കണ്ണൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും കുട്ടികൾക്ക് രക്ഷകനായി യുവാവ്. കൂത്തുപറമ്പിനടുത്ത് പൂക്കോട് ചന്ദ്രശേഖരൻ തെരുവിലാണ് സംഭവം. തൃക്കണ്ണാപുരം അമ്പിളി നിവാസിൽ വി.പി.ഷിജിത്താണ് നായ്ക്കളുടെ കൂട്ടം രണ്ടു കുട്ടികൾക്കു നേരെ പാഞ്ഞടുത്തപ്പോൾ സമയോചിതമായി ഇടപെട്ട് കുട്ടികളെ രക്ഷിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

പൂക്കോട് ചന്ദ്രശേഖരൻ തെരുവിലെ ഡി.ടി.ഡി.സി കൊറിയർ ഓഫീസിന് മുന്നിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് കുട്ടികൾക്കു നേരെയാണ് തെരുവുനായ്ക്കളുടെ കൂട്ടം പാഞ്ഞടുത്തത്. സംഭവം സുഹൃത്തിനൊപ്പം സ്‌കൂട്ടറിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷിജിത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നാലെ ഒട്ടും വൈകിയില്ല. ഉടൻ സ്കൂട്ടറുമായി ഹോണ്‍ അടിച്ച് പിടിച്ച് ശബ്ദമുണ്ടാക്കി കുട്ടികളുടെ അരികിലെത്തിയ ഷിജിത്ത് നായ്ക്കളെ പ്രതിരോധിച്ച് കുട്ടികളെ സുരക്ഷിതരാക്കുകയായിരുന്നു.

നിമിഷങ്ങളുടെ വ്യത്യാസത്തിൽ നടത്തിയ ഇടപെടലാണ് വലിയ അപകടത്തിൽ നിന്നും കുട്ടികളെ രക്ഷിച്ചത്. ഷിജിത്തിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ വലിയ ദുരന്തത്തിന് തന്നെ സാധ്യതയുണ്ടായിരുന്നു. ഒരു നിമിഷത്തെ ജാഗ്രതയും സമയോചിതമായ ഇടപെടലും രണ്ട് കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കിയപ്പോൾ, വി.പി.ഷിജിത്തിന്റെ പ്രവൃത്തി നാടിന് മാതൃകയാവുകയാണ്.

അതേസമയം, പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാർഡ് കൗൺസിലറും അധികൃതരും അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്. ഒപ്പം കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുമുണ്ട്.

ENGLISH SUMMARY:

A brave local youth named V.P. Shijith swiftly intervened to rescue two children from a vicious pack of stray dogs in Pookode, Koothuparamba, Kannur. While sitting on his scooter with a friend, Shijith noticed the dogs charging at the children walking past a courier office and immediately rushed to the spot by honking and driving forward. His timely and courageous action averted what could have been a severe tragedy and ensured the children's safety. Meanwhile, local residents have raised strong demands for authorities to take urgent, permanent measures to tackle the escalating stray dog menace in the area.