പാഴ് വസ്തുക്കൾക്ക് പുതുജീവൻ നൽകി വീട്ടുമുറ്റം പാർക്കാക്കി മാറ്റിയ ഒരു വീട്ടമ്മയുണ്ട് തൃശൂരിൽ. കൈപ്പമംഗലം സ്വദേശി സീനയുടെ ഈ നേരം പോക്ക് നാട്ടുകാർക്ക് അത്ഭുതമാണ്.ഭാവനയും കരവിരുതും ഒത്തുചേർന്ന ഈ മിനി പാർക്ക് കാണാൻ ഒരുപാട് പേർ എത്താറുണ്ട്.
പഴയ തെർമോക്കോളും പ്ലാസ്റ്റിക്കും റബ്ബറും ടയറുമെല്ലാം സീന സൂക്ഷിച്ചു വയ്ക്കും. പഴയ വസ്തുക്കളിൽ സീന കാണുന്നത് പുതിയ സാധ്യതകളാണ്. ആ ഭാവനയ്ക്ക് നിറവും രൂപവും നൽകിയപ്പോൾ വീട്ടുമുറ്റത്ത് പിറന്നത് വിസ്മയങ്ങളുടെ ഒരു കുഞ്ഞ് ലോകം. കുവൈത്ത് എയർവേയ്സിന്റെ വിമാനം മുതൽ ഹെലികോപ്റ്റർ വരെ. അരയന്നങ്ങളും കൊക്കുകളും വഞ്ചിയുമെല്ലാം സീനയുടെ കൈകളിൽ രൂപംകൊണ്ടു. വൈവിധ്യമാർന്ന ചെടിച്ചട്ടികളും സമൃദ്ധമായ പൂന്തോട്ടവും മനോഹരമായ ഇരിപ്പിടങ്ങളും ഇവിടെയുണ്ട്.ഒപ്പം വെള്ളച്ചാട്ടത്തോടു കൂടിയ കൃത്രിമക്കുളം, ഏറുമാടം പഴയകാല വസ്തുക്കളുടെ ശേഖരം, വായനയ്ക്കായി ഒരു ലൈബ്രറി. അങ്ങനെ ഓരോ കോണിലും കൗതുകംഒളിപ്പിച്ചുവെച്ചിരിക്കുകയാണ് .ഒറ്റനോട്ടത്തിൽ കുട്ടികളുടെ പാർക്കിലെത്തിയ പ്രതീതി.
സീനയുടെ ഈ കൊച്ചുലോകം കാണാൻ അങ്കണവാടികളിൽ നിന്ന് കുട്ടികൾ എത്തും. കെ കെ വത്സരാജ് എംഎൽഎയും വീട്ടിലെത്തി. വീടിന്റെ മുറ്റത്ത് വിരിഞ്ഞ ഈ പാർക്ക് നാട്ടുകാർക്ക് കൗതുകക്കാഴ്ച മാത്രമല്ല, പുനരുപയോഗത്തിന്റെ മനോഹരമായൊരു പാഠം കൂടിയാണ്.