• സമുദ്രോപരിതല താപനിലയിലെ വർധനവ്, ഉഷ്ണതരംഗങ്ങൾ, പവിഴപ്പുറ്റുകളുടെ നാശം, ആൽഗൽ ബ്ലൂം എന്നിവ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ഭീഷണിയാണെന്ന് സിഎംഎഫ്ആർഐയിലെ സിമ്പോസിയത്തിൽ ശാസ്ത്രജ്ഞർ വ്യക്തമാക്കി

സമുദ്രോപരിതല താപനിലയിലെ വർധനവ്, ഉഷ്ണതരംഗങ്ങൾ, മത്സ്യലഭ്യതയിലെ മാറ്റങ്ങൾ, പവിഴപ്പുറ്റുകളുടെ നാശം, ഉപദ്രവകാരികളായ ആൽഗകളുെടെ പെരുകൽ (ആൽഗൽ ബ്ലൂം) എന്നിവ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ഭീഷണി ഉയർത്തുന്നതായി സമുദ്ര ശാസ്ത്രജ്ഞർ. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സഥാപനത്തിൽ (സിഎംഫ്ആർഐ) ആരംഭിച്ച രാജ്യാന്തര ട്രെവർ സഫാരി സിമ്പോസിയത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

സമുദ്ര ആവാസവ്യവസ്ഥയിലെ ഭൗതിക-ജൈവ മാറ്റങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനും സമയബന്ധിതമായ സമുദ്ര മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നതിനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. ഇതിനായി, സാറ്റ്ലൈറ്റ് റിമോട്ട് സെൻസിംഗ്, സമുദ്രനിരീക്ഷണ സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലുകൾ, നിർമിതബുദ്ധി എന്നിവ ഏകോപിപ്പിക്കണമെന്നും വിദഗധർ പറഞ്ഞു. 

30 രാജ്യങ്ങളിൽ നിന്നുള്ള ഫിഷറീസ്, കാലാവസ്ഥ പഠനം, സമുദ്രനിരീക്ഷണം, റിമോട് സെൻസിംഗ് മേഖലകളിലെ മുന്നൂറിലേറെ വിദ്ഗധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

പാർട്ണർഷിപ്പ് ഫോർ ഒബ്‌സർവേഷൻ ഓഫ് ദി ഗ്ലോബൽ ഓഷ്യൻ (പോഗോ) സിഇഒ ഡോ. സോഫി സീയാവെ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിവരങ്ങൾ കൃത്യമായി ഉപയോഗിച്ച് മത്സ്യബന്ധന മേഖലകൾ പ്രവചിക്കുന്നതിനും, ആൽഗൽ ബ്ലൂം സാന്നിധ്യം കണ്ടെത്തുന്നതിനും, കടൽ ഉഷ്ണതരംഗങ്ങളും മോശം കാലാവസ്ഥയും മുൻകൂട്ടി പ്രവചിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ അനിവാര്യമാണെന്ന്  അവർ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലം കടലിലെ ഉൽപദാന ക്ഷമതയിൽ അസാധാരണമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഗ്രീസിലെ നാഷണൽ ആൻഡ് കപോഡിസ്ട്രിയൻ സർവകലാശാലയിലെ ഡോ. ജോൺ എ. ഗിറ്റിംഗ്‌സ് പറഞ്ഞു.  ചുഴലിക്കാറ്റുകൾ, വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗങ്ങൾ എന്നിവയുടെ എണ്ണം സമീപദശകങ്ങളിൽ ക്രമാതീതമായി വർധിച്ചത് സമുദ്രജീവികളുടെ ശാരീരിക ഘടനയിലും, എണ്ണത്തിലും, വിതരണത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അതിനാൽ, തുടർച്ചയായ സമുദ്രനിരീക്ഷണം അനിവാര്യമാണെന്ന് സിമ്പോസിയം വിലയിരുത്തി. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പ്, ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, സിഎംഎഫ്ആർഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി  അധ്യക്ഷത വഹിച്ചു. പ്ലിമൗത്ത് മറൈൻ ലബോറട്ടറി പ്രിൻസിപ്പൽ സയന്റിസ്റ്റ് പ്രൊഫ. ശുഭ സത്യേന്ദ്രനാഥ്, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രീൻസൺ ജോർജ്, ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. അപർണ്ണ, സിമ്പോസിയം കൺവീനർ ഡോ. ഷാജു എസ് എസ് എന്നിവർ പ്രസംഗിച്ചു.

എൽ നിനോയും കടലിലെ ആൽഗൽ ബ്ലൂമും നിരീക്ഷിക്കാൻ ഇന്ത്യയുടെ സമുദ്ര ഉപഗ്രഹങ്ങൾ

ഇന്ത്യയുടെ സമുദ്രനിരീക്ഷണ ഉപഗ്രഹങ്ങൾ കടൽ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് കരുത്തുപകരുന്നതായി ഐഎസ്ആർഒയുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ  ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. അപർണ്ണ. സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം, ഉപദ്രവകാരികളായ ആൽഗകളുടെ പെരുകൽ (ആൽഗൽ ബ്ലൂം), സമുദ്രോൽപാദനക്ഷമത എന്നിവ കൃത്യമായി വിലയിരുത്താൻ ഉപഗ്രഹ ചിത്രങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നതായി അവർ വ്യക്തമാക്കി. രാജ്യാന്തര സമുദ്ര സിമ്പോസിയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. 

ഇന്ത്യയുടെ ഇഒഎസ്-06 (ഓഷ്യൻസാറ്റ്-3) ഉപഗ്രഹത്തിലുള്ള ഓഷ്യൻ കളർ മോണിറ്റർ-3 (ഒസിഎം-3)  സംവിധാനം മത്സ്യലഭ്യതയുള്ള പ്രധാന  മേഖലകൾ  കൃത്യമായി കണ്ടുപിടിക്കാൻ സഹായിക്കുന്നുണ്ട്. ഉൽപാദനക്ഷമതയുടെ പ്രധാന സൂചകമായ ക്ലോറോഫിൽ-എ സാന്നിധ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. 

ഇഒഎസ്-06 ലെ സ്‌കാറ്ററോമീറ്ററിൽ നിന്നുള്ള കാറ്റിന്റെ ഗതിയും വേഗതയും സംബന്ധിച്ച വിവരങ്ങളും (ഒസിഎം-3)  വിവരങ്ങളും കൂട്ടിയിണക്കിയാണ് എൽ നിനോയെ തുടർന്നുള്ള സമുദ്ര വ്യതിയാനങ്ങൾ പഠിക്കുന്നത്. ഇത് കാറ്റിന്റെ ഗതി, സമുദ്രത്തിലെ പോഷകസമൃദ്ധമായ വെള്ളത്തിന്റെ മുകളിലേക്കുള്ള പ്രവാഹം, സസ്യപ്ലവകങ്ങളുടെ ലഭ്യത എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് വഴിയൊരുക്കും.

സാറ്റ്ലൈറ്റ് വിവരങ്ങൾ അടിസ്ഥാനമാക്കി നൽകുന്ന മത്സ്യലഭ്യതാ നിർദ്ദേശങ്ങൾ പിൻതുടരുന്ന മത്സ്യത്തൊഴിലാളികൾക്ക്, മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഒന്നര മുതൽ നാലിരട്ടി വരെ അധിക മത്സ്യം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ അപർണ പറഞ്ഞു.

ENGLISH SUMMARY:

Marine scientists at the Trevor Platt International Symposium held at CMFRI, Kochi, have warned that rising sea surface temperatures, marine heatwaves, and harmful algal blooms pose severe threats to ocean ecosystems and fisherfolk. Experts from over 30 countries emphasized the urgent need to integrate satellite remote sensing, ocean observation networks, climate models, and artificial intelligence for accurate ocean forecasting. Dr. N. Aparna of ISRO's National Remote Sensing Centre highlighted how India's EOS-06 satellite is enhancing El Niño tracking, algal bloom monitoring, and potential fishing zone predictions. Studies reveal that fishermen utilizing satellite-based advisories achieve up to four times higher catch rates compared to conventional methods.