shone-george

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയനും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയനെ രക്ഷിക്കാൻ രാഹുൽ ഗാന്ധി ഇടപെട്ടുവെന്നും ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാനാണ് ഈ ധാരണയെന്നും ഷോൺ ജോർജ് ആരോപിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഒരാഴ്ചത്തേക്കുള്ള സ്റ്റേ മാത്രമാണെന്നും ഇസിഐആർ, എഫ്ഐആർ നടപടികൾക്ക്   തടസ്സമില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ന്യായീകരണത്തൊഴിലാളികൾ പറയുന്നതുപോലെ പിണറായി വിജയൻ ഇതോടെ രക്ഷപ്പെട്ടിട്ടില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) സുപ്രീം കോടതി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഷോൺ ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാർ ഈ കേസിൽ ഇതുവരെ സ്വീകരിച്ച നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ടെന്നും സർക്കാരിന് കൃത്യമായ നിലപാടില്ലാത്തതിനെ കോടതി വിമർശനത്തോടെയാണ് കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

'കേസ് അട്ടിമറിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൃത്യമായ ശ്രമം നടന്നിട്ടുണ്ട്. കേരളത്തിൽ ഇത്തരത്തിലുള്ള അന്വേഷണം നടത്താതിരിക്കാനും ഡൽഹിയിൽ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാനും രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഈ കേസ് അട്ടിമറിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തില്‍  ശ്രമിച്ചത്.

എം.എ. ബേബി, രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെപ്പോലും വിമർശിക്കാൻ പാടില്ലെന്ന നിർദേശമാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയത്. അതായത്, പിണറായി വിജയനെ അഴിമതിക്കേസിൽനിന്ന് രക്ഷപ്പെടുത്താൻ സിപിഎമ്മിന് കോൺഗ്രസ് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ്,' ഷോൺ ജോർജ് പറഞ്ഞു.

ENGLISH SUMMARY:

CMRL Exalogic case involving Pinarayi Vijayan and Congress has sparked intense political debate in Kerala following allegations by BJP leader Shon George. He claimed that Rahul Gandhi intervened to protect the Chief Minister to maintain unity within the opposition India bloc.