മാലിന്യത്താല്‍ ശ്വാസംമുട്ടിയ മൂവാറ്റുപുഴയാറിന് ജീവനേകാന്‍ കോട്ടയം ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഇടപെടല്‍. ഇരുപതുപേരടങ്ങുന്ന പടിഞ്ഞാറേക്കര പുഴ സംരക്ഷണസേന, പുഴയിലെ മാലിന്യം നീക്കം ചെയ്ത് തെളിനീരൊഴുക്കുകയാണ്. അവധി ദിവസങ്ങളിലൊക്കെയാണ് എല്ലാവരും ചേര്‍ന്നുളള പുഴ ശുചീകരണം.
സൂര്യശോഭയോടെ ഒഴുകണം പുഴ. അതിനായി കുറെ മനുഷ്യരുടെ അധ്വാനം. നാടിന്റെ ജീവനാഡിയായ മൂവാറ്റുപുഴയാറിനെയും കൈവഴികളെയും പ്ളാസ്റ്റിക് മാലിന്യത്തില്‍ നിന്ന് വീണ്ടെടുക്കുകയാണ്. ഉദയാനാപുരം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ പടിഞ്ഞാറേക്കര പുഴ സംരക്ഷണസേന ഇരുപതുപേരുമായി തുടങ്ങിവച്ച പ്രവര്‍ത്തനമാണ് നാടൊന്നാകെ ഏറ്റെടുത്തത്. യാതൊരു പ്രതിഫലവും വാങ്ങാതെ വളളത്തിലും ചെറിയ ബോട്ടുകളിലുമായി യാത്ര ചെയ്താണ് മാലിന്യം നീക്കം ചെയ്യുന്നത്.
പ്ളാസ്റ്റിക് കവറുകളും, കുപ്പികളും, ആശുപത്രി മാലിന്യങ്ങള്‍ വരെയും പുഴയിലുണ്ട്. പലഘട്ടങ്ങളിലായി അഞ്ചു കിലോമീറ്റര്‍ ദൂരത്തിലെ മാലിന്യം നീക്കം ചെയ്തു. ബോധവല്‍ക്കരവും ഇതിനൊപ്പമുണ്ട്.
പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ഹരിത കർമസേനയ്ക്കാണ് കൈമാറുന്നത്. ഉദയനാപുരം പഞ്ചായത്തിലെ പതിനെട്ടില്‍ പതിനഞ്ചു വാര്‍ഡുകളും മൂവാറ്റുപുഴയാറിന്റെ ഭാഗമാണ്. പുഴയെ വീണ്ടെടുക്കാനുളള കൂട്ടായ്മയെ മറ്റിടങ്ങളിലേക്കും എത്തിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.