സിഎംആർഎൽ–എക്സാലോജിക് വിവാദ ഇടപാടിലെ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തതിന് പിന്നാലെ രാഷ്ട്രീയമായും നിയമപരമായും വിജയമെന്ന് അവകാശപ്പെട്ട് സിപിഎം രംഗത്ത്. ആവേശകരമായ വിധിയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. അതേസമയം, വിധി കോൺഗ്രസിനുള്ളിലും ചർച്ചകൾക്ക് വഴിതുറന്നു. പ്രാഥമിക അന്വേഷണം നടത്തണമെന്ന സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും നിലപാട് ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. വിധി സാങ്കേതിക കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്ന് വിശദീകരിക്കാനായിരുന്നു മാത്യു കുഴൽനാടന്റെ ശ്രമം. Also Read: 'നിങ്ങൾ ജെൻസികളല്ല, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം'; സി.ജെ.പി നേതാക്കളോട് ചോദ്യങ്ങളുമായി കോടതി
പിണറായി വിജയനും സിപിഎമ്മും യുഡിഎഫും ഒരുപോലെ വിജയം അവകാശപ്പെടുന്ന അപൂർവ സാഹചര്യമാണ് സുപ്രീംകോടതി വിധിക്കു പിന്നാലെ ഉണ്ടായത്. പിണറായിയും മുഹമ്മദ് റിയാസും വിജിലൻസ് അന്വേഷണത്തേക്കാൾ ആശങ്കപ്പെട്ടിരുന്നത് ഇഡിയുടെ നീക്കത്തെയാണെന്നാണ് വിലയിരുത്തൽ. ഇന്നത്തെ വിധി ഇഡിയുടെ നീക്കത്തെ നേരിട്ട് തടയുന്നില്ലെങ്കിലും, ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടാൻ ഈ വിധി സഹായിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ പ്രതീക്ഷ. അതിനാൽ, ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളുടെ ഭീഷണി തൽക്കാലത്തേക്ക് ഒഴിഞ്ഞെന്നതാണ് പിണറായിയുടെയും കൂട്ടരുടെയും ആശ്വാസം. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം കൂടുതൽ ശക്തമായി ഉയർത്താമെന്നതും സിപിഎമ്മിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഉമ്മൻചാണ്ടിയുടെ പേര് ഉയർത്തി മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രംഗത്തെത്തിയ മാത്യു കുഴൽനാടൻ അടക്കമുള്ളവരെ പ്രതിരോധിക്കാനുള്ള ആയുധമായാണ് സുപ്രീംകോടതിയുടെ വിധിയെയും പരാമർശങ്ങളെയും ഭരണപക്ഷത്തെ ഒരു വിഭാഗം കാണുന്നത്. പ്രാഥമിക അന്വേഷണം നടത്താനുള്ള തീരുമാനം ചൂണ്ടിക്കാട്ടിയാണ് പിണറായിക്കെതിരെ മൃദുസമീപനമെന്ന വിമർശനം ഉയർന്നത്. എന്നാൽ, പ്രാഥമിക അന്വേഷണം നടത്താതെ എങ്ങനെയാണ് കേസെടുത്തതെന്ന് കോടതി ചോദിച്ചു. ഇതോടെ ആഭ്യന്തരവകുപ്പും സർക്കാരും സ്വീകരിച്ച നടപടി ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി അവകാശപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തെത്തി.
സുപ്രീംകോടതി വിധി പിണറായിക്ക് സാവകാശം നൽകുകയും കുഴൽനാടന് കനത്ത തിരിച്ചടിയാകുകയും ചെയ്തെന്ന പരിഹാസവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. എന്നാൽ, വിധി തികച്ചും സാങ്കേതികമായ കാര്യങ്ങളിലാണ് ഊന്നുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ ഇതിനെ പ്രതിരോധിക്കുന്നത്.
അതേസമയം, കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെത്തുമ്പോൾ പ്രാഥമിക അന്വേഷണം വേണമെന്ന ആദ്യ നിലപാടാണോ വിജിലൻസ് കേസ് സംബന്ധിച്ച രണ്ടാം നിലപാടാണോ സർക്കാർ ഉയർത്തുക എന്നത് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കും.