ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസില്‍ വൻ തീപിടിത്തം. കോഡർ ഹൗസ് ഇപ്പോള്‍ ഹോട്ടലായാണ് പ്രവർത്തിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴേകാലോടെയാണ് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് പടർന്നതോടെ മുകളിലെ നില കത്തിനശിച്ചു. കോഡര്‍ ഹൗസിലെ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണ്. തീപടര്‍ന്നതോടെ താമസക്കാരെ വേഗം ഒഴിപ്പിക്കാനായി. ഹോട്ടലിന് മുന്നിലെ മരത്തിലേക്കും തീ പടർന്നു. മട്ടാഞ്ചേരിയിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനം നടത്തി. Also Read: ലഹരിക്കടത്ത് ശൃംഖലയുടെ പ്രധാനകണ്ണി; പിടിച്ചെടുത്തത് കോടികള്‍, ‘മാഫിയ ക്വീൻ’ അറസ്റ്റിൽ
നിലവിൽ തീ നിയന്ത്രണവിധേയമാണെങ്കിലും പൂർണമായി അണയ്ക്കാനായിട്ടില്ല. നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും അഗ്നിരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികളും തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക നിഗമനം.
1808ൽ നിർമിച്ചതായി കരുതപ്പെടുന്ന കോഡർ ഹൗസ് ഫോർട്ട് കൊച്ചിയിലെ പ്രധാന പൈതൃക കെട്ടിടങ്ങളിലൊന്നാണ്. ടവർ റോഡിൽ വാസ്കോ ഡ ഗാമ സ്ക്വയറിനും ചൈനീസ് വലകൾക്കും സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിൽ ഹോട്ടലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് കൊച്ചിയുടെ ജൂത പാരമ്പര്യവുമായി അടുത്ത ബന്ധമുണ്ട്.
കൊച്ചിയിലെ പ്രമുഖ ജൂത കുടുംബമായിരുന്ന കോഡർ കുടുംബത്തിന്റെ വാസസ്ഥലമായിരുന്നു ചുവന്ന ഇഷ്ടികയിൽ നിർമിച്ച ഈ മാളിക. കൊച്ചിൻ ഇലക്ട്രിക് കമ്പനി നടത്തിപ്പുകാരനും പരദേശി സിനഗോഗിന്റെ വാർഡനുമായിരുന്ന എസ്.എസ്. കോഡർ ഉൾപ്പെടെയുള്ള പ്രമുഖർ ഇവിടെ താമസിച്ചിരുന്നു.
ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ആദ്യമായി വൈദ്യുതി എത്തിച്ച ‘കൊച്ചിൻ ഇലക്ട്രിക് കമ്പനി’ക്ക് തുടക്കമിട്ടത് സാമുവൽ എസ്. കോഡറായിരുന്നു. വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രമുഖരും ഗവർണർമാരും രാഷ്ട്രീയ നേതാക്കളും കൊച്ചി സന്ദർശിച്ചപ്പോൾ കോഡർ ഹൗസിൽ ആതിഥ്യം സ്വീകരിച്ചിരുന്നതായും രേഖകളുണ്ട്. ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ഇപ്പോൾ തീപിടിത്തമുണ്ടായത്.