ലോക സ്കേറ്റിങ് വേദിയില്‍ ചരിത്ര നേട്ടം കുറിച്ചതിന്‍റെ ആഹ്ലാദത്തിലാണ് പാലക്കാട് കണ്ണാടി സ്വദേശിയായ അനിരുദ്ധന്‍ വിനോദ്. സ്പീഡ് സ്കേറ്റിങ് റോഡ് വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ നേട്ടത്തോടെ ആണ് അനിരുദ്ധന്‍ ചാമ്പ്യനായത്.

ലോകത്തിലെ മികച്ച സ്കേറ്റിങ് താരങ്ങള്‍ മാറ്റുരച്ച വേദിയിലാണ് പാലക്കാട് നിന്നുള്ള അനിരുദ്ധന്‍ വിനോദ് താരങ്ങളില്‍ താരമായത്. പരാഗ്വെയില്‍ നടന്ന ലോക സ്കേറ്റിങ് ഗെയിംസിലാണ് ഈ നേട്ടം. സ്പീഡ് സ്കേറ്റിങ് റോഡ് വിഭാഗം വണ്‍ ലാപ് മത്സരത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്ക് വിഭാഗത്തില്‍ വെള്ളിമെഡലും നേടിയ അനിരുദ്ധന്‍റേത് ഇരട്ടി മധുരമുള്ള നേട്ടം.

കണ്ണാടി റോളര്‍ സ്കേറ്റിങ് റിങ്കില്‍ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കം. ചെറുപ്പം മുതലേ സ്കേറ്റിങ് പരിശീലനം തുടങ്ങി. കഠിനാധ്വാനവും നിരന്തര പരിശീലനവുമാണ് രാജ്യാന്തര ട്രാക്കില്‍ ഈ പതിനേഴുകാരനെ മുന്നിലെത്തിച്ചത്.

കണ്ണാടി സ്വദേശിയായ അഡ്വ. വിനോദ് ശ്രീനിവാസന്‍റെയും ദീപയുടെയും മകനാണ് അനിരുദ്ധന്‍. പിതാവ് വിനോദ് തന്നെയാണ് പരിശീലന വേദികളില്‍ ഒപ്പമുള്ളത്. രാജ്യാന്തര തലത്തില്‍ മത്സരിക്കുന്ന സ്കേറ്റിങ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയാല്‍ അത് വലിയ പ്രോത്സാഹനമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

കേരളത്തില്‍ റോളര്‍ സ്കേറ്റിങ്ങിലേക്ക് കൂടുതല്‍ കുട്ടികള്‍ കടന്നുവരുന്നുണ്ടെങ്കിലും ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ചെലവും കായിക സാമഗ്രികള്‍ക്കുള്ള ഭീമമായ തുകയുമാണ് ഇവരെ പിന്നോട്ടുവലിക്കുന്നത്. ഒപ്പം സംസ്ഥാനത്ത് പരിശീലനത്തിനുള്ള സ്കേറ്റിങ് റിങ്കുകളും പരിമിതമാണ്. 2029ലെ വേള്‍ഡ് ഗെയിംസും 2030ലെ ഏഷ്യന്‍ ഗെയിംസുമാണ് ഇനി അനിരുദ്ധന്‍ ലക്ഷ്യമിടുന്നത്.

Anirudh Vinod roller skating gold medal win at the World Skating Games has brought immense pride to India and his hometown Palakkad.: