സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണ. ഫോര്‍ട്ട് കൊച്ചിയെ കുറിച്ച് വിദ്വേഷ പ്രചരണം നടത്തിയ യൂട്യൂബറുടെ വിഡിയോ പിന്തുണച്ച് കമന്റ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെയാണ് ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്ക്കാനൊരുങ്ങുന്നത്.
'നിങ്ങൾ എത്രത്തോളം സത്യസന്ധരും ദയയുള്ളവരും നല്ല മനസ്സുള്ളവരുമായിരുന്നാലും, ചിലർക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ നിങ്ങളെ തകർത്തുകളയാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് ബന്ധങ്ങൾ പോലും തകർത്തേക്കാം.
കുറച്ചുകാലത്തേക്ക് ഇൻസ്റ്റഗ്രാമിനോട് വിടപറയുകയാണ്. ഈ നെഗറ്റിവിറ്റിയിൽ നിന്ന് മനസ്സിനെ മോചിപ്പിക്കേണ്ടതുണ്ട്. ഇതുവരെ എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി. നിങ്ങളോടുള്ള കടപ്പാട് എന്നും എന്റെ മനസ്സിലുണ്ടാകും!, വിട,' ദിയ കുറിച്ചു.
ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അമൃത് സിങ് ഡാരന്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്നും, കേരളത്തിൽ മതം പ്രചരിപ്പിക്കാൻ സർക്കാർ ഗൾഫ് പണം വാങ്ങുന്നുവെന്നും ഇയാൾ ആരോപിച്ചിരുന്നു. ‘ഇസ്ലാം പ്രചരിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനവും മുസ്ലിംകള്, അവിടെ മറ്റെല്ലാവരും പേടിച്ച് ജീവിക്കുന്നു, ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ വില്‍ക്കുന്നത് മുഴുവന്‍ ബീഫ് വിഭവങ്ങള്‍...’ ഇങ്ങനെ കേരളത്തെക്കുറിച്ചും ഫോര്‍ട്ട് കൊച്ചിയെക്കുറിച്ചും നട്ടാല്‍ കിളിര്‍ക്കാത്ത നുണയാണ് തന്റെ വിഡിയോയിലൂടെ യൂട്യൂബര്‍ പ്രചരിപ്പിച്ചത്.
Also Read: ‘കേരളം അപകടത്തില്‍, രക്ഷിക്കൂ’; വര്‍ഗീയവിഷം വിതറി യൂട്യൂബര്‍; പിന്തുണച്ച ദിയ കൃഷ്ണ എയറില്‍!
വിഡിയോയ്ക്ക് താഴെ ‘സങ്കടകരമായ യാഥാര്‍ഥ്യം’ (Sad Reality) എന്നാണ് ദിയ കൃഷ്ണ കമന്റിട്ടത്. ഇതിന് പിന്നാലെ കമന്റിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദിയയെ എയറിലാക്കി. സംഗതി കൈവിട്ടതോടെ ആദ്യം മാധ്യമങ്ങളെ പഴിപറഞ്ഞ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ട ദിയ ഉച്ചയോടെ നേരിട്ട് വിഡിയോ പോസ്റ്റ് ചെയ്ത് ക്ഷമ ചോദിച്ചിരുന്നു. വിഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് പോസ്റ്റിട്ടതെന്നാണ് ദിയ പറയുന്നത്. മുസ്ലിംകളെ അപമാനിക്കുന്നത് രണ്ടാംഭാഗത്താണെന്നും അത് കണ്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.
അതേസമയം അമൃത് സിങ് ഡാരനെതിരെ പൊലീസ് കേസെടുത്തു. പരാമർശങ്ങൾ മതവിഭാഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും വിദ്വേഷവും വളർത്താനും പൊതുസമാധാനത്തിന് ഭംഗം വരുത്താനും ഇടയാക്കുമെന്നാരോപിച്ചാണ് പൊലീസിൽ പരാതി ലഭിച്ചത്. തുടർന്നാണ് വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തി, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.