സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ കുടുംബവുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ടിനെതിരെ വ്യാജ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചെന്ന പരാതിയിൽ ഇ.പി. ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി മാനേജ്‌മെന്റ്. ശ്യാംജിത്തിന് വൈദേകം റിസോർട്ട് മാനേജ്‌മെന്റ് വക്കീൽ നോട്ടീസ് അയച്ചു. ഉന്നയിച്ച ആരോപണങ്ങൾ ഏഴ് ദിവസത്തിനകം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും, അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം.

ഇ.പി. ജയരാജന്റെ സഹോദരീ പുത്രനായ ഇ.പി. ശ്യാംജിത്ത് റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. ജയരാജന്റെ ഭാര്യ ഇന്ദിര വൈദേകം റിസോർട്ടിൽ നിക്ഷേപിച്ച തുക ശശിധരൻ കറുത്തയുടേതാണെന്നായിരുന്നു ശ്യാംജിത്തിന്റെ പ്രധാന ആരോപണം.

എന്നാൽ ഇത് വസ്തുതാവിരുദ്ധവും സ്ഥാപനത്തിന്റെ കീർത്തിക്ക് ഭംഗം വരുത്തുന്നതുമാണെന്ന് വൈദേകം റിസോർട്ട് മാനേജ്‌മെന്റ് വ്യക്തമാക്കി. നോട്ടീസ് അയച്ചതിന്റെ ചെലവുകൾ ഉൾപ്പെടെ ശ്യാംജിത്ത് നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.

ആരോപണങ്ങൾ പിൻവലിച്ച് പ്രമുഖ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വാർത്തയായി വരുന്ന രീതിയിൽ പരസ്യമായി മാപ്പുപറയാൻ ശ്യാംജിത്ത് തയ്യാറാകണമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഏഴ് ദിവസത്തെ സമയപരിധിക്കുള്ളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ക്രിമിനൽ, സിവിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് റിസോർട്ട് അധികൃതരുടെ തീരുമാനം. ഇതോടെ വിഷയം കൂടുതൽ നിയമപോരാട്ടത്തിലേക്ക് വഴിമാറുകയാണ്.

ENGLISH SUMMARY:

The management of Vaidekam Resort, linked to the family of CPM leader E.P. Jayarajan, has initiated legal action against E.P. Syamjith over alleged false financial accusations. Through a lawyer's notice, the resort management demanded that Syamjith unconditionally withdraw his statements and issue a public apology across leading media outlets within seven days. Syamjith, who is Jayarajan's nephew, had stirred controversy by claiming that funds invested in the resort by Jayarajan's wife Indira actually belonged to another individual, Sasidharan Karutha