തൃശൂര്‍ പുതുക്കാട് കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. സിസിടിവി കാമറയ്ക്കു മുന്നില്‍ പെയിന്‍റടിച്ചിരുന്നു. മാത്രവുമല്ല, മോഷ്ടാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ആരാണ്, കള്ളനെന്ന് അറിയാന്‍ പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കി. കള്ളന്‍റെ മുഖം കണ്ടെത്താന്‍ പ്രയാസമായി. ഹെല്‍മറ്റ് ധരിച്ചതാണ് വിനയായത്. പക്ഷേ, സമീപത്തെ സിസിടിവി കാമറകള്‍ പരതിയപ്പോള്‍ കാറിനകത്ത് ഹെല്‍മറ്റുമായി ഒരാള്‍ പുറത്തിറങ്ങുന്നത് കണ്ടു. കാറിന്‍റെ നമ്പര്‍ വ്യക്തമല്ല. കാറിന്‍റെ ഉടമയെ കണ്ടെത്താന്‍ ഒരു വശത്ത് അന്വേഷണം തുടര്‍ന്നു. മറുവശത്ത് കട്ടറിന്‍റെ ഒരു കഷണം എ.ടി.എം. കൗണ്ടറില്‍ നിന്ന് കിട്ടിയിരുന്നു.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ വിപണിയില്‍ ലഭ്യമാണ്. ഈ കട്ടറിന്‍റെ മോഡല്‍ നമ്പര്‍ ക്യൂ ആര്‍ കോഡിലുണ്ട്. എ.ടി.എം. കൗണ്ടറില്‍ നിന്ന് കിട്ടിയ കട്ടറിന്‍റെ ഭാഗത്തില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ കട്ടറിന്‍റെ വിതരണക്കാരനെ കണ്ടെത്തി. ഇരിങ്ങാലക്കുടയിലെ ഒരു കടയില്‍ വിറ്റ കട്ടറാണിതെന്ന് പൊലീസ് കണ്ടെത്തി. കടയിലെ ബില്‍ പരിശോധിച്ചു. മോഷണത്തിന്‍റെ തലേന്നായിരുന്നു കട്ടര്‍ വാങ്ങിയത്. കടയിലെ സിസിടിവി കാമറയില്‍ മോഷ്ടാവിന്‍റെ മുഖം പൊലീസ് കണ്ടു. സമാന്തരമായി നടത്തിയ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടു. തൃശൂര്‍ കല്ലൂര്‍ സ്വദേശി ജിതിനായിരുന്നു മോഷ്ടാവ്. മുപ്പതുകാരനായ ജിതിന്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ അടിപിടിക്കേസില്‍ പ്രതിയാണ്. ഇതിനു പുറമെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുമാണ്.
എ.ടി.എം. എങ്ങനെ കൊള്ളയടിക്കാമെന്ന് പഠിച്ചത് ചാറ്റ് ജി.പി.ടിയും യു ട്യൂബ് വീഡിയോസും കണ്ടായിരുന്നു. പക്ഷേ, കട്ടര്‍ ചതിച്ചു. ബ്ലേഡിന് കനം പോരായിരുന്നു. എ.ടി.എമ്മിന്‍റെ കാഷ് ട്രേ ഇരിക്കുന്ന ഭാഗം മുറിക്കാനായില്ല. ഇനി മുറിച്ചാല്‍ തന്നെ വീണ്ടും കടമ്പയുണ്ട്. അപ്പോഴേയ്ക്കും അപയാ സന്ദേശം പൊലീസ് സ്റ്റേഷനിലും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും എത്തിയിരിക്കും. സാങ്കേതികമായ കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കാതെയാണ് ജിതിന്‍ എ.ടി.എം. കൊള്ളയടിക്കാനിറങ്ങിയത്. അഞ്ചു മക്കളുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു എ.ടി.എം. കവര്‍ച്ച.
ഓണ്‍ലൈന്‍ ടാക്സി ആപ്പിലൂടെയായിരുന്നു ഓട്ടം പിടിച്ചിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങി ഇരുചക്രവാഹനം ധനകാര്യ സ്ഥാപനം പിടിച്ചെടുത്തു. ഇരുചക്രവാഹനത്തിന്‍റെ ഹെല്‍മറ്റ് വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ ഹെല്‍മറ്റാണ് കവര്‍ച്ചയ്ക്കായി ഇറങ്ങി തിരിക്കുമ്പോള്‍ ജിതിന്‍ ധരിച്ചത്. പിടിയിലായ ശേഷം , മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചാറ്റ് ജി.പിടിയുടേയും യു ട്യൂബിന്‍റേയും ഹിസ്റ്ററിയില്‍ എ.ടി.എം. കൊള്ളയെക്കുറിച്ച് ഒരുപാട് തിരച്ചില്‍ നടത്തിയതായും കണ്ടെത്തി. പുതുക്കാട് പൊലീസ് നടത്തിയ സമര്‍ഥമായ അന്വേഷണമാണ് മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്.
ചാലക്കുടി ഡിവൈ.എസ്.പി.: ജെ.കുരിയാക്കോസ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.: കെ.സി.സേതു, പുതുക്കാട് ഇന്‍സ്പെക്ടര്‍ ഫക്രുദ്ദീന്‍, എസ്.ഐ: പി.വി.പാട്രിക്, എസ്.ഐ.: രാജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. റൂറല്‍ ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്.ഐ: ജയകൃഷ്ണന്‍, സതീശന്‍, എ.എസ്.ഐ: സില്‍ജോ, റെജി എ യു. , രനീഷ്, അരുണ്‍, ഷിനോജ്, ഫ്രെഡി, ജിന്‍റോ, സജീവ് രാഗേഷ്, സജീഷ്കുമാര്‍, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അന്വേഷണ മികവിന് മേലുദ്യോഗസ്ഥര്‍ ഇവരെ അഭിനന്ദിച്ചു.