2027 മാർച്ച് മുപ്പത് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. അഞ്ച് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാം. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകാനാണ് അനുമതിയുള്ളത്. അടുത്തമാസം തുടങ്ങി രാത്രികാലങ്ങളില്‍ എഴുന്നൂറ് മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുമ്പോള്‍ 270 മെഗാവാട്ട് ലഭ്യത വൈദ്യുതി പ്രതിസന്ധിക്ക് നേരിയ പരിഹാരമാവും. യൂണിറ്റിന് പരമാവധി പത്ത് രൂപയെന്ന കമ്മിഷന്റെ നിബന്ധന പ്രകാരമാണ് വൈദ്യുതി വാങ്ങാനുള്ള അനുമതി. കടുത്ത വൈദ്യുതി പ്രതിസന്ധി സാധ്യത കണക്കിലെടുത്ത് 2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ തള്ളി.
ഹിമാചലിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ലെങ്കിൽ സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു.
നവംബറിൽ രാത്രികാലങ്ങളിൽ 738 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കുമെന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടി സർക്കാരിനെ സമീപിക്കുകയും ചെയ്തു . സെപ്റ്റംബർ മാസത്തെ അധിക ബാധ്യത പരിഹരിക്കാൻ അടുത്ത മാസം യൂണിറ്റിന് നാല് പൈസ നിരക്കിൽ സർചാർജ് ഈടാക്കും
Also read: കാസർകോട് മൈലാട്ടിയിലെ ബെസ് പദ്ധതി വൈകും; കെഎസ്ഇബിക്ക് കടുത്ത സാമ്പത്തിക നഷ്ടം
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാത്രികാല വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. പ്രതിസന്ധി ഒഴിയണമെങ്കിൽ സർക്കാറിന്റെ ഇടപെടൽ വേണം.