• പിഎസ്​സി ചെയർമാന് പ്രതിമാസം 4.40 ലക്ഷം രൂപയും അംഗങ്ങൾക്ക് നാല് ലക്ഷം രൂപയോളവുമാണ് ശമ്പളവും മറ്റ് അലവൻസുകളുമായി ലഭിക്കുന്നത്.

പിഎസ്‍സി ചെയര്‍മാനും ഭരണസമിതിയും പിരിച്ചുവിടല്‍ ഭീഷണി ഉള്‍പ്പടെ കടുത്ത നടപടികളുടെ വക്കിലാണ്. എന്നാല്‍ അതിനെ നിയമപരമായി എതിര്‍ക്കാനാണ് ഭരണസമിതിയുടെയും അവരെ ചുമതലപ്പെടുത്തിയ എല്‍ഡിഎഫിന്‍റെയും തീരുമാനം. കേരളത്തിലെ പിഎസ്‍സി എന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സ്ഥാപനങ്ങളിലൊന്നാണ്. ലക്ഷങ്ങളാണ് ചെയര്‍മാനും അംഗങ്ങളും ശമ്പളമായി കൈപ്പറ്റുന്നത്. 

Also Read: പി.എസ്.സിയിൽ ഭിന്നത രൂക്ഷം; ചെയർമാനെതിരെ പരീക്ഷാ അട്ടിമറി ആരോപണം; മുഖ്യമന്ത്രിക്ക് പരാതി

2025 ഫെബ്രുവരിയില്‍ പിണറായി സര്‍ക്കാരാണ് പിഎസ്‍സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ കൂട്ടിയത്. ചെയര്‍മാനും അംഗങ്ങളും ജില്ലാ ജ‍ഡ്ജിയുടെ പദവിയുള്ളവരാണെന്നും അതിനാല്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിന് ആനുപാതികമായി ഇവരുടെയും കൂട്ടണമെന്നായിരുന്നു ന്യായം പറഞ്ഞത്.

നിലവില്‍ ചെയര്‍മാന്‍റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്. ഇതിന്‍റെ 55 ശതമാനം ക്ഷാമബത്ത ലഭിക്കും. 16 ശതമാനം വീട്ടുവാടക ഇനത്തിലും എഴുതിയെടുക്കാം. പതിനായിരം രൂപ യാത്രാ അലവന്‍സുണ്ട്. അങ്ങിനെ ആകെ 4.40 രൂപയാണ് ഒരു മാസം ചെയര്‍മാന്‍റെ കീശയില്‍ വീഴുന്നത്. ഇതുകൊണ്ടും കഴിയുന്നില്ല. ഔദ്യോഗിക കാറുണ്ട്. പേഴ്സനല്‍ അസിസ്റ്റന്‍റും ഡ്രൈവറും ഡഫേദാറുമടക്കം മൂന്ന് സ്റ്റാഫുകളെ നിയമിക്കാം. ഔദ്യോഗിക വസതിയുമുണ്ട്. ബന്ധുക്കള്‍ക്ക് ഉള്‍പ്പടെ ചികിത്സാ ആനുകൂല്യങ്ങളുമുണ്ട്. 

അംഗങ്ങളുടെ കാര്യത്തിലും കുറവൊന്നുമില്ല. 2,19,090 രൂപയാണ് അടിസ്ഥാന ശമ്പളം. ക്ഷാമബത്തയും വീട്ടുവാടകയും യാത്രാ അലവന്‍സും എല്ലാം ചേര്‍ത്ത് വരുമ്പോള്‍ അംഗങ്ങള്‍ക്കും പ്രതിമാസം നാല് ലക്ഷം രൂപ കയ്യില്‍ കിട്ടും. ഇവര്‍ക്ക് ഔദ്യോഗിക കാര്‍ ഇല്ല. പക്ഷെ ഔദ്യോഗിക യാത്രക്കെല്ലാം യാത്രാപ്പടി എഴുതിയെടുക്കാം. ചികിത്സാ ആനുകൂല്യങ്ങളെല്ലാം കിട്ടും. 

Also Read: ശബരിമല മണ്ഡലകാല തീർഥാടനം; വെർച്വുൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ

പെന്‍ഷനും ഭീമമാണ്. ചെയര്‍മാന് രണ്ടര ലക്ഷം രൂപയാണ് പെന്‍ഷന്‍. അംഗങ്ങള്‍ക്ക് 2.25 ലക്ഷം രൂപയും. ഇത് ആറ് വര്‍ഷമെന്ന മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാകുന്നവര്‍ക്കാണ്. ഒരു വര്‍ഷം പദവിയില്‍ ഇരുന്നാല്‍ പോലും ഒരു ലക്ഷത്തിനടുത്ത് പെന്‍ഷന്‍ ലഭിക്കും. 

​നിലവിലെ ചെയര്‍മാന്‍ എം.ആര്‍.ബൈജു ആദ്യം അഞ്ച് വര്‍ഷം പി.എസ്.സി അംഗവും പിന്നീട് മൂന്നര വര്‍ഷമായി ചെയര്‍മാനുമാണ്. അതുകൊണ്ട് തന്നെ പൂര്‍ണ പെന്‍ഷന്‍ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴുള്ള 15 അംഗങ്ങളും മൂന്ന് വര്‍ഷത്തിലേറെ കാലാവധിയുള്ളവരാണ്. അതിനാല്‍ അവരെയും കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പെന്‍ഷനാണ്. ഇനി പിരിച്ചുവിട്ടാല്‍ പെന്‍ഷന്‍ പോകുമെന്ന് വലിയ ഭയമൊന്നും വേണ്ട. പിരിച്ചുവിട്ടാലും സസ്പെന്‍ഡ് ചെയ്താലും അര്‍ഹമായ പെന്‍ഷന്‍ നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. അതേസമയം പിരിച്ചുവിടുന്ന ഉത്തരവില്‍ പെന്‍ഷന് അര്‍ഹതയില്ലെന്ന് രേഖപ്പെടുത്തിയാല്‍ കിട്ടില്ല.

ENGLISH SUMMARY:

The Kerala Public Service Commission (PSC) chairman and board members are facing potential dismissal proceedings, but they remain entitlement-protected regarding their substantial financial perks. In February 2025, the Pinarayi Vijayan-led government sharply hiked their salaries by equating their posts to judicial officers and district judges. Currently, the PSC chairman receives a total monthly remuneration of around Rs 4.40 lakh, including basic pay, DA, HRA, and travel allowances, along with personal staff, official housing, and vehicle benefits. Board members draw nearly Rs 4 lakh monthly, and even if dismissed or suspended, regulations stipulate that they retain eligibility for hefty monthly pensions unless specifically barred in the termination order.