പാലക്കാട് മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുമക്കളെ കുളിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയുടെ ആൺസുഹൃത്തിനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റംബർ 29-ന് നടന്ന അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിൽ അമ്മയ്ക്ക് പുറമേ മറ്റൊരു വ്യക്തിക്ക് കൂടി നേരിട്ട് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. കസ്റ്റഡിയിലുള്ള ആൺസുഹൃത്തിനെ പൊലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരങ്ങൾ.
കളിക്കുന്നതിനിടെ വീടിന് മുന്നിലെ ടാങ്കിൽ വീണ് മുങ്ങിമരിച്ചതാണെന്ന വ്യാജകഥയായിരുന്നു തുടക്കത്തിൽ പുറത്തുവന്നത്. എന്നാൽ, ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണത്തിലാണ് അമ്മ നിവേദ്യ കുഞ്ഞുങ്ങളെ ആസൂത്രിതമായി വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
സ്വാതന്ത്ര്യത്തോടെ ജീവിക്കാനും മോഡലിങ്ങിനും പഠനത്തിനും കുട്ടികൾ തടസ്സമാണെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിവേദ്യ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ, ഈ മൊഴി മുഖവിലയ്ക്കെടുക്കാതിരുന്ന അന്വേഷണസംഘം മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഉണ്ടോ എന്ന രീതിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
തുടർന്ന് തെളിവെടുപ്പ് വേളയിൽ നിവേദ്യ നൽകിയ നിർണ്ണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനെ വലയിലാക്കിയത്. കുട്ടികളെ കൊലപ്പെടുത്തുന്ന സമയത്ത് ഇയാളുടെ സാന്നിധ്യം സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മേനോൻപാറയിലെ വിജനമായ ഗ്രാമീണ മേഖലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന നിവേദ്യയുടെയും ആൺസുഹൃത്തിന്റെയും നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.