മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം അനുശ്രീ. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുടെ പേജുകളിലടക്കം വിമര്‍ശനവും സൈബര്‍ അറ്റാക്കും തുടരുന്നതിനിടെയാണ് എതിര്‍പ്പുമായി അനുശ്രീ രംഗത്തെത്തിയത്. യുവനേതാക്കള്‍ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അനുശ്രീയുടെ കുറിപ്പ്.
നമ്മളിൽ ഉണ്ടാവുന്ന അതൃപ്തിയും നമ്മൾ ഉയർത്തുന്ന ആക്ഷേപങ്ങളോടും പ്രതികരിക്കേണ്ട ഒരു ഉത്തരവാദിത്തവും ഇല്ലാതിരിക്കെ അതിന് മമ്മൂട്ടി തയ്യാറാവുന്നത് ഇടത് പക്ഷത്ത് നിന്ന് താൻ വെറുക്കപ്പെടരുത് എന്ന ബോധ്യം കൊണ്ടാണെന്ന് അനുശ്രീ പറഞ്ഞു. ഒരു പാർട്ടി മെമ്പറുടെ ബോധ്യത്തോട് കൂടി മമ്മൂട്ടി നമ്മളോട് പ്രതികരിക്കണം എന്ന് ചിന്തിക്കുന്ന സങ്കുചിത ബോധം കൈവെടിയേണ്ടതാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അനുശ്രീ പറഞ്ഞു.
'ഇടതുപക്ഷ പ്രവർത്തകർക്ക് തന്നോടുള്ള നീരസം മനസ്സിലാക്കിത്തന്നെയാകണം അത് പരിഹരിക്കാൻ വേണ്ടി മമ്മൂട്ടി ഇടത് യുവജന നേതാക്കളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത് എന്ന് തന്നെ ഇരിക്കട്ടെ, നമ്മളിൽ ഉണ്ടാവുന്ന അതൃപ്തിയും നമ്മൾ ഉയർത്തുന്ന ആക്ഷേപങ്ങളോടും പ്രതികരിക്കേണ്ട ഒരു ഉത്തരവാദിത്തവും ഇല്ലാതിരിക്കെ തന്നെ അതിന് മമ്മൂട്ടി തയ്യാറാവുന്നത് ഇടത് പക്ഷത്ത് നിന്ന് താൻ വെറുക്കപ്പെടരുത് എന്ന ബോധ്യം കൊണ്ട് തന്നെയാവുമല്ലോ.
വയനാട് വിഷയത്തിലെ തന്റെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ ഇടപെടലിൽ മമ്മൂട്ടി തന്നെ ഖേദം പ്രകടിപ്പിച്ചതാണ്. നേതൃത്വം ആ വിഷയം വിശദീകരിച്ചതുമാണ്. അസ്വസ്ഥതരാകുന്ന പാർട്ടി സഖാക്കൾ ഒന്നോർക്കുക, അസത്യങ്ങളുടെ പുതിയ കാലത്ത് മാധ്യമമേഖലയിൽ നാം പിടിച്ചു നിൽക്കുന്നത് ഒരേ ഒരു കൈരളിയിലൂടെയാണല്ലോ. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഒരു രൂപ ലാഭം പോയിട്ട് പലപ്പോഴും കനത്ത നഷ്ടം സഹിച്ചും ആ മാധ്യമ സ്ഥാപനം നിലനിൽക്കുന്നത് മമ്മൂട്ടിയുടെ കൂടെ ഇടപെടലിന്റെ ഭാഗമായാണ്.
വേണമെങ്കിൽ നമ്മളിൽ ചിലരുടെ അതിര് കടന്ന പ്രതികരണങ്ങൾ കണ്ടപ്പോൾ തന്നെ, ( ഭരണം കൂടി മാറിയ പശ്ചാത്തലത്തിൽ കൈരളിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഇറങ്ങി ഇടത്പക്ഷത്തിനെതിരെ രണ്ട് വരി പറഞ്ഞ് വലതുപക്ഷത്തിന്റെ കയ്യടി വാങ്ങാമായിരുന്നല്ലോ. നിലവിൽ അത് നമുക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന് നമ്മളല്ലേ മനസ്സിലാക്കേണ്ടത്. നിലനിൽപ്പിന് രാഷ്ട്രീയ അഭിപ്രായങ്ങൾ വെല്ലുവിളിയാകുന്ന സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഒരു ലാഭവും മോഹിക്കാതെ നീണ്ട 26 വർഷമായി നമ്മുടെ രാഷ്ട്രീയ ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് നിലകൊള്ളുന്നതും അത്ര ചെറിയ കാര്യമാണെന്ന് ഇപ്പോഴും തോന്നുന്നില്ല.
ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു പാർട്ടി മെമ്പറുടെ ബോധ്യത്തോട് കൂടി മമ്മൂട്ടി നമ്മളോട് പ്രതികരിക്കണം എന്ന് ചിന്തിക്കുന്ന സങ്കുചിത ബോധം കൈവെടിയേണ്ടതാണ്. വ്യക്തിപരമായി ആരോടൊക്കെ സൗഹൃദം കൂടണം എവിടെ പോവണം എന്നതൊക്കെ അദേഹത്തിന്റെ മാത്രം തീരുമാനമാണ്. അതിലൊക്കെ ആശങ്കപ്പെടുന്നത് ഉചിതമാവില്ല. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് പോയ നേതൃത്വമൊക്കെ പാർട്ടി കൂറില്ലാത്തവരാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതിന്റെ അപാകത അൽപ്പമെങ്കിലും തിരിച്ചറിയാൻ ശ്രമിക്കണം.
പാർട്ടി ജില്ലാ സെക്രട്ടറിയോട് ഐക്യപ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് പാർട്ടി വിശദീകരണങ്ങളോട് ഐക്യപ്പെടൽ. മമ്മൂട്ടിയെ കാണാൻ പോവുന്നവരെല്ലാം സഖാവ് റഫീഖിന് എതിരല്ല...! നേതൃത്വത്തെ ന്യായീകരിക്കുന്നവരൊക്കെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണെന്ന ചിന്തകൊണ്ട് എല്ലാവരെയും എല്ലായിപ്പോഴും അളക്കാൻ ദയവ് ചെയ്തു തുനിയരുത്. ഏതെങ്കിലും മഹാനടന്റെ പ്രീതി കിട്ടാനല്ല മറിച്ച്,
പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന യുവ നേതൃത്വങ്ങൾ അകാരണമായി ക്രൂശിക്കപ്പെടരുത് എന്ന ഉറച്ച ബോധ്യം പാർട്ടി ബോധമാണെന്ന തിരിച്ചറിവിൽ ഇത്രയും ഇവിടെ കുറിക്കുന്നു,' അനുശ്രീ കുറിച്ചു.
വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നുവെന്നും സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ചവസാനിപ്പിച്ച ഒരു കാര്യത്തിന്‍റെ പേരിൽ വീണ്ടും വിമർശനമുന്നയിക്കുന്നത് ശരിയല്ലെന്നും എം.വിജിന്‍ എംഎല്‍എ കുറിച്ചു.
'മലയാളത്തിന്‍റെ മഹാനടൻ മമ്മൂക്കയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വം അദ്ദേഹത്തെ കാണാൻ ചെന്നത്. സ്നേഹപൂർവ്വം സ്വീകരിച്ച് ദീർഘനേരം രാഷ്ട്രീയ സാംസ്കാരിക കാര്യങ്ങളിൽ അഭിപ്രായം പറയുകയും അന്വേഷണങ്ങൾ നടത്തുകയുമുണ്ടായി. അദ്ദേഹത്തിന്‍റെ അനുഭവങ്ങൾ മനുഷ്യത്വത്തിന്‍റെ മഹത്തരമായ നിരീക്ഷണങ്ങൾ ജീവിത വീക്ഷണങ്ങൾ എല്ലാം പങ്കു വച്ചു കൊണ്ടായിരുന്നു മമ്മൂക്കയുടെ സംസാരം.
എഴുപത്തഞ്ച് പിന്നിടുന്ന മലയാളത്തിന്‍റെ മഹാപ്രതിഭയോട് തികച്ചും ജനാധിപത്യ പരമായ സംവാദമാണ് ഞങ്ങൾ നടത്തിയത്. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നു. സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ചവസാനിപ്പിച്ച ഒരു കാര്യത്തിന്‍റെ പേരിൽ വീണ്ടും വിമർശനമുന്നയിക്കുന്നത് ശരിയല്ല.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള വ്യക്തികളോട് യോജിച്ചും വിയോജിച്ചും സംവദിച്ചും കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളുമുയർത്തിപ്പിടിച്ചു വേണം നമുക്ക് മുന്നേറാൻ,' വിജിന്‍ കുറിച്ചു.