diya-krishna-oh-by-ozy

‘ഓ ബൈ ഓസി’യിൽ നിന്നും ലക്ഷക്കണക്കിന് രൂപ കവർന്ന കേസിലെ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്ഥാപന ഉടമ ദിയ കൃഷ്ണ. കേസിലെ പ്രതികളിലൊരാളുടെ വിവാഹം കഴിഞ്ഞെന്നും തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നുമാണ് ദിയ പറഞ്ഞത്. അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള പുതിയ വിഡിയോയിലാണ് കേസില്‍പ്പെട്ട മുന്‍ജീവനക്കാരികളില്‍ ഒരാളായ ദിവ്യയുടെ വിവാഹത്തെയും വിദേശയാത്രയെയും കുറിച്ചുള്ള പരിഹാസരൂപേണയുള്ള തുറന്നുപറച്ചില്‍. 

ഇത്രയും വലിയൊരു സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ടവരുടെ പാസ്‌പോർട്ട് പൊലീസ് കണ്ടുകെട്ടാതിരുന്നതിലെ അമ്പരപ്പും താരം പ്രകടിപ്പിച്ചു. തട്ടിപ്പ് നടത്തിയിട്ടും യാതൊരു ഭയവുമില്ലാതെ വിദേശത്ത് കറങ്ങി നടക്കുന്നത് നിരാശയുണ്ടാക്കുന്നുവെന്നും ദിയ പറഞ്ഞു. 'നിന്‍റെ കാശിന് ഒരാളുടെ കല്യാണം നടന്നല്ലോ എന്നോര്‍ത്ത് സന്തോഷിക്കാലോ' എന്ന അമ്മ സിന്ധു കൃഷ്ണയുടെ പരിഹാസത്തിന് 'കല്യാണം മാത്രമല്ല, ഹണിമൂണും നടന്നു, ഇനി കുഞ്ഞുണ്ടായാല്‍ അതിന്‍റെ ഇരുപത്തിയെട്ടും എന്‍റെ വക തന്നെ'യെന്നാണ് താരം മറുപടി പറഞ്ഞത്. 

ദിയയുടെ വാക്കുകളിങ്ങനെ: 'ലുലുമാളില്‍ പോയപ്പോഴാണ് ഈ വാര്‍ത്ത അറിയുന്നത്. ഓ ബൈ ഓസിയിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ജയിലിൽ പോയ മൂന്നുപേരില്‍ ഒരാളുടെ കല്യാണമായി. അത് മാത്രമല്ല ആൾ അടിച്ച് പൊളിച്ച് നടക്കുകയാണ്. ഇപ്പോൾ തായ്‌ലൻഡിലാണെന്ന് അറിയാൻ കഴിഞ്ഞു. ഇവരുടെ ഒന്നും പാസ്പോർട്ട് എന്താണ് പൊലീസ് പിടിച്ച് വെക്കാത്തതെന്ന് അറിയില്ല. ദിവ്യ എന്നയാളാണ് തായ്‌ലൻഡിൽ കറങ്ങാൻ പോയത്. ഇതെല്ലാം കേട്ടപ്പോൾ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. കേസിൽ പെട്ടാൽ പാസ്പോർട്ട് വാങ്ങിച്ച് വയ്ക്കില്ലേ?. എനിക്ക് ഇതേ കുറിച്ച് കൃത്യമായി അറിയില്ല. അങ്ങനെയല്ലേ പൊതുവേ?. നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് കറങ്ങി നടക്കാമോ? അത് ഒരു നിരാശജനകമായ കാര്യമാണ്. ഇത്രയും പറ്റിപ്പ് നടത്തി പണവും പറ്റിച്ച് പുറത്തിറങ്ങാൻ പറ്റാത്തവർ ഇപ്പോൾ തായ്‌ലൻഡിൽ കറങ്ങി നടക്കുന്നു'.

വിഡിയോ ഉടനടി വൈറലായി. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തുടര്‍നടപടികളുമായി മുന്നോട്ട് പോകണമെന്നും ആരാധകര്‍ കുറിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ പണമായതിനാൽ കേസ് ഒരിക്കലും ഉപേക്ഷിക്കരുതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഗർഭകാലത്ത് വലിയ മാനസിക സമ്മർദ്ദവും പീഡനവും നൽകിയവർ യാതൊരു പ്രശ്നവുമില്ലാതെ സ്വതന്ത്രമായി ജീവിക്കുന്നത് ശരിയല്ലെന്നും ചെയ്ത തെറ്റിന് അവർ ശിക്ഷിക്കപ്പെടണമെന്നും ആരാധകർ ദിയയെ ഓർമ്മിപ്പിച്ചു.

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ഓ ബൈ ഓസി' എന്ന വസ്ത്രസ്ഥാപനത്തിൽ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ചേർന്ന് സ്ഥാപനത്തിന്റെ ക്യുആർ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്യുആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്നുള്ള പണം തട്ടിയെടുത്തതാണ് സംഭവം.

ENGLISH SUMMARY:

Diya Krishna, owner of the fashion label 'O by Ossi', has publicly revealed that one of the prime accused in a major financial fraud case involving her boutique is currently enjoying a honeymoon in Thailand. and the video goes viral on socialmedia.