diya-krishna-amrutha-singh-daran

ഫോര്‍ട്ട് കൊച്ചിയെയും കേരളത്തെയും കേരളത്തിലെ മുസ്‍ലിംകളെയും അപമാനിച്ച് വിഡിയോ പോസ്റ്റിട്ട ഉത്തരേന്ത്യന്‍ വ്ലോഗറെ പിന്തുണച്ചതിന് ക്ഷമ ചോദിച്ച് ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണ. ഫോര്‍ട്ട് കൊച്ചി മുഴുവന്‍ മുസ്‍ലിംകളാണ്, അവിടെ മറ്റെല്ലാവരും പേടിച്ച് ജീവിക്കുന്നു, കേരളത്തില്‍ ഇസ്‍ലാം മതം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ഗള്‍ഫില്‍ നിന്ന് പണം വാങ്ങുന്നു തുടങ്ങി അത്യന്തം വിദ്വേഷകരമായ ഉള്ളടക്കമുള്ള വിഡിയോയ്ക്ക് താഴെയാണ് ‘സങ്കടകരമായ യാഥാര്‍ഥ്യം’ (Sad Reality) എന്ന് ദിയ കൃഷ്ണ കമന്‍റിട്ടത്. ഇതിന് പിന്നാലെ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദിയയെ എയറിലാക്കി. സംഗതി കൈവിട്ടതോടെ ആദ്യം മാധ്യമങ്ങളെ പഴിപറഞ്ഞ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ട ദിയ ഉച്ചയോടെ നേരിട്ട് വിഡിയോ പോസ്റ്റ് ചെയ്തു.

amrit-singh-darren

ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ അമൃത് സിങ് ഡാരന്‍ എന്ന വ്ലോഗര്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് പോസ്റ്റിട്ടതെന്നാണ് ദിയ പറയുന്നത്. മുസ്‍ലിംകളെ അപമാനിക്കുന്നത് രണ്ടാംഭാഗത്താണെന്നും അത് കണ്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ആദ്യഭാഗത്ത് വര്‍ക്കലയിലെ കാശി കഫേയില്‍ ഗാന്ധിജിക്കൊപ്പം ജിന്നയുടെ പടം വച്ചതായി പറയുന്നുണ്ടെന്നും അത് കണ്ടപ്പോഴാണ് അനുകൂലിച്ച് കമന്‍റ് ചെയ്തതെന്നും ദിയ കൃഷ്ണ പറയുന്നു. എന്നാല്‍ ഇതടക്കം ദിയയുടെ പ്രതികരണ വിഡിയോയില്‍ നിറയെ തെറ്റും അബദ്ധങ്ങളുമാണ്. അമൃത് സിങ് ഡാരന്‍ പറയുന്ന കാശി ആര്‍ട്ട് കഫേ ഫോര്‍ട്ട് കൊച്ചിയിലാണ്. അവിടത്തെ ഇന്‍സ്റ്റലേഷനിലാണ് ഗാന്ധിജിക്കൊപ്പം ജിന്നയും ഉണ്ടെന്ന് ഡാരന്‍ പറയുന്നത്. അതും ഒരു ഫോട്ടോ മാത്രം വച്ചുള്ള അവകാശവാദം.

Also Read: ‘കേരളം അപകടത്തില്‍, രക്ഷിക്കൂ’; വര്‍ഗീയവിഷം വിതറി യൂട്യൂബര്‍; പിന്തുണച്ച ദിയ കൃഷ്ണ എയറില്‍!

ദിയ ഇപ്പോള്‍ പറയുന്നത് ഇങ്ങനെ: ‘നമ്മുടെ ഈ കേരളത്തിനകത്ത് പാകിസ്ഥാൻ പ്രൈം മിനിസ്റ്റർ* ആയ ജിന്നയുടെ തല എന്തിനാണ് വയ്ക്കുന്നത് എന്നുള്ളതായിരുന്നു ആ ഫസ്റ്റ് ഹാഫ് വീഡിയോയ്ക്കകത്ത് പുള്ളി സംസാരിച്ചിരിക്കുന്നത്. അതിനകത്ത് മഹാത്മാഗാന്ധിയുടെ തല വെച്ചാൽ ഓക്കെ, ഫാദർ ഓഫ് ദി നേഷൻ. അല്ലെങ്കിൽ ജവഹർലാൽ നെഹ്റു സാറിന്റെ ഫോട്ടോ വെച്ചാൽ മനസ്സിലാക്കാം. പക്ഷേ ജിന്നയുടെ പടം എന്തിനാണ് വെച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ഈ ജിന്നയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് മൂഡ് പോയിട്ടാണ് ഞാൻ ‘സാഡ് റിയാലിറ്റി’ എന്ന് ഇട്ടത്.’ (*മുഹമ്മദലി ജിന്ന ഒരിക്കലും പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രി ആയിട്ടില്ല.)

‘കേരളത്തിൽ ഒരു ഹിന്ദു-മുസ്ലിം അല്ലെങ്കിൽ ഒരു ഹിന്ദു-ക്രിസ്ത്യൻ പ്രശ്നം വന്നാൽ അതിന്റെ ഒത്ത നടുക്ക് ഞാൻ അല്ലെങ്കിൽ എന്റെ അച്ഛൻ ഉണ്ടാവും. എങ്ങനെയെങ്കിലും ഞങ്ങളെ അതില്‍ പിടിച്ചിടുന്നത് ഇപ്പോള്‍ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ഇറ്റ്സ് ക്വയറ്റ് സാഡ് ആക്ച്വലി, ഇറ്റ്സ് എ വെരി വെരി സാഡ് റിയാലിറ്റി.’ ദിയ സങ്കടപ്പെടുന്നു. 

kashi-art-cafe-menu

ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ അമൃത് സിങ് ഡാരന്‍ ഇടുന്ന വിഡിയോകള്‍ ഇഷ്ടമാണെന്ന് ദിയ പറഞ്ഞു. (കടുത്ത മുസ്‍ലിം വിരുദ്ധതയും വര്‍ഗീയ വിദ്വേഷവും പ്രചരിപ്പിക്കുന്ന വിഡിയോകളാണ് അമൃത് സിങ് ഡാരന്‍ പോസ്റ്റ് ചെയ്യാറുള്ളത്.) കേരളത്തിലുള്ള മുസ്‍ലിംകള്‍ക്ക് തന്നോട് ഇഷ്ടവും ആരാധനയും ഉള്ളവരാണെന്ന് ദിയ പറയുന്നു. പോകുന്നിടത്തെല്ലാം തന്‍റെ കൂടെനിന്ന് സെല്‍ഫി എടുക്കുന്നത് മുസ്‍ലിംകള്‍, പ്രത്യേകിച്ച് മുസ്‍ലിം പെണ്‍കുട്ടികള്‍ ആണെന്നും അച്ഛന്‍റെയും അമ്മയുടെയും ചേച്ചിയുടെയും ഒക്കെ ബെസ്റ്റ് ഫ്രണ്ട്സ് മുസ്‍ലിംകള്‍ ആണെന്നും അവര്‍ അവകാശപ്പെട്ടു. അങ്ങനെയുള്ള താന്‍ മുസ്‍ലിംകളെ വെറുക്കുകയോ കേരളത്തിലുള്ള മുസ്‍ലിംകള്‍ എല്ലാം ഇറങ്ങിപ്പോകണമെന്ന് പറയുകയോ ചെയ്യില്ലെന്നും ദിയ വിഡിയോയില്‍ പറയുന്നു.

‘അമൃത് സിങ് ഡാരന്‍റെ വീഡിയോ മുഴുവന്‍ കാണാതെ ആദ്യപകുതി മാത്രം നോക്കി കമന്റ് ഇട്ടത് എന്റെ തെറ്റ്, അതിന് ഞാന്‍ മാപ്പുപറയുന്നു. ആ ഒരു തെറ്റ് കാരണം എന്നെപ്പറ്റി തെറ്റായി എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ ഐ ആം റിയലി സോറി ഫോർ ദാറ്റ്. എനിക്ക് ഒരു മതത്തോടും വെറുപ്പോ വിയോജിപ്പോ ഇല്ല. ഓഫ്കോഴ്സ് ഞാൻ ഹിന്ദുവാണ്, എനിക്ക് എന്റെ റിലിജിയൻ ഇഷ്ടമാണ്. അത് പറയുന്നതിൽ എനിക്ക് ഒരു നാണക്കേടുമില്ല. എന്നും എന്റെ റിലീജിയൻ തന്നെയാണ് എനിക്കിഷ്ടം. പക്ഷേ എനിക്ക് വേറെ ഒരു മതത്തോടും ഒരു എതിർപ്പുമില്ല.’ – ദിയ പറഞ്ഞു. 

diya-krishna-insta-story

വിവാദം ഉണ്ടായശേഷം ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയും പുറത്തുപറയാന്‍ പറ്റാത്ത രീതിയില്‍ മുസ്‍ലിം ആണുങ്ങളും പെണ്ണുങ്ങളും തനിക്ക് മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും ദിയ ആരോപിച്ചു. മാധ്യമങ്ങള്‍ക്കും യൂട്യൂബര്‍മാര്‍ക്കും നെഗറ്റിവിറ്റി മാത്രമാണ് താല്‍പര്യം. ഒരാള്‍ക്ക് വീടുവച്ച് കൊടുത്താലോ അനാഥാലയത്തില്‍ ഭക്ഷണവും വസ്ത്രങ്ങളും കൊടുത്താലോ ആരും വാര്‍ത്തയാക്കില്ല. നല്ലൊരു ‘ഓറ’യില്‍ പോസിറ്റിവ് ആയിരിക്കുന്ന ഒരാളെ എങ്ങനെ നശിപ്പിക്കാം എന്നാണ് എല്ലാവരുടെയും ചിന്ത. ആ ലോകത്തേക്ക് ചെന്നുവീഴരുതെന്ന് ദിയ ഫോളോവേഴ്സിനോട് അഭ്യര്‍ഥിച്ചു.

‘എന്‍റെ മനസമാധാനത്തിനുവേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ബിക്കോസ്, എന്നെ സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഞാൻ ആരാണ്, എന്താണ് എന്നത് അറിയണം. ഇതുപോലത്തെ തെറ്റായി കാര്യങ്ങളില്‍ എന്നെ പിടിച്ചിടാതിരിക്കുക, അപേക്ഷയാണ്. എങ്ങനെയോ ആണ് ഉറക്കം പോലും കിട്ടാതെ, ഒരു വയസ്സുള്ള കുഞ്ഞിനെയും നോക്കി ഞാൻ എന്റെ ബിസിനസ്സും നോക്കി ഞാൻ ഇങ്ങനെ ജീവിച്ചു പോവുന്നത്. എന്നെപ്പറ്റി തെറ്റായി എന്തെങ്കിലും കണ്ടാല്‍ അത് ആഘോഷിക്കുന്നത് മനസിലാകും. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ച് വേണം ഓരോന്ന് പറയാന്‍. എനിക്ക് പറ്റിയ ഒരു പിഴവു ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്‍റെ മാത്രം തെറ്റാണ്.’ – ദിയ പറഞ്ഞുനിര്‍ത്തി. 

ENGLISH SUMMARY:

Influencer Diya Krishna has issued a detailed clarification following severe backlash over her controversial comment supporting an out-of-state vlogger's communally-charged video about Kerala. Diya explained that she only watched the first portion of the video featuring a Kochi cafe displaying portraits of Pakistan's founder Muhammad Ali Jinnah alongside Mahatma Gandhi, prompting her 'sad reality' remark. Emphasizing that she holds no hatred toward Muslims and shares close personal and familial bonds with the community, she apologized for reacting without watching the full clip. Furthermore, she criticized media outlets and online creators for sensationalizing the issue and trying to tear her down without seeking proper context.