കോട്ടയം പാമ്പാടിയില്‍ രണ്ടു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിന്റെ മറ്റൊരു കാരണം റോഡിന്റെ വീതി കുറവാണ്. ഇരുപത്തിമൂന്നു വര്‍ഷം മുന്‍പ് ദേശീയപാതയെന്ന് പേരിട്ടതാണെങ്കിലും പഞ്ചായത്ത് റോഡിന്റെ വീതിമാത്രമാണ് ചിലയിടങ്ങളില്‍ കോട്ടയം കുമളി റോഡിനുളളത്.
2003 ഓഗസ്റ്റ് 25 നാണ് സംസ്ഥാനപാത 13 എന്ന കോട്ടയം കുമളി റോഡിനെ ദേശീയപാതവിഭാഗം ഏറ്റെടുത്തത്. കൊല്ലം തേനി എന്‍എച്ച് 220 എന്നായിരുന്നു ആദ്യപേര്. 2017 ഏപ്രില്‍ 17 ന് കൊല്ലം ഡിണ്ടിഗല്‍ ദേശീയപാത 183 ആയി പുനര്‍നാമകരണം ചെയ്തു. ഇങ്ങനെ പേര് പലതുണ്ടായെങ്കിലും പഞ്ചായത്ത് റോഡിന്റെ വീതിപോലുമില്ല ഈ ദേശീയപാതയ്ക്ക്.
കോട്ടയം മുതല്‍ വാഴൂര്‍ ചെങ്കല്‍ വരെയുളള മുപ്പതു കിലോമീറ്ററില്‍ വീതി കുറവാണ്. ശബരിമല തീര്‍ഥാടകരുടെ തിരക്കുളള റോഡ്. ബസുകള്‍ ഓടിയെത്താനുളള സമയത്തില്‍ മാറ്റം വരുത്തണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ദേശീയപാതയായിട്ട് 23 വര്‍ഷമായിട്ടും റോഡിന് വീതി കൂട്ടാന്‍ ജനപ്രതിനിധികളും ഇടപെടുന്നില്ല. പത്തുമീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യാന്‍ 150 കോടി രൂപയുടെ പദ്ധതിയുണ്ടെന്ന് കേട്ടിട്ട് കുറെ നാളായി. റോഡുവശത്തെ കാടുവെട്ടിത്തെളിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ചുരുക്കം.