Image: X, @wilson__thomas
ലഹരി ഉത്പന്നങ്ങള്‍ കടത്തിയ സംഘത്തെ ജീവന്‍ പണയംവച്ച് പിടികൂടിയ ഹെഡ് കോണ്‍സ്റ്റബിള്‍ സോഷ്യല്‍മീഡിയയിലും സ്റ്റാറായി. തമിഴ്നാട് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വേല്‍മുരുകനാണ് വീരോചിതമായ പ്രവൃത്തിയിലൂടെ ഡിപ്പാര്‍ട്ട്മെന്റിലും ജനങ്ങള്‍ക്കിടെയിലും സ്റ്റാറായി മാറിയത്. ഏകദേശം 40കിലോമീറ്ററോളം ദൂരം പ്രതികള്‍ക്കൊപ്പം കാറിന്റെ മുകളില്‍ സഞ്ചരിച്ചാണ് വന്‍ ലഹരിസംഘത്തെ പിടികൂടിയിരിക്കുന്നത്.
കോയമ്പത്തൂരിനു സമീപം പൊലീസ് നടത്തുന്ന പതിവുവാഹന പരിശോധനക്കിടെയാണ് സംഭവം. സംശയം തോന്നി നിര്‍ത്തിച്ച കാറിന്റെ പിന്‍സീറ്റില്‍ ചാക്കുകള്‍ അടുക്കിവച്ചത് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ശ്രദ്ധിച്ചു. പരിശോധനക്കായി അടുത്തേക്ക് നീങ്ങിയതോടെ കാറിലുണ്ടായിരുന്ന മൂന്നംഗസംഘം പൊലീസിനെ തള്ളിമാറ്റി കാറിന്റെ ഡോറുകളടച്ച് അതിവേഗം പാഞ്ഞുപോകാനായി ശ്രമിച്ചു. അപകടം മനസിലാക്കിയ ഹെഡ് കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്‍ ഉടന്‍ തന്നെ കാറിന്റെ മുകളിലേക്ക് ചാടിക്കയറി ബോണറ്റിലും മേല്‍ക്കൂരയിലുമായി പിടിച്ചുനിന്നു.
തിരക്കേറിയ പാതകളിലൂടെയും ടോൾ പ്ലാസയിലൂടെയും കാർ അതിവേഗത്തിൽ പഞ്ഞു. ഫാസ്‌ടാഗ് ഉപയോഗിച്ച് ടോൾ അടച്ച ശേഷമാണ് സംഘം ടോൾ പ്ലാസ കടന്നുപോയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസുകാരന്റെ ദൃശ്യങ്ങൾ പിന്നാലെ വന്ന യാത്രക്കാർ മൊബൈൽ ഫോണുകളിൽ പകർത്തി. ഇതോടെ തിരുപ്പൂരിലെ പൊലീസും ആംബുലൻസ് സംഘങ്ങളും വഴിയിൽ തടസങ്ങൾ സൃഷ്ടിച്ച് കാറിനെ വളഞ്ഞു. ഒടുവിൽ 40 കിലോമീറ്ററോളം നീണ്ട സിനിമാറ്റിക് ചേസിങ്ങിനൊടുവില്‍ വാഹനം തടഞ്ഞുനിര്‍ത്തി സംഘത്തെ പിടികൂടി.
കോയമ്പത്തൂരിലേക്ക് നിരോധിത പുകയില കടത്താന്‍ ശ്രമിച്ച മൂന്നുപേരാണ് പിടിയിലായത്. ബാബു ധര (27), രാജേഷ് (23), സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. 300 കിലോയോളം ഗുഡ്കയും മറ്റ് പുകയില ഉൽപ്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് വിതരണത്തിനായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിക്കുന്നു. അതിസാഹസികമായി പ്രതികളെ പിടികൂടിയ പൊലീസുകാരന് നിറഞ്ഞ കയ്യടിയാണ് എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നത്.