File image
പൊലീസ് എന്നാല്‍ പുരുഷന്മാരെന്നാണ് നമ്മള് എക്കാലത്തും കരുതുന്നത്. അതിന് മാറ്റമുണ്ടാക്കും എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതിനുള്ള കാര്യമായ ശ്രമമൊന്നും ഉണ്ടായിട്ടില്ല. കേരള പൊലീസിലെ ആകെ അംഗങ്ങളുടെയെണ്ണം 54993 എന്നാണ് കണക്ക്. ഇതില്‍ 4334 വനിതകളെയുള്ളെന്നും കണക്ക് പറയുന്നു. അതായത് ആകെ അംഗസംഖ്യയുടെ 7.5 ശതമാനം മാത്രമാണ് വനിതകളുടെ സാന്നിധ്യം. ഇതിന് മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നിര്‍ണായക തീരുമാനമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭയെടുത്തത്.
സിവില്‍ പൊലീസ് ഓഫീസില്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റില്‍ വനിതകളുടെയെണ്ണം മൂന്നിരിട്ടിയായി വര്‍ധിപ്പിക്കും. അതായത് നിലവില്‍ പത്ത് സിവില്‍ പൊലീസ് ഓഫീസര്‍മാരെ നിയമിക്കുമ്പോള്‍ അതില്‍ 9 എണ്ണം പുരുഷന്മാരും 1 എണ്ണം വനിതയും എന്നതാണ് നിലവിലെ അനുപാതം. ഇനി മുതല്‍ അത് 7 എണ്ണം പുരുഷനും 3 എണ്ണം വനിതയും എന്നാക്കി മാറ്റി.
കേരള പൊലീസില്‍ നിലവില്‍ രണ്ട് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റുള്ളത്. സിവില്‍ പൊലീസ് ഓഫീസറിലേക്കും എസ്.ഐ റാങ്കിലേക്കും. സി.ഐയും ഡിവൈ.എസ്.പിയുമെല്ലാം പ്രൊമോഷന് തസ്തികയും അതിന് മുകളിലുള്ളതെല്ലാം ഐ.പി.എസ് പദവികളുമാണ്.
എസ്.ഐ റാങ്കിലേക്ക് സ്ത്രീക്കും പുരുഷനും ഒറ്റ പരീക്ഷയാണ്. നിയമനത്തിനും പ്രത്യേകം അനുപാതം നോക്കാറില്ല. റാങ്കിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കും. എന്നാല്‍ സിവില്‍ പൊലീസ് ഓഫീസറിലേക്ക് സ്ത്രീക്കും പുരുഷനും പ്രത്യേകം പരീക്ഷയാണ്. അതിലാണ് ഇനി സ്ത്രീകളുടെ ഒഴിവിന്റെ എണ്ണം മൂന്നിരിട്ടിയാക്കി കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേരള പൊലീസിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയാണ് ഈ തീരുമാനത്തിന് പിന്നില്‍. പൊലീസ് ആസ്ഥാനത്തെ ഐ.ജി പദവിയിലുള്ള അട്ടല്ലൂരി പ്രത്യേക ശുപാര്‍ശ തയാറാക്കുകയായിരുന്നു. ഡി.ജി.പി റവാഡാ ചന്ദ്രശേഖര്‍ അത് സര്‍ക്കാരിന് കൈമാറി. പൊലീസിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചത്.
പൊലീസിലെ വനിതകളുടെയെണ്ണം മുപ്പത് ശതമാനമാക്കണമെന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നില്‍. ഉടനടി നടക്കില്ലങ്കില്‍ ഇതേ അനുപാതത്തില്‍ നിയമനം നടന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും കേരള പൊലീസ് പുരുഷന്മാരുടെ മാത്രമല്ല, കരുത്തരായ വനിതകളുടെയും കൂടി സേനയായി മാറും.
പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കാനുള്ള തീരുമാനമെടുത്തപ്പോള്‍ 42 സ്റ്റേഷനുകളില്‍ വനിത എസ്.ഐമാരെ ചുമതലയേല്‍പ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചരിത്രപരമായ തീരുമാനമെടുത്തിരുന്നു. അതേ നിലപാടാണ് സേനയിലാകെ വനിത പൊലീസിന്റെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിന് പിന്നിലും ആഭ്യന്തരമന്ത്രി സ്വീകരിച്ചത്.