ കൃഷ്ണ, ഒരു കാര്യം ചോദിക്കട്ടെ, ഒരു നാട്ടിൽ മുസ്‌ലിംകൾ ജീവിക്കുന്നതാണോ അപകടം? അതോ മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിക്കാനും ഭയപ്പെടാനും പഠിപ്പിക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ വർഗീയ ചിന്താഗതിയാണോ അപകടം? ഒരു വ്യക്തിക്ക് പ്രശസ്തി കൂടുമ്പോൾ ഉത്തരവാദിത്വവും കൂടുകയാണ് വേണ്ടത്. സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും പക്വത വേണം. മുൻവിധികൾക്ക് പൊതുസമ്മതി നേടിക്കൊടുക്കുകയല്ല ചെയ്യേണ്ടത്.’ 

വിമര്‍ശനപ്പെരുമഴ തുടങ്ങിയതോടെ ദിയയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഒരു സ്റ്റോറി പ്രത്യക്ഷപ്പെട്ടു. മാധ്യമങ്ങളെ പഴിചാരിയാണ് പോസ്റ്റ്. ‘പ്രശസ്തരായ വ്യക്തികളെ മോശക്കാരായി ചിത്രീകരിക്കാനും അനാവശ്യമായ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വേണ്ടി വാർത്തകളെ വളച്ചൊടിക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയാണ്. അവർക്കത് ചെയ്യാൻ പണം ലഭിക്കുന്നുണ്ട്, എന്നാൽ അത് വിശ്വസിക്കാൻ നിങ്ങൾക്ക് പണമൊന്നും ലഭിക്കുന്നില്ല. അതിനാൽ, നിങ്ങൾ അതിൽ വീഴുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്, എനിക്കല്ല. സമാധാനം ആശംസിക്കുന്നു.’ ഇതായിരുന്നു ദിയയുടെ പ്രതികരണം.

diya-krishna-insta-story

ലിറ്റി ഛോക്ക യുപി എന്ന ഹാന്‍ഡിലില്‍ നിന്ന് അമൃത് സിങ് ഡാരന്‍ പോസ്റ്റ് ചെയ്തിട്ടുള്ള മറ്റനേകം വിഡിയോകളും അങ്ങേയറ്റം വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നവയാണ്. താന്‍ തീവ്രവലതുപക്ഷവാദിയാണെന്ന് തുറന്നവകാശപ്പെട്ടുതന്നെയാണ് പോസ്റ്റുകളെല്ലാം. ഇതെല്ലാം സമാനമായ ആശയം പിന്തുടരുന്ന ഒട്ടേറെ ഹാന്‍ഡിലുകള്‍ റീഷെയര്‍ ചെയ്യുന്നുമുണ്ട്. പച്ചയായി സമൂഹത്തില്‍ വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഡാരനെതിരെ കര്‍ശന നടപടി വേണമെന്ന് പോസ്റ്റുകള്‍ക്ക് താഴെ പലരും കമന്‍റ് ചെയ്യുന്നുണ്ട്. അമൃത് സിങ്ങിന്‍റെ അവകാശവാദങ്ങളെ വസ്തുതകള്‍ കൊണ്ട് പൊളിച്ചടുക്കുന്ന കമന്‍റുകളും ഏറെയുണ്ട്.

Hate Speech Against Kerala: YouTuber Amrit Singh Sparks Row; Diya Krishna Faces Backlash:

North Indian YouTuber Amrit Singh Daran sparked widespread outrage by spreading communal misinformation about Kerala and Fort Kochi, alleging that Muslims dominate the area and that the state government is funded by Arab nations to promote Islam. He made sensational claims targeting Fort Kochi's Kashi Art Cafe for displaying a portrait alongside beef dishes, while also challenging the state administration. The controversy deepened when BJP leader Krishna Kumar’s daughter, Diya Krishna, supported the video by commenting 'Sad Reality,' drawing sharp criticism from politicians and netizens alike. In response to the backlash, Diya posted an Instagram story blaming the media for twisting facts to defame public figures.