കോട്ടയം വൈക്കം ഉദയനാപുരത്ത് മുവാറ്റുപുഴയാറിലും പരിസരത്തും വൻതോതിൽ മാലിന്യം തള്ളുന്നു. സ്വകാര്യ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തും തയാറാകുന്നില്ല. പലയിടങ്ങളിലും മാലിന്യം കുന്നുകൂടിയതോടെ നാട്ടുകാർക്ക് ദുരിതമായി. 

മൂവാറ്റുപുഴയാറിന്‍റെ തീരത്ത് മനക്കേ കലുങ്ക് നാനാടം റോഡരുകിൽ തൈക്കാട്ട്ശ്ശേരിയിലെ സ്വകാര്യ സ്ഥലത്ത്  ലോറിയിൽ എത്തിച്ച  മാലിന്യമാണ് ദിവസങ്ങൾക്കു മുൻപ് തള്ളിയത്.

പുഴയിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യം മഴയിൽ വാഹനം  താഴ്ന്നതോടെ പറമ്പിൽ തള്ളി കടന്നുകളയുകയായിരുന്നു. ഇങ്ങനെ പ്രദേശത്തെ പല സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. ദുർഗന്ധം വമിച്ച് നാട്ടുകാർക്ക് ദുരിതമാണ്.

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം നീക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിലപാട്. രണ്ടാഴ്ചയിലധികമായി രാത്രിയിൽ ഇങ്ങനെ ലോഡ് കണക്കിന് മാലിന്യം മൂവാറ്റുപുഴയാറിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നു. 

ENGLISH SUMMARY:

Vaikom waste dumping issue is causing severe distress among local residents as massive amounts of garbage are illegally dumped near the Muvattupuzha river and private properties in Udayanapuram. The local panchayat authorities have reportedly failed to clear the accumulated waste, leading to heavy environmental pollution and unbearable stench in the area.