തൃശൂർ എരുമപ്പെട്ടിയിൽ കർഷകർ സ്ഥാപിച്ച സോളാർവേലി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.പന്നികളെ തടയുന്നതിന് വേണ്ടി 50,000 രൂപ ചെലവഴിച്ചു നിർമ്മിച്ച സോളാർ വേലിയാണ് നശിപ്പിച്ചത്. കരിയന്നൂർ പാടശേഖരത്തിലെ കർഷകരാണ് ഈ പ്രതിസന്ധി നേരിടുന്നത്.
വർദ്ധിച്ച പരിപാലന ചെലവും കുറഞ്ഞ വിളവും കൃഷി നാശവും കർഷകരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാകുന്നത്. പന്നികൾ കൂട്ടമായെത്തി വാഴകൃഷിയും നെൽകൃഷിയും നശിപ്പിക്കും. ഇതിന് പരിഹാരം തേടിയ കർഷകർ ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ ശല്യത്തിൽപൊറുതിമുട്ടിയിരിക്കുയാണ്.
പാടശേഖരത്തിൽ മദ്യപിക്കാൻ എത്തുന്ന സാമൂഹികവിരുദ്ധർ സോളാർ സംവിധാനവും കമ്പിവേലികളും നശിപ്പിക്കുന്നത് പതിവായി.കണ്ടമ്പുള്ളി സുരേഷിന്റെ കൃഷിയിടത്തിലെ സോളാർ വേലിയാണ് കഴിഞ്ഞദിവസം സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. സാമൂഹികവിരുദ്ധരുടെ ശല്യം നിയന്ത്രിക്കണം. കൃഷി നഷ്ടത്തിലാണെന്നും ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നുമാണ് കർഷകരുടെ ആവശ്യം.