സി.എം.ആര്.എല്‍ – എക്സാലോജിക് ദുരൂഹ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലന്‍സ് കേസ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഒരാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് വിധിയില്‍ വൈരുധ്യമെമെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിര്‍ദേശിച്ചു. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു. എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യാം, പക്ഷെ അന്വേഷിക്കാനാവില്ല. മനസ്സര്‍പ്പിച്ച് ഹൈക്കോടതി തീരുമാനമെടുക്കണം. പിണറായിക്ക് ഡിവിഷന് ബെഞ്ചിനെ വീണ്ടും സമീപിക്കാം. ഹൈക്കോടതി സ്വതന്ത്രമായി അപ്പീല്‍ പരിഗണിക്കണം. ആരോപണവിധേയരെ കേള്‍ക്കാതെ എന്തിനാണ് തള്ളിയതെന്നും സുപ്രീംകോടതി ചോദിച്ചു.
Also read: സി.എം.ആര്.എല്‍ കേസ്: പിണറായിക്കെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു
അപ്പീല്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനേയും ഇഡിയേയും കോടതി വിമര്‍ശിച്ചു. അതിവേഗം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനെ കോടതി പരിഹസിച്ചു. സര്‍ക്കാരിന്റെ വേഗത്തെ അഭിനന്ദിക്കുന്നു. എഫ്.ഐ.ആറിന് മുന്‍പ് പ്രതിഭാഗത്തെ കേള്‍ക്കണമെന്ന് പറഞ്ഞ കോടതി ഇഡിയുടെ വാദവും തള്ളി.
വിജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്യുക, വിജിലന്‍സ് കേസിലെ എല്ലാ നടപടികളും തടയുക, അനുബന്ധ ഉത്തരവുകൾ പുറപ്പെടുവിക്കുക എന്നിവയാണ് ഹര്‍ജിയില്‍ ഇടക്കാല ആശ്വാസമായി ആവശ്യപ്പെട്ടത്. 82 വയസായെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ വാദങ്ങൾ.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി മോഹനയുമടങ്ങുന്ന അവധിക്കാല പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബെഞ്ചിലെ രണ്ടാമത്തെ കേസായാണ് ഹർജി ലിസ്റ്റ് ചെയ്തത്. പിണറായിക്കായി മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്ര ഹാജരായി. സംസ്ഥാന സർക്കാർ അഭിഭാഷകനും കേസിൽ ഹാജരായി. ഇ.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയും അപ്പീല്‍ നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നിഷേധിച്ചതിനെതിരെയുമാണ് പിണറായിയുടെ ഹര്‍ജി