നൃത്ത പഠനത്തിലെ ഏറ്റവും വലിയ കടമ്പ അത് ഒരു സദസിന് മുന്‍പില്‍ അവതരിപ്പിക്കുന്ന അരങ്ങേറ്റത്തിന്‍റെ ദിവസമാണ്. അരങ്ങേറ്റത്തിന് ചെലവാകുന്ന ഭീമമായ തുക ഓര്‍ക്കുമ്പോള്‍ പലരും അതില്‍ നിന്ന് പിന്‍മാറുക പോലും ചെയ്യുന്നു. എന്നാല്‍ കുട്ടികളെ നൃത്തം പഠിപ്പിച്ച് കുറഞ്ഞ ചെലവില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ സഹായിക്കുന്ന ഒരു ജനകീയ നൃത്ത അധ്യാപികയുണ്ട് പാലക്കാട് പുതുപ്പരിയാരത്ത്. നയന ടീച്ചര്‍. ഈ ഡാന്‍സ് ക്ലാസിന്‍റെ വിശേഷങ്ങളിലേക്ക്. 

നയന ടീച്ചറുടെ ഡാന്‍സ് ക്ലാസ് എന്ന് പറയുമ്പോള്‍ ക്ളാസിക്കലിനും അപ്പുറം ഒരു ജനകീയ സ്വഭാവമുണ്ട്. മൂന്നര വയസു മുതല്‍ 50 വയസുവരെയുള്ളവര്‍ ഇവിടെ പഠിതാക്കളാണ്. അതുമാത്രമല്ല ഇനി ഫീസിന്‍റെ കാര്യം. 300 രൂപ മാത്രമാണ് ടീച്ചര്‍ ഫീസായി വാങ്ങുന്നത്. ഏറ്റവും വലിയ ഹൈലൈറ്റ് ഇതുമല്ല. ഏറ്റവും കടുപ്പമേറിയ അരങ്ങേറ്റം.. എന്ന കടമ്പ കടക്കാന്‍ ചില്ലറ സഹായമല്ല ടീച്ചര്‍ ചെയ്യുന്നത്. നൃത്ത പഠനം കഴി​​ഞ്ഞ് ചെറിയ നിലയില്‍ അരങ്ങേറ്റം നടത്തണമെങ്കില്‍ തന്നെ അമ്പതിനായിരം– അറുപതിനായിരം രൂപ വരെ വേണം. ഇവിടെ ഏതാണ്ട് അയ്യായിരം രൂപ മതിയാകും. ചെന്നൈയില്‍ നിന്നും കുറഞ്ഞ വിലയില്‍ ചിലങ്കയും കോസ്റ്റ്യൂമും വാങ്ങി നല്‍കും.

മകളെ നൃത്തം പഠിപ്പിക്കാന്‍ കോവിഡ് കാലത്ത് തുടങ്ങിയ സംവിധാനമാണ് ഇന്ന് 150ലധികം കുട്ടികളുമായി ത്രിനേത്ര സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ വളര്‍ന്ന് പന്തലിച്ചത്. നൃത്ത പഠനം ഇടയ്ക്കുവച്ച് നിര്‍ത്തിയ നയന ടീച്ചറുടെ ഈ മേഖലയിലേക്കുള്ള വലിയൊരു തിരിച്ചുവരവാണ് ഈ നൃത്ത പഠനകേന്ദ്രം. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മിതമായ ഫീസില്‍ നൃത്തം പഠിക്കാനുള്ള സംവിധാനം ലഭിക്കുന്നതില്‍ രക്ഷിതാക്കളും ഡബിള്‍ ഹാപ്പി.

ENGLISH SUMMARY:

Malayala Manorama Online News features Nayana Teacher from Palakkad, who runs an affordable dance school offering low-cost arangetram for students. Her initiative helps middle-class children learn classical dance like Bharatanatyam and Mohiniyattam on a minimal budget.