akshara-varun

സ്വകാര്യബസുകളുടെ മല്‍സരയോട്ടങ്ങളുടെ ഒരു ഇരയായിരുന്നു കൊച്ചി കാക്കനാട് ഇൻഫോപാർക്കിന് സമീപം അമിതവേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ച് മരിച്ച തൃശൂർ സ്വദേശിനിയും ഐടി ജീവനക്കാരിയുമായ എ. അക്ഷര (29). അക്ഷരയുടെ മരണത്തിന് പിന്നാലെ വേദന നിറഞ്ഞൊരു കുറിപ്പ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ഭര്‍ത്താവ് വരുണ്‍ സുനില്‍. അക്ഷരയ്ക്കുള്ള തുറന്ന കത്തെന്ന രീതിയിലാണ് വരുണ്‍ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഇരുവരും ആദ്യമായെടുത്ത ചിത്രവും തന്‍റെ നീറുന്ന വേദനയും പങ്കുവച്ചിരിക്കുന്നത്. 

അക്ഷരയുടെ മാട്രിമോണി പ്രൊഫൈല്‍ കണ്ട ദിവസവും മരിച്ച ദിവസവും ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് വരുണ്‍ പോസ്റ്റ് തുടങ്ങുന്നത്. 2023 നവംബര്‍ നാലിനാണ് താന്‍ അക്ഷരയെ ആദ്യമായി കണ്ടതെന്നും കൃത്യം മൂന്ന് വര്‍ഷം കഴിഞ്ഞുള്ള നവംബര്‍ നാലിന് അക്ഷര തന്നെ വിട്ടുപോയെന്നും വരുണ്‍ കുറിക്കുന്നു. അക്ഷരയെ വിട്ടുപിരിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ തോന്നുന്നു, തനിക്കിത് സഹിക്കാനാകുന്നില്ലെന്നും വരുണ്‍ പറയുന്നുണ്ട്. 

അക്ഷരയെ സ്നേഹിക്കുന്ന നിരവധി ആളുകള്‍ ചുറ്റുമുണ്ടായിരുന്നെന്ന് കുറിച്ച വരുണ്‍ അക്ഷരയുടെ കൂടെ ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ചും കുറിക്കുന്നു. ഇനിയൊരിക്കലും അത് തിരിച്ചുകിട്ടില്ലെന്ന വേദനയും വരുണ്‍ പങ്കുവയ്ക്കുന്നു. 'നീ സമാധാനമായ ഒരിടത്തിരുന്ന് ഈ കുറിപ്പ് വായിക്കുന്നുവെന്ന് കരുതാനാണ് തനിക്കിഷ്ടമെന്നും' വരുണ്‍ പറയുന്നു. നിനക്കായി കാത്തിരിക്കുകയാണെന്ന് എഴുതിയ വരുണ്‍ സ്വപ്നത്തിലെങ്കിലും ഒന്നുവന്ന് തന്നെ ആശ്വസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ജിമ്മിലെ വ്യായാമം കഴിഞ്ഞ്  മടങ്ങുന്നതിനിടെയാണ് ഇൻഫോപാർക്-എറണാകുളം റൂട്ടിൽ ഓടുന്ന 'മലയിൽ' എന്ന സ്വകാര്യ ബസ് അമിതവേഗത്തിൽ വന്ന് റോഡ്സൈഡില്‍ നിന്നിരുന്ന അക്ഷരയെ ഇടിച്ചു വീഴ്ത്തിയത്. ബസിന്റെ പിൻചക്രങ്ങൾ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അക്ഷരയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ENGLISH SUMMARY:

Akshara Infopark accident is the central focus of this heartbreaking story where a 29-year-old IT employee lost her life to rash private bus driving in Kochi. Her husband, Varun Sunil, shared an emotional Facebook note marking the tragic coincidence of seeing her matrimonial profile and losing her on the exact same date three years apart.