ഇരുനൂറു രൂപയുമായി മകളുടെ പിറന്നാളിന് മധുരം വാങ്ങാൻ ഇറങ്ങിയ പിതാവിന് ഹെല്മറ്റില്ലാത്തതിനെ തുടര്‍ന്ന് പൊലീസിന്റെ പിഴ 250 രൂപ. എന്നാല്‍ പിഴയൊടുക്കാന്‍ പണം ഇല്ലാതിരുന്ന ആ അച്ഛന്റെ മനസറിഞ്ഞ പൊലീസ് അച്ഛന്റെ പിഴത്തുക കയ്യില്‍ നിന്ന അടയ്ക്കുകയും മകള്‍ക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. കോട്ടയത്ത് ഇന്റര്‍സെപ്റ്റര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.സിജോ രവീന്ദ്രനും സംഘവുമാണ് എരുമേലി സ്വദേശി സുജിത്തിന്റെ മകളുടെ പിറന്നാൾ ആഘോഷം കളറാക്കിയത്.
കഴിഞ്ഞ പതിനാറിന് എരുമേലിയിൽ എരുമേലിക്കും കാഞ്ഞിരപ്പള്ളിക്കുമിടയിൽ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. റിയർ വ്യൂ മിറർ ഇല്ലാത്തതും പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമെറ്റ് ധരിക്കാത്തതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരുചക്രവാഹനം തടഞ്ഞത്. നിയമലംഘനത്തിന് 250 രൂപ പിഴ ചുമത്തി. എന്നാല്‍ വാഹനം ഓടിച്ചയാൾ കടുത്ത നിരാശയിലും വിഷമത്തിലുമായിരുന്നു. കാര്യം തിരക്കിയ ഉദ്യോഗസ്ഥരോട് തനിക്ക് മൂന്നാഴ്ചയായി ജോലിയില്ലെന്നും, കൈവശം ആകെയുള്ള 200 രൂപ മകളുടെ നാലാം പിറന്നാളിന് മിഠായി വാങ്ങാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ജോലിയും പണവുമില്ലാതെ മാനസികമായി ബുദ്ധിമുട്ടുന്ന പിതാവിന്റെ സങ്കടം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പിഴ തുക സ്വന്തം കയ്യില്‍ നിന്ന അടച്ചു. ഒപ്പം അദ്ദേഹത്തെ സഹായിക്കാനും തീരുമാനിച്ചു. തുടർന്ന് എരുമേലി ടൗണിലെ ബേക്കറിയിലെത്തി മകൾ 'വൈഗ'യ്ക്കായി പേരെഴുതിയ പിറന്നാൾ കേക്കും മിഠായികളും ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ വാങ്ങി നൽകി. കൂടാതെ, കുട്ടിക്ക് പുതിയ ഉടുപ്പും സമ്മാനമായി വാങ്ങി. ഒപ്പം കുട്ടിയെ നേരിട്ട് കണ്ട് ആശംസകൾ അറിയിക്കാനായി ഇവർ യുവാവിന്റെ വീട് സന്ദർശിക്കുകയും ചെയ്തു.
പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും വീട്ടിലേക്കു വരുന്നതു കണ്ട് ഒരുവേള അദ്ഭുതപ്പെട്ട കുടുംബത്തെ സമാധാനിപ്പിച്ച്, കുഞ്ഞിനൊപ്പം പിറന്നാൾ കേക്ക് മുറിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ സ്നേഹത്തിന് സമൂഹമാധ്യമങ്ങളിലും വലിയ പ്രശംസയാണ് ലഭിക്കുന്നത്.