കോട്ടയം പൂഞ്ഞാറില്‍ മോഷ്ടാവെന്ന് സംശയിച്ച് കസ്റ്റ‍ഡിയിലെടുത്ത ആദിവാസി യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. ആരോഗ്യപ്രശ്നങ്ങളുണ്ടായ പെരിങ്ങുളം സ്വദേശി അഭിലാഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മര്‍ദിച്ചിട്ടില്ലെന്നും മദ്യലഹരിയില്‍ യുവാവ് ബഹളം വച്ചെന്നുമാണ് പൊലീസ് വിശദീകരണം .

ഉരുള്‍പൊട്ടല്‍ നാശമുണ്ടായ പെരിങ്ങുളം മേഖലയിലെ വൈദ്യുതി കമ്പി മോഷണം പോയെന്ന കെഎസ്ഇബിയുടെ പരാതിയിലാണ് കെഎസ്ഇബിയിലെ കരാർ ജീവനക്കാരനായ പെരിങ്ങുളം പൂവത്തിങ്കല്‍ പിആര്‍ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്ന് പിടികൂടിയപ്പോള്‍ അടിവസ്ത്രം പോലും ധരിക്കാന്‍ അനുവദിച്ചില്ല. സ്വകാര്യവാഹനത്തിലും പൊലീസ് വാഹനത്തിലുമിട്ട് അഭിലാഷിനെ മര്‍ദിച്ചെന്നാണ്  സഹോദരന്‍ ടിടി വിനീഷ് പറയുന്നത്.

അഭിലാഷിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചെങ്കിലും പിന്നീട് ആരോഗ്യപ്രശ്നങ്ങളുണ്ടായി. അഭിലാഷ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ചിരുന്ന അഭിലാഷിനെ പൊലീസ് സ്ക്വാ‍ഡ് കസ്റ്റഡിയിലെടുത്ത് ഈരാറ്റുപേട്ട പൊലീസിന് കൈമാറിയതാണെന്നും വൈദ്യപരിശോധന നടത്തിയതാണെന്നും പാലാ ഡിവൈഎസ്പിയുടെ വിശദീകരണം. 

 

KSEB Wire Theft Suspicion Leads to Police Custody Controversy: