ശ്രീകാര്യത്തെ പ്ളസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൊന്ന കേസില്‍ ഒരു പെണ്‍കുട്ടി കൂടി അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ കാമുകി ഐശ്വര്യയാണ് പിടിയിലായത്. ഐശ്വര്യക്ക് ഗൂഡാലോചന മുതല്‍ തെളിവ് നശിപ്പിക്കല്‍ വരെയുള്ള കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കഴക്കൂട്ടത്തിനടുത്ത് ആക്കുളത്താണ് ഐശ്വരയുടെ വീട്. 21 വയസാണ്. ഐ.ടി.ഐ പഠനം കഴിഞ്ഞ ഐശ്വര്യ വി.എസ്.എസ്.സിയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ താല്കാലിക ജോലി നോക്കുകയാണ്. അതിനിടെയാണ് ഉമറുമായി പ്രണയത്തിലാകുന്നത്. കാപ്പാ കേസ് പ്രതിയായ ഉമറുമായുള്ള ബന്ധമാണ് ഐശ്വര്യയെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്നത്.
അഭിരാമിനെ വിളിച്ചുവരുത്താനുള്ള പദ്ധതി ഉമര്‍ ഐശ്വര്യയോട് പറഞ്ഞിരുന്നു. അഭിരാമിനെയും സുഹൃത്തിനെയും ആക്രമിക്കുമെന്നും അറിയിച്ചിരുന്നു. അതിന് ശേഷമുള്ള ആസൂത്രണത്തിലെല്ലാം പങ്കാളിയായി. കാമുകനൊപ്പം ചേര്‍ന്ന് തെളിവ് നശിപ്പിക്കാനും പൊലീസിനെ വട്ടം ചുറ്റിക്കാനുമുള്ള ഫോണ്‍ നാടകത്തിലും ഐശ്വര്യ പങ്കാളിയായെന്ന് പൊലീസ് കണ്ടെത്തി.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഉമറും ഒന്നാം പ്രതിയായ പതിനേഴുകാരനും ചേര്‍ന്ന് അഭിരാമിനെ കൊല്ലാനായി വിളിച്ചുവരുത്തുന്നത്. കൊലപാതകത്തിന് പോകുന്നതുകൊണ്ട് തന്നെ മൊബൈല്‍ ഫോണുമായി പോയാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി കൊല നടക്കുന്ന സമയത്ത്, കൊല നടന്ന സ്ഥലത്ത് താനുണ്ടായിരുന്നൂവെന്ന് പൊലീസിന് കണ്ടെത്താനാകുമെന്ന് ഉമറിന് അറിയാമായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു ഫോണ്‍ നാടകം.
അതായത് കൊല്ലാനായി പോകുന്നതിന് മുന്‍പ് തന്റെ വീട്ടില്‍ നിന്ന് ഉമര്‍ ഐശ്വര്യയുടെ മൊബൈലിലേക്ക് വിളിച്ചു. ഫോണ്‍ ഐശ്വര്യയെടുത്ത ശേഷം കട്ടാക്കാതെ വീട്ടില്‍ തന്നെ മൊബൈല്‍ വെച്ചിട്ടാണ് കൊല നടത്താനായി പോയത്. കൊല നടത്തി ഉമര്‍ തിരികെ വരുന്നത് വരെ ഐശ്വര്യ ഫോണ്‍ കട്ടാക്കാതെ നിലനിര്‍ത്തി. ഇതോടെ കൊല നടന്ന സമയത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുമ്പോള്‍ ഉമര്‍ സ്വന്തം വീട്ടിലുണ്ടെന്ന് പൊലീസ് തെറ്റിദ്ധരിക്കും. അതായിരുന്നു ലക്ഷ്യം.
കൊല നടത്തി തിരികെ വീട്ടിലെത്തിയ ശേഷം ഉമര്‍ ഐശ്വര്യക്ക് മേസേജ് അയച്ചു. 'അവന് കൊന്നു...അവന് അനുഭവിക്കട്ടേ...'.
അവന് എന്ന് ഉദേശിച്ചത് ഒന്നാം പ്രതിയായ പതിനേഴുകാരനെയാണ്. അതായത് കൊല നടത്തിയത് പതിനേഴുകാരന് ഒറ്റക്കാണെന്ന് വരുത്താനായിരുന്നു ഈ മെസേജ്.
കൊല നടത്തിയത് പതിനേഴുകാരനാണെന്ന് പറയണമെന്ന് നേരത്തെ തന്നെ ഇവര്‍ സംഘം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. പതിനേഴുകാരന് ആയതുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അധികം ശിക്ഷകിട്ടില്ലെന്നും ജയിലില്‍ പോകേണ്ടിവരില്ലെന്നുമുള്ളതുകൊണ്ടാണ് അങ്ങനെ പദ്ധതി തയാറാക്കിയത്. ഇതില്‍ നിന്നെല്ലാം ഐശ്വര്യക്ക് എല്ലാ കാര്യത്തിലും അറിവും പങ്കുമുണ്ടെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്.